ചൈനയില്‍ 170ഓളം പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക എയര്‍ ഇന്ത്യ വിമാനം നാളെ വൈകീട്ട് പുറപ്പെടും. വുഹാനിലുള്ള ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളോട് ഒരുങ്ങിയിരിക്കാന്‍ അധികൃതര്‍ അറിയിപ്പു നല്കി. മറ്റിടങ്ങളില്‍ കുടുങ്ങിയവര്‍ക്കായി മറ്റൊരു എയര്‍ ഇന്ത്യാ വിമാനം കൂടി ചൈനയിലെത്തുമെന്നും അറിയിപ്പില്‍ പറയുന്നു. ചൈനയിലേക്കു പോകാനായി രണ്ടു എയര്‍ ഇന്ത്യാ വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തില്‍ ഒരുക്കി നിര്‍ത്തിയിട്ടുള്ളത്. പൈലറ്റുമാരുടേയും വിമാന ജീവനക്കാരുടേയും സുരക്ഷയ്ക്കു വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
അതേസമയം വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള ചില വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യക്ക് പുറമേ പല വിദേശ രാജ്യങ്ങളും ചൈനയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് ഡൽഹി വഴി ഷാങ്ഹായിലേയ്ക്ക് പോകുന്ന എയർ ഇന്ത്യ വിമാനം ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ സർവീസ് നിർത്തിവച്ചു. ഇൻഡിഗോ ശനിയാഴ്ച മുതൽ ജൽഹി- ചെങ്ദു സർവീസ് നടത്തില്ല. ബംഗളുരു-ഹോങ്കോങ് സർവീസും താല്‍ക്കാലികമായി സർവീസ് നിർത്തും.
ചൈനയിലെ കൊറോണ വൈറസ് ബാധ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം ശ്രദ്ധാപൂർവ്വം വിലയിരുത്തി വരികയാണെന്നും. നിലവിൽ യാത്രക്കാർക്കും വിമാന ജീവനക്കാർക്കുമായി സുരക്ഷാ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇൻഡിഗോ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. കൊറോണ വൈറസ് ഭീതിയെ തുടർന്ന് ചൈനയിലേക്കുള്ള യാത്രകൾ സഞ്ചാരികൾ ഒഴിവാക്കുന്നതുമൂലം വിമാന കമ്പനികൾ നഷ്ടത്തിലേക്ക് നീങ്ങുകയാണ്.
English Summary: corona virus: first Indian team will arrive from China tomorrow
You may also like this video