കൊറോണ വൈറസ് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വ്യാപിക്കുന്നതായി സൂചന. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നെത്തിയ അന്‍പതുകാരി ബെയ്ജിങ്ങില്‍ മരിച്ചു. ഇതോടെ ചൈനയില്‍ മരണം 106 ആയി. തിങ്കളാഴ്ച മാത്രം 1300 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ധനവാണ് ഒരു ദിവസത്തിനിടെ ഉണ്ടായിട്ടുള്ളത്.
മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത ഹുബൈ പ്രവിശ്യയിലുള്ളവരാണ്. രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര് നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലടക്കം 20 നഗരങ്ങളില്‍ ഗതാഗത നിയന്ത്രണം തുടരുന്നു. ആറുകോടിയിലധികം പേര് ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലും കൊറോണ വൈറസ് പടരുകയാണ്. ഏറ്റവും ഒടുവില്‍ ജര്മനിയനിയിലെ സ്റ്റാൻബെർഗിലാണ് വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുഎസും ഫ്രാന്‍സുമടക്കം 12 രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ, ഇന്ത്യയില്‍ കര്‍ശന പരിശോധനകൾ തുടരുകയാണ്. നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രത്യേക ചെക്പോസ്റ്റ് തുറക്കും. കേരളത്തില്‍ 441 പേര് നിരീക്ഷണത്തിലാണ്. യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുള്ള വുഹാനില്‍ കുടുങ്ങിയ പൗരന്മാരെ ഒഴിപ്പിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ശ്രമം തുടങ്ങി. പൗരന്മാരെയും എംബസി ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും സാന്‍ഫ്രാന്‍സിസ്കോയിലെത്തിക്കാന്‍ ചൊവ്വാഴ്ച ചാര്‍ട്ടേഡ് വിമാനം വുഹാനിലേക്കയക്കുമെന്ന് യു.എസ്. വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഫ്രാന്‍സ്, ജപ്പാന്, ശ്രീലങ്ക, സ്പെയിന് എന്നീ രാജ്യങ്ങളും വിമാനം അയയ്ക്കും. മുന്‍കരുതലിന്റെ ഭാഗമായി ചൈനയുമായുള്ള അതിര്‍ത്തി മംഗോളിയ അടച്ചു.
English Summary: Corona virus death rate climb to 106
You may also like this video