കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കൂടുതൽ പ്രതീക്ഷ. രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തിൽ ഗണ്യമായ കുറവ്. ഇതുവരെ 124 പേർ രോഗമുക്തി നേടി. ഇതിൽ എട്ട് വിദേശികളും ഉൾപ്പെടും. ഏപ്രിൽ നാലു മുതൽ ഇന്ന് വരെ 41,604 പേർ നിരീക്ഷണത്തിൽ നിന്നും ഒഴിവായി. 364 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ 238 പേർ മാത്രമാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
മാർച്ച് എട്ട് മുതലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ മരണമടഞ്ഞു. ഇന്ന് ഏഴു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 27 പേർ രോഗമുക്തി നേടി. കാസർകോട് ജില്ലയിലെ മൂന്ന്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ രണ്ട് വീതം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേർ നിസാമുദ്ദീനിൽ നിന്നും വന്നതാണ്. അഞ്ചു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. അതിൽ രണ്ട് പേർ കണ്ണൂരിലും മൂന്നു പേർ കാസർകോടും ഉള്ളവരാണ്.
കാസർകോട് ജില്ലയിലുള്ള 17, കണ്ണൂർ ജില്ലയിലുള്ള ആറ്, കോഴിക്കോട് ജില്ലയിൽ രണ്ട്, എറണാകുളം, തൃശൂർ ജില്ലകളിലുള്ള ഓരോരുത്തരുടെ വീതം പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. വിവിധ ജില്ലകളിലായി 1,29,751 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,29,021 പേർ വീടുകളിലും 730 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 13,339 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവിൽ കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം തിരുവനന്തപുരം (അഞ്ച്), കൊല്ലം (ഏഴ്), പത്തനംതിട്ട (എട്ട്), ആലപ്പുഴ (മൂന്ന്), ഇടുക്കി (മൂന്ന്), എറണാകുളം (ഏഴ്), തൃശൂർ (ആറ്), പാലക്കാട് (ഏഴ്), മലപ്പുറം (16), കോഴിക്കോട് (ഏഴ്), വയനാട് (ഒന്ന്), കണ്ണൂർ (38), കാസർകോട് (130) എന്നിങ്ങനെയാണ്. പരിശോധന ഫലം നെഗറ്റീവായി രോഗമുക്തി നേടിയ 124 പേരിൽ ആലപ്പുഴ (രണ്ട്), എറണാകുളം (14), ഇടുക്കി (ഏഴ്), കണ്ണൂർ (37), കാസർകോട് (24), കൊല്ലം (രണ്ട്), കോട്ടയം (മൂന്ന്), കോഴിക്കോട് (ആറ്), മലപ്പുറം (നാല്), പത്തനംതിട്ട (എട്ട്), തിരുവനന്തപുരം (എട്ട്), തൃശൂർ (ഏഴ്), വയനാട് (രണ്ട്) എന്നിവർ ഉൾപ്പെടും. ഏഴ് വിദേശികൾ എറണാകുളം മെഡിക്കൽ കോളജിൽ നിന്നും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുമാണ് ഡിസ്ചാർജ് ആയത്. കേരളത്തിൽ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്. ആദ്യ ഘട്ടത്തിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഏപ്രിൽ ഒന്നിന് ആകെ നിരീക്ഷണത്തിലായവരുടെ എണ്ണം 1,64,130 പേരായിരുന്നു. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലായ ഏപ്രിൽ നാലിന് 1,71,355 ആയി ഉയർന്നു. തുടർന്നുള്ള ദിവസങ്ങളിൽ 1,58,617 (ഏപ്രിൽ അഞ്ച്), 1,52,804 (ആറ്), 1,46,686 (ഏഴ്), 1,40,474 (എട്ട്), 1,36,195 (ഒൻപത്) എന്ന രീതിയിൽ നിരീക്ഷണത്തിലായവരുടെ എണ്ണം കുറഞ്ഞുവന്നു. ഇപ്പോൾ അത് 1,29,021 ആയി.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.