കോവിഡ്ക്കാലത്ത് കുട്ടികളുടെ മനസ്സിനെ സ്വാധീനിച്ചിട്ടുള്ള കാഴ്ചകൾ ചിത്രങ്ങളായപ്പോൾ അത് അത്ഭുതം കൂറുന്ന വരകളും വർണങ്ങളുമായി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങളിൽ പ്രതീക്ഷയും പ്രത്യാശയും സങ്കടവും ആശങ്കകളും പ്രതിരോധ പ്രവർത്തനങ്ങളുമെല്ലാം വിഷയമായപ്പോൾ അതൊരു വേറിട്ട മത്സരവേദിയായി.
ചിത്രകലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട് കൊച്ചിയാണ് കൊറോണക്കാലത്തെ പശ്ചാത്തലമാക്കി പത്താം ക്ലാസ്സുവരെയുള്ള കുട്ടികൾക്കായി ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. എൽപി, യുപി, ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ 813 വിദ്യാർഥികളിൽ നിന്നായി ആയിരത്തിലേറെ ചിത്രങ്ങളാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ വരച്ച് വാട്സ് ആപ്പ് വഴി മത്സരത്തിന് ലഭിച്ചത്. സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തിയ മത്സരത്തിന്റെ വിധി നിർണയം അതിനാൽ ശ്രമകരമായിരുന്നുവെന്ന് കോർഡിനേറ്റർ ആർ കെ ചന്ദ്രബാബു പറഞ്ഞു.
അലീന സെറിൻ — ” കൊറോണ ‑ഫിഷർമെൻ’
അനന്യ സുഭാഷ് — ” കൊറോണ — രാജ്യസ്നേഹം’
ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കോട്ടയം ലിറ്റിൽ ഫ്ലവർ സ്കൂളിലെ അലീന സെറിൻ വരച്ച കൊറോണ ഫിഷർമാനും യു പി വിഭാഗത്തിൽ കൊല്ലം എസ് എൻ പബ്ലിക് സ്കൂളിലെ അനന്യ സുഭാഷ് വരച്ച രാജ്യസ്നേഹത്തിന്റെ കൊറോണ ചിത്രവും മികച്ച രചനകളായി തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ സ്വീതല എം, ഇന്ത്യൻ സ്കൂൾ ഓഫ് ഖത്തർ, ഗീതിക ജിഷ്കൽ കെ വി ആലുവ, മുഹമ്മദ് അർമാൻ, തീർത്ഥ ശരത് ഇരിങ്ങാലക്കുട, ഗാഥ ഗോപകുമാർ കൊച്ചി ജോയൽ ജോസ് കൊമ്പനാട്, റോഹൻ, കല്ലായി കോഴിക്കോട്, ഗായത്രി രൂപേഷ് ഭവൻസ് തൃപ്പൂണിത്തുറ, അർപ്പിത രജിത് ന്യൂമാൻ പത്തനംതിട്ട, ശ്രീലക്ഷ്മി ജയറാം ആലപ്പുഴ, നിഹർ എൻ സെന്റ് മേരീസ് ആലപ്പുഴ, അമൻജിത്ത് കെ വി കൊച്ചി, ശിവാനി ചന്ദ്രബാബു ചിൻമയ കണ്ണമാലി എന്നിവർ ജേതാക്കളായി.
വിങ്ങിപ്പൊട്ടുന്ന മനുഷ്യരും — സമൂഹ അടുക്കളയും. കരകയറുന്ന കേരളവും, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നേതൃത്വം നൽകുന്ന കേരള മോഡലും മത്സരത്തിന് ലഭിച്ച ചിത്രങ്ങളിൽ ശ്രദ്ധേയമായി. ജൂലൈ 28 ന് എറണാകുളം ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും. ഇതോടൊപ്പം സമ്മാനാർഹമായ കുട്ടികളുടെ രചനകൾ പ്രദർശിപ്പിക്കുകയും ചെയ്യും.
അവധിക്കാലത്ത് കുട്ടികൾക്ക്സൗജന്യമായി വെക്കേഷൻ ക്യാമ്പ് നടത്താറുള്ള ഈ കൂട്ടായ്മക്ക് ഈ വർഷം ക്യാമ്പ് നടത്താൻ കഴിഞ്ഞില്ല. അതിനാലാണ് ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിൽ കലാഅധ്യാപകരായ എം പി മനോജ്, രജ്ഞിത് ലാൽ, തോമസ് കുരിശിങ്കൽ, സണ്ണി പോൾ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യമായി ഒരു മണിക്കൂർ ഓൺലൈൻ ചിത്രരചനാ ക്ലാസും തുടങ്ങും.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.