March 26, 2023 Sunday

റഷ്യൻ പ്രസിഡന്റുമായി ഇടപഴകിയ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു: പുടിന് വൈറസ് പരിശോധന

Janayugom Webdesk
മോസ്കോ
April 1, 2020 9:19 am

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി അടുത്ത് ഇടപഴകിയ ഡോക്ടർക്ക് കോവിഡ് 19 വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കോവിഡ് രോഗികൾക്കായി തയാറാക്കിയ കൊമ്മുനാർക്ക ആശുപത്രിയിൽ പുടിൻ സന്ദർശനം നടത്തിയിരുന്നു. അവിടെ പുടിന് കാര്യങ്ങൾ വിശദീകരിച്ചു നൽകാൻ ഒപ്പമുണ്ടായിരുന്ന ഡോക്ടർ ഡെനിസ് പ്രോറ്റ്‌സെൻകോയ്ക്കാണ് രോഗം കണ്ടെത്തിയത്.

അതേസമയം ആശുപത്രി സന്ദർശനത്തിനിടെ പുടിൻ വൈറസ് സംരക്ഷണ ഉപകരണങ്ങൾ ധരിച്ചിരുന്നുവെങ്കിലും ഡോക്ടറുമായുള്ള കൂടിക്കാഴ്ചയിൽ ഇവ ധരിച്ചിരുന്നില്ല. മാസ്കോ കയ്യുറകളോ ഇല്ലാതെയാണ് പുടിൻ ഡോക്ടറുടെ ഒപ്പം മണിക്കൂറുകൾ ചിലവിടുകയും ഹസ്തദാനം നൽകുകയും ചെയ്തത്.

തന്റെ കൊറോണ വൈറസ് പരിശോധനാ ഫലം പൊസിറ്റീവ് ആണെന്നും താന്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും 44 കാരനായ ഡെനിസ് പ്രോറ്റ്‌സെൻകോ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം പ്രസിഡൻറിന് എല്ലാ ദിവസവും വൈറസ് പരിശോധനകൾ ഉണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ക്രെംലിൻ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യൻ അധികൃതർ 500 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി.  121 പേര്‍ രോഗമുക്തി നേടി. കൊറോണയെ തുടര്‍ന്ന് മോസ്കോ, സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് തുടങ്ങിയിടങ്ങളില്‍ സമ്പര്‍ക്ക നിയന്ത്രണം കര്‍ശനമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.