Web Desk

ബെയ്ജിങ്

February 12, 2020, 9:52 am

കൊറോണയില്‍ മരണം 1100 കടന്നു; ഇന്നലെ മരിച്ചത് 97 പേര്‍

Janayugom Online

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ ചൊവ്വാഴ്ച മരിച്ചത് 97 പേര്‍. ഇതോടെ, വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1110 ആയി. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 44,138 ആയി. ചൊവ്വാഴ്ച 2015 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ജപ്പാനിലെ യോക്കോഹാമയില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലുള്ള 175 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റര്‍ഡാം എന്ന മറ്റൊരു കപ്പലില്‍ വൈറസ് ബാധ സംശയിക്കുന്ന രണ്ടായിരത്തോളം പേരുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം കൊറോണ ഭീഷണി ഉടനൊന്നും അവസാനിക്കാനിടയില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്ന നിലയിലെത്താമെന്ന് ആരോഗ്യ ഉപദേഷ്ടാവും വൈറോളജിസ്റ്റുമായ ഷോങ് നന്‍ഷാന്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയിലാണ് 99 ശതമാനം വൈറസ് ബാധയെങ്കിലും മറ്റുരാജ്യങ്ങള്‍ ഏറെ കരുതിയിരിക്കണമെന്ന് ഡബഌുഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു. കൊറോണയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ജനീവയില്‍ നടക്കുന്ന രണ്ടുദിവസത്തെ സമ്മേളനത്തില്‍ നാനൂറിലധികം ശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. അതേസമയം ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് ഔദ്യോഗിക നാമകരണം നല്‍കി. ‘കൊവിഡ് 19’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: coro­na virus death toll reach­es 1110, 97 deaths on Tuesday

YOU MAY ALSO LIKE THIS VIDEO