Web Desk

വത്തിക്കാൻസിറ്റി

March 09, 2020, 8:57 am

കൊറോണ; മരണസംഖ്യ ഉയരുന്നു, ഇറ്റലിയില്‍ 16 ദശലക്ഷം പേര്‍ നിരീക്ഷണ കേന്ദ്രങ്ങളിൽ

Janayugom Online

കൊറോണ ( കോവിഡ് ‑19)യിൽ ലോകത്ത് മരണസംഖ്യ 3792 ആയി ഉയര്‍ന്നു. 100 രാജ്യങ്ങളിലായി 1,09,600  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലായി 236 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയിൽ ഇതുവരെ 5,800 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 1200ൽ നിന്നാണ് ഇരുപത്തിനാലു മണിക്കൂറിനിടെ ഇത്രയും പേരിലേക്ക് വൈറസ് പടർന്നത്.

ഇറാനില്‍ ഇന്നലെ മാത്രം 49 പേര്‍ മരിച്ചു. ആകെ മരണം 194 ആയി. ലോകമാകെ പുതിയതായി 4,129 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബള്‍ഗേറിയ, മാലദ്വീപ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് 100 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 484 ആയി. ഫ്രാന്‍സില്‍ 1,126 പേര്‍ക്കും ജര്‍മനിയില്‍ 939 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു.

അതേസമയം കൊറോണ വൈറസിന്റെ വ്യാപനം തടയാനായി ഇറ്റലി കാൽഭാഗം ജനതയെയും നിരീക്ഷണ കേന്ദ്രങ്ങളിലാക്കി. അതിനിടെ അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിൽ രോഗം സ്ഥികരീച്ചതായി റിപ്പോർട്ട് പുറത്ത് വന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മൈക്ക് പെൻസും ഇവിടെ നടന്ന ഒരു രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അൻപത് വയസ് കഴിഞ്ഞ ഒരാളിലാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഫെബ്രുവരി അവസാനത്തോടെ ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹം വിദേശയാത്രകൾ നടത്തുകയോ വൈറസ് ബാധിതരുമായി അടുത്തിടപഴകുകയോ ചെയ്തിട്ടില്ലെന്ന് മേയർ മ്യുറിയല‍ ബൗസർ പറഞ്ഞു. ഇയാൾ പ്രസിഡന്റുമായോ പെൻസുമായോ അടുത്തിടപെട്ടിട്ടില്ലെന്ന് സംഘാടകർ പറഞ്ഞു. ഇക്കാര്യത്തിൽ താൻ ആശങ്കപ്പെടുന്നില്ലെന്നും ഇതിന്റെ പേരിൽ മറ്റ് പൊതുപരിപാടികൾ ഒഴിവാക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഒരു കോടിയിലേറെ പേർ താമസിക്കുന്ന ലോമ്പാർഡിയിലും സാമ്പത്തിക തലസ്ഥാനമായ മിലനിലും മറ്റ് നിരവധി പ്രവിശ്യകളിലുമുള്ള 160 ലക്ഷത്തോളം ജനങ്ങളെ നിർബന്ധിത നിരീക്ഷണകേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കാനുള്ള ഉത്തരവിൽ ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി ഗിസെപെ കൊന്തെ ഒപ്പുവച്ചു. വെനീസ്, മൊഡേന, പാർമ, പിയസെൻസ, റെഗ്ഗിയോ എമിലിയ, റിമിനി, പെസാറോ, ഉർബിനോ, അലസാൻഡ്രിയോ, അസ്തി, നൊവാര, വെർബാനോ കുസിയോ ഒസോല, വെർസെല്ലി, പദുവ, ട്രെവിസോ തുടങ്ങിയ പ്രവിശ്യകളിലാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഏപ്രിൽ മൂന്ന് വരെ രോഗബാധിതർ ലൊമ്പാർഡിയിൽ പ്രവേശിച്ചാലോ അവിടെ നിന്ന് പുറത്ത് പോയാലോ പിഴ ഈടാക്കും. എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സിനിമാശാലകളും ജിമ്മുകളും പബ്ബുകളും മറ്റും അടച്ചു. വിവാഹവും ശവസംസ്കാരവും അടക്കമുള്ള മതപരമായ ചടങ്ങുകളും നിരോധിച്ചു. ആരോഗ്യപ്രവർത്തകർക്ക് അവധിയും റദ്ദാക്കി.

അടുത്തമാസം മൂന്ന് വരെ രാജ്യത്തെ സ്കൂളുകളും അടച്ചു. പ്രധാന കായിക മേളകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. ബ്രിട്ടനിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആളുകൾ ജോലി വിട്ട് ആരോഗ്യമേഖലയിലും പരിരക്ഷാ കേന്ദ്രങ്ങളിലും സേവനം അനുഷ്ഠിക്കാൻ അനുവദിക്കുന്ന അടിയന്തര നിയമം പാസാക്കി. കോടതിക്ക് ടെലിഫോൺ, വീഡിയോ ലിങ്കുകൾ ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. 70 വയസുകഴിഞ്ഞവർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് വിലക്കുന്ന കാര്യവും അധികൃതർ പരിഗണിക്കുന്നുണ്ട്.

Eng­lish Sum­ma­ry; coro­na virus death toll increases

YOU MAY ALSO LIKE THIS VIDEO