Web Desk

കൊച്ചി

March 09, 2020, 3:42 pm

കൊച്ചിയിൽ നിലവിൽ പേടിക്കേണ്ട സാഹചര്യമില്ല; സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കലക്ടർ

Janayugom Online

ഇറ്റലിയിൽ നിന്നും മാതാപിതാക്കൾക്കൊപ്പം നെടുമ്പാശേരിയിൽ എത്തിയ മൂന്നു വയസുളള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചെങ്കിലും ജില്ലയിൽ നിലവിൽ പേടിക്കേണ്ട യാതൊരു സഹാചര്യമില്ലെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നും എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ രക്തം, ശ്രവം സാമ്പിളുകൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു. നാളെ ഫലം ലഭിക്കുമെന്നും കലക്ടർ വ്യക്തമാക്കി.

നിലവിൽ കളമശേരി മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഒരേസമയം 30 പേരെ ചികിത്സിക്കാൻ കഴിയുന്ന വിധത്തിലുള്ള ബെഡ് സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ ആരംഭിക്കാനുള്ള നടപടി ക്രമം ആരംഭിച്ചു. ഇതു പ്രകാരം ആലുവയിലെ ഒരു ആശുപത്രിയിൽ 10 ബെഡ് സംവിധാനം ഏർപ്പെടുത്തി. നാലു സ്വകാര്യ ആശുപത്രികളിൽ കൂടി ഐസൊലേഷൻ വാർഡുകൾ ആരംഭിക്കും. രണ്ടു ആശുപത്രികളിൽ തയാറെടുപ്പ് നടത്തിക്കഴിഞ്ഞുവെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

നിലവിൽ രോഗബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ലെന്നും കലക്ടർ വ്യക്തമാക്കി. നിലവിൽ 13 പേരാണ് രോഗബാധ സംശയത്തെ തുടർന്ന് ഐസൊലേഷൻ വാർഡിൽ ഉളളത്. 151 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. വീട്ടിൽ നിരീക്ഷണത്തിലുള്ളവരുമായി ആരോഗ്യവകുപ്പ് അധികൃതർ നിരന്തരം ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകുന്നുണ്ട്. ജില്ലയിൽ കൊറോണ ബാധിച്ചവർ ആരൊക്കെയെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ആരോഗ്യവകുപ്പിനുണ്ട്. സ്കുളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളിൽ നിലവിൽ തീരുമാനമില്ല. അത്തരത്തിലുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും കലക്ടർ പറഞ്ഞു.

അതേസമയം മാസ്കുകൾ പൂഴ്ത്തിവെച്ച് കൃത്രിമമായി ക്ഷാമം സൃഷ്ടിക്കാൻ വ്യാപാര സ്ഥാപനങ്ങൾ ശ്രമിച്ചാൽ കർശനമായി നടപടി നേരിടേണ്ടിവരുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഇത് സംബന്ധിച്ച് റവന്യു ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചു കഴിഞ്ഞു. കൃത്രിമമായി ക്ഷാമം സൃഷ്ടിക്കുകയോ അമിത വില ഈടാക്കുകയോ ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടർ എസ് സുഹാസ് വ്യക്തമാക്കി.