ലോകത്ത് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 74,702 ആയി. 1,346,974 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 278,698 പേര് രോഗമുക്തരായി. അമേരിക്കയിൽ കോവിഡ് മരണം 11,000 ത്തോട് അടുത്തു. 24 മണിക്കൂറനിടെ 1,243 പേരാണ് അമേരിക്കയില്‍ മരിച്ചത്. രോഗികളുടെ എണ്ണം 3,67,004 ആണ്. ഇറ്റലിയിൽ 16,523 പേരും സ്പെയിനിൽ 13,341 പേരും മരിച്ചു. ഇറ്റലിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. തിങ്കളാഴ്ച 1,031 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 1,941 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഫ്രാൻസിലും മരണസംഖ്യ അതിവേഗം ഉയരുന്നുണ്ട്. 24 മണിക്കൂറിനിടെ 833 പേർ ഇവിടെ മരിച്ചു. രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒറ്റ ദിവസത്തിനിടെ ഇത്രയും പേർ മരിക്കുന്നത് ഇതാദ്യമാണ്. ആകെ മരണം 8,911 ആയി. ബ്രിട്ടനിൽ 5,373 പേരും ഇറാനിൽ 3,739 പേരും ചൈനയിൽ 3,331 പേരുമാണ് ഇതുവരെ മരിച്ചത്.
ഇതിനിടെ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് ഓക്സിജന്‍ ട്രീറ്റ്മെന്റ് തുടങ്ങിയതായ വാര്‍ത്ത പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഐസിയുവിലേക്ക് മാറ്റിയതായ വാര്‍ത്തയെത്തുന്നത്. ഞായറാഴ്ച്ച രാത്രിയാണ് 55 വയസ്സുള്ള ബോറിസ് ജോണ്‍സന്റെ ആരോഗ്യനില വഷളായത്.
പ്രധാനമന്ത്രിയുടെ താത്കാലിക ചുമതലകള്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിക്ക് നല്കി. ഡൊമിനിക് റാബിയോട് ചുമതലകള്‍ വഹിക്കാന്‍ ബോറിസ് ജോണ്സന് നിര്‍ദേശിച്ചതായി പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ മാസം 27നാണ് മോറിസ് ജോണ്സന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊറോണ വൈറസ് പകർച്ചവ്യാധി രാജ്യത്തുടനീളം വ്യാപിക്കുന്നതിനാൽ അമേരിക്കക്കാർക്ക് വെന്റിലേറ്ററുകളുടെ കുറവുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചില സംസ്ഥാനങ്ങൾ യഥാർത്ഥത്തിൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വെന്റിലേറ്ററുകൾ ആവശ്യപ്പെട്ടതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ഹോട്ട് സ്പോട്ടുകളിലേക്ക് കൂടുതൽ വെന്റിലേറ്ററുകൾ നൽകാനാവുമെന്നും അദ്ദേഹം ആവർത്തിച്ചു.
ഫെഡറൽ സ്റ്റോക്ക്പൈലിൽ വെന്റിലേറ്ററുകളുടെ അഭാവം ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. സംസ്ഥാനം 17,000 വെന്റിലേറ്ററുകൾക്ക് ആവശ്യപ്പെട്ടിട്ടും കിട്ടിയത് പതിനായിരം മാത്രമായിരുന്നുവത്രേ. താത്കാലിക ആശുപത്രികളിൽ പലതും രോഗികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമാണ് ഇപ്പോൾ ആശുപത്രികളിലേക്ക് മാറ്റുന്നത്. സാമൂഹിക അകലം നിർബന്ധമായും പാലിക്കപ്പെടുന്നുണ്ട്. അതേസമയം, ന്യൂയോർക്കിൽ മാസ്ക്കിനു ക്ഷാമമുണ്ടെന്ന വാർത്ത ഗവർണർ നിഷേധിച്ചു. ആശുപത്രി മേഖലയിലെ മുൻനിര ജീവനക്കാർക്കുള്ള സുരക്ഷിതത്വത്തിനായി ആവശ്യത്തിനു മാസ്ക്കുകൾ കരുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary: corona virus death toll rises to 74702
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.