Web Desk

കൊച്ചി

March 28, 2020, 4:54 pm

കോവിഡ് 19 ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം കബറടക്കി — വീഡിയോ

Janayugom Online

കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം കബറടക്കി. കര്‍ശന വ്യവസ്ഥകളോടെ ചുള്ളിക്കൽ കച്ചി അനഫി മസ്ജിദിലാണ് മൃതദേഹം കബറടക്കിയത്. മട്ടാഞ്ചേരി ചുള്ളിക്കൽ സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. കൊവിഡ് 19 പ്രോട്ടോകോൾ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. അടുത്ത ബന്ധുക്കളടക്കം വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

എല്ലാ തരത്തിലുമുള്ള രോഗവ്യാപന സാധ്യതയെല്ലാം ഒഴിവാക്കിയാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം വിട്ട് കൊടുത്തത്. സംസ്കാര ചടങ്ങില്‍ അധികം ആളുകള്‍ പങ്കെടുക്കാൻ പാടില്ലെന്നും ചടങ്ങില്‍ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം എല്ലാവരും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ദുബായിൽ നിന്ന് മാർച്ച് 17ന് മട്ടാഞ്ചേരി സ്വദേശി കടുത്ത ന്യുമോണിയയുമായാണ് ആശുപത്രിയിലെത്തിയത്. 22ന് ചികിത്സയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം.

(കോവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി കൊണ്ടുപോവുന്നു)

പ്രാഥമിക ഘട്ട പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച്‌ ആദ്യം വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച്‌ 22നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ഭാര്യയും രോഗബാധിതരായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലാണ്. ഇദ്ദേഹം കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല.

Eng­lish Sum­ma­ry; coro­na virus death in Ker­ala, funeral

YOU MAY ALSO LIKE THIS VIDEO