Web Desk

വാഷിങ്ടൺ

March 01, 2020, 10:40 pm

അടങ്ങാതെ കൊറോണ; അമേരിക്ക, ഓസ്ട്രേലിയ, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ മരണം

Janayugom Online

ലോക രാഷ്ട്രങ്ങളിലാകെ പിടിമുറിക്കിയിരിക്കുന്ന കൊറോണ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. അമേരിക്കയിൽ കൊറോണ രോഗബാധയെത്തുടർന്ന് ഒരു സ്ത്രീ മരിച്ചു. അമേരിക്കയിലെ ആദ്യ കൊറോണ മരണമാണ് ഇത്. അമ്പത് വയസ്സുള്ള സ്ത്രീയാണ് മരിച്ചതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇതിനുപുറമെ ഓസ്ട്രേലിയയിലും തായ്‌ലൻഡിലും ആദ്യ കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ചു.

35 വയസ്സുള്ള ഡെങ്കിപ്പനി ബാധിച്ച യുവാവാണ് കൊറോണയെ തുടർന്ന് തായ്‌ലാൻഡിൽ മരണത്തിന് കീഴടങ്ങിയതെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. ഓസ്ട്രേലിയയിൽ പെർത്തിൽ നിന്നുള്ള വയോധികനാണ് കൊറോണ ബാധയെത്തുടർന്ന് മരിച്ചത്. 164 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. അമേരിക്കയിൽ 22 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ ബാധയ്ക്കെതിരെയുള്ള വാക്സിനുകൾ വികസിപ്പിക്കണമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് ആവശ്യപ്പെടുമെന്നും നിലവിൽ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും കൊറോണയ്ക്കെതിരെയുള്ള ജാഗ്രതാ നടപടികൾ സർക്കാർ കൈവരിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചതിനാലും ഇറാനിൽ കൊറോണ ദ്രുതഗതിയിൽ പടരുന്ന സാഹചര്യത്തിലും യാത്രാ നിയന്ത്രണങ്ങളും യുഎസ് ഏർപ്പെടുത്തി.

ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇറാനിൽ നിന്ന് സഞ്ചാരികൾ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇറാൻ 14 ദിവസത്തിനിടെ സന്ദർശിച്ച മറ്റ് രാജ്യക്കാരെയും വിലക്കുന്നതായി വൈറ്റ്ഹൗസ് അറിയിച്ചു. അതിനിടെ, ഈ വർഷം നേപ്പാൾ സന്ദർശനത്തിന് യുഎസ് ഭരണകൂടം താത്കാലികമായി വിലക്കേർപ്പെടുത്തി. മറ്റ് രാജ്യങ്ങളിൽ നിന്ന് നേപ്പാൾ സന്ദർശിക്കുന്നതിനും ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് മാത്രമായി 6,000ത്തോളം കൊറോണ വൈറസ് ബാധിത കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 1300ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 86 പേർ ഇതുവരെ ചൈനയ്ക്ക് പുറത്ത് കൊറോണയെത്തുടർന്ന് മരിച്ചു.

ഇതിൽ 19 പേരും മരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണെന്നും ആരോഗ്യവൃത്തങ്ങൾ അറി­യിച്ചു. ദക്ഷിണകൊറിയയിൽ 376 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തു. ആകെ 3,500 പേരാണ് കൊറോണ ബാധിതരായി രാജ്യത്തുള്ളതെന്നും ഇവിടത്തെ ആരോഗ്യവൃത്തങ്ങൾ പുറത്തുവിട്ട കണക്കുകൾ സൂചി­പ്പിക്കുന്നു. കൊറോണ പടരുന്ന സാഹചര്യത്തിൽ മുൻകരുതലായി പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ അതിർത്തിയും അടച്ചിട്ടു. സിയോളിലെ ഇന്തോനേഷ്യൻ എംബസിയും കൊറോണ ഗുരുതരമായി പടരുന്ന സാഹചര്യത്തിൽ താത്കാലികമായി അടച്ചു. കൊറോണ വടക്കൻ ഭാഗത്തേയ്ക്ക് പടരുകയാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാകുക എന്ന് ഉത്തരകൊറിയൻ നേതാവ് കിം പ്രതികരിച്ചു. ഉത്തരകൊറിയയിൽ നിലവിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊറോണ തടയുന്നതിന് കർശന നടപടികളാണ് കൈക്കൊള്ളുന്നതെന്നും കിം അറിയിച്ചു.

Eng­lish Sum­ma­ry; coro­na virus deaths report­ed in US, Thai­land and Australia

YOU MAY ALSO LIKE THIS VIDEO