Web Desk

ന്യൂഡൽഹി

March 02, 2020, 3:22 pm

ഇന്ത്യയിൽ വീണ്ടും കൊറോണ; ഡൽഹിയിലും തെലങ്കാനയിലും ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തു

Janayugom Online

ഇന്ത്യയിൽ വീണ്ടും കൊറോണ (കോവിഡ് 19). ഡൽഹിയിലും തെലങ്കാനയിലും ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ കൊറോണ ബാധിച്ച ആൾ ഇറ്റലിയിൽ നിന്ന് വന്നതാണ്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് തെലങ്കാനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരെയും രക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചത്. അതേസമയം കേരളത്തിൽ കോവിഡ് 19 ബാധിച്ച് ആരും ചികിത്സയിലില്ല. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്.

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ആഗോളതലത്തിൽ മരണമടഞ്ഞവരുടെ എണ്ണം 3,000 കവിഞ്ഞു. ചൈനയിൽ ഇന്നലെ മാത്രം മരിച്ചത് 42 പേർ. ഇതോടെ ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,912 ആയി. പുതിയതായി 202 പേർക്കു കൂടി രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 80,000 ആയി.

യുഎസിൽ ഇന്ന് ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ യുഎസിൽ മരണം രണ്ടായി. അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 80 ആയി ഉയന്നിട്ടുണ്ട്. ഇതിൽ 12 പേർ വാഷിങ്ടണിൽ നിന്നുള്ളവരാണ്. വാഷിംഗ്ടണിലാണ് ആദ്യ മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടു മരണങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വ്യക്തമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ വാഷിംഗ്ടണിന് പുറമേ കാലിഫോർണിയ, ഒറിഗോൺ എന്നിവിടങ്ങളി ലാണ് നിലവിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇതുവരെ 63 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ഇറ്റലിയിൽ മരണം 34 ആയി ഉയർന്നു. 1694 പേർക്കു രോഗം സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ജപ്പാൻ കപ്പലിൽനിന്നു തിരിച്ചു സിഡ്നിയിലെത്തിയ ആളാണു മരിച്ചത്. ജർമനിയിൽ രോഗബാധിതർ ഇരട്ടിയായി. 129 പേർ. 11 പേർ കൂടി മരിച്ചതോടെ ഇറാനിൽ മരണസംഖ്യ 54 ആയി. ദക്ഷിണ കൊറിയയിൽ മരണം 22 ആയി. 476 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 4,212 ആയി. സിംഗപ്പൂരിൽ 106 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇറാനിൽ 978 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്. കൂടുതൽ ആളുകൾക്ക് പരിശോധന നടത്തിവരികയാണ്.

Eng­lish Sum­ma­ry; coro­na virus Del­hi and thelangana

YOU MAY ALSO LIKE THIS VIDEO