Web Desk

ന്യൂഡൽഹി

March 16, 2020, 9:00 pm

കൊറോണ: സുപ്രീം കോടതി ഡിജിറ്റലാകുന്നു

Janayugom Online

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ സുപ്രീം കോടതി ഡിജിറ്റലാകുന്നു. അപേക്ഷകളും വാദങ്ങളും ഓൺലൈനിലൂടെ ആക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് എസ് എ ബോംബ്ഡെയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് ജസ്റ്റിസുമാരായ അരുൺ മിശ്ര, യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ്, എൽ നാഗേശ്വര റാവു എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ പ്രവർത്തനം പൂർണമായും നിർത്തി വയ്ക്കാനാവില്ലെന്നും വെർച്വൽ കോടതികളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും ചീഫ് ജസ്റ്റിസ് ഇന്ന് അറിയിച്ചു.

ഓൺലൈനിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾക്കും വീഡിയോ കോൺഫറൻസിങ്ങിനും ബാർ അംഗങ്ങൾ പ്രോത്സാഹനം നൽകണം. ഈ സംവിധാനങ്ങൾ എത്രയും പെട്ടെന്നു തന്നെ കോടതികളിൽ സജ്ജീകരിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വീഡിയോ കോൺഫറൻസ് നടത്തുമ്പോൾ ആളുകൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനാകുമെന്ന് ഇ- കമ്മിറ്റിയുടെ ചെയർമാനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഓരോരുത്തരുടേയും വാദം കേൾക്കുന്നതിനായി പ്രത്യേകം മുറികളും സജ്ജീകരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. വീഡിയോ കോൺഫറൻസിങ്ങിലൂടെയുള്ള കോടതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി അഭിഭാഷകർക്ക് ഒരു ആപ്ലിക്കേഷൻ മാത്രം ഡൗൺലോഡ് ചെയ്താൽ മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനായി പ്രത്യേക മുറിയിൽ സ്മാർട്ട് ടിവിയും സജ്ജീകരിക്കും. അതേസമയം ഇ‑അപേക്ഷകൾ 24 മണിക്കൂറും സമർപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെർച്ച്വൽ കോടതികൾ പ്രവർത്തന ക്ഷമമാകുന്നതോടെ കോടതി നടപടികൾ ഡിജിറ്റലും കടലാസ് രഹിതമാകുമെന്നും സുപ്രീം കോടതി പറഞ്ഞു.

കോടതിയിലും പരിസരത്തും എത്തുന്നവർ അടുത്തിടെ നടത്തിയിട്ടുള്ള യാത്രകളുടെ വിവരങ്ങളും ചുമയുടെയോ പനിയുടെയോ ലക്ഷണങ്ങളുണ്ടോ എന്നതും അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ചർച്ചയിൽ പങ്കെടുത്ത വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം.

അതേസമയം അടുത്തിടെ കൊറോണ മുന്നറിയിപ്പുള്ള രാജ്യങ്ങളിൽ പോയിട്ടുള്ളവരെയും രോഗലക്ഷണങ്ങളുള്ളവരെയും കോടതി പരിസരത്ത് പ്രവേശിക്കാൻ അനുവദിക്കില്ല. കോടതിയുടെ പ്രവേശന കവാടത്തിൽ തെർമൽ സ്കാനറും എല്ലാ കോടതി മുറികളിലും വരാന്തകളിലും ടോയ്ലറ്റുകളിലും സാനിറ്റൈസറുകളും ഉറപ്പു വരുത്തുമെന്നും കോടതി പറഞ്ഞു.

Eng­lish Sum­ma­ry; Coro­na virus; Fil­ing of cas­es to soon go dig­i­tal in Supreme Court

YOU MAY ALSO LIKE THIS VIDEO