കൊറോണ ഭീതി വേണ്ടെന്ന ഭരണകൂടങ്ങളുടെ അറിയിപ്പുകള്‍ക്കിടയിലും ഗള്‍ഫ് നാടുകളിലെ വിപണികളില്‍ കടുത്ത മാന്ദ്യത്തിന്റെ ദൃശ്യങ്ങള്‍. മാളുകളിലും ഹെെപ്പര്‍ മാര്‍ക്കറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറു കച്ചവടസ്ഥാപനങ്ങളായ ബഖാലകളിലും തിരക്ക് നന്നേ കുറവ്. പ്രതിദിന ബിസിനസില്‍ 75 ശതമാനം വരെ കുറവുണ്ടായതായി വിപണിവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഒരാഴ്ച മുമ്പ് ഉപഭോക്താക്കള്‍ ഒരു മാസത്തേയ്ക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതിന്റെ പ്രതിഫലനമാണ് വിപണികളിലെ ഇപ്പോഴത്തെ മാന്ദ്യമെന്നു വെളിപ്പെടുത്തുന്ന കേന്ദ്രങ്ങളുമുണ്ട്. ഒമാന്‍ ഒഴികെയുള്ള മിക്കവാറും എല്ലാ ഗള്‍ഫ് രാജ്യങ്ങളും പച്ചക്കറികള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
കോവിഡ്-19 ഭീതിയില്‍ അന്യരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിലയ്ക്കുകയും അവശ്യസാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാവുകയും ചെയ്യുമെന്ന ആശങ്കമൂലമാണ് ജനം ഇതിനകം തന്നെ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഗള്‍ഫിലൊരിടത്തും അവശ്യസാധനങ്ങള്‍ക്കു ക്ഷാമമില്ലെന്നും എല്ലാ വിപണന കേന്ദ്രങ്ങളിലും ആവശ്യത്തിനു സ്റ്റോക്കുണ്ടെന്നുമാണ് ലുലു ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി വി നന്ദകുമാര്‍ അറിയിച്ചത്. ലോകമെമ്പാടും നിന്ന് ഭക്ഷ്യസാധനങ്ങളും പച്ചക്കറികളും സംഭരിക്കാന്‍ ലുലു ഗ്രൂപ്പിന് വിപുലമായ ശൃംഖലയുള്ളതിനാല്‍ ഇറക്കുമതി അനുസ്യൂതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴത്തെ അവസ്ഥയില്‍ സംഭ്രാന്തി തെല്ലും വേണ്ടായെന്ന് വെസ്റ്റ് സോണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയിലെ ഭാരതി വത്‌നാനിയും യുഎഇയിലെ സഹകരണ വിപണന സ്ഥാപനമായ കൂപ്പിന്റെ ഡയറക്ടര്‍ ഡോ. സുഹെെല്‍ അല്‍ബസ്താഖിയും പറഞ്ഞു. ആവശ്യത്തിലേറെ സാധനങ്ങള്‍ വിപണിയിലുള്ളതിനാല്‍ മിക്ക ഉല്പന്നങ്ങള്‍ക്കും ഇപ്പോള്‍ ഗണ്യമായ വിലക്കുറവുമുണ്ട്. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഇതുമൂലം ഇപ്പോഴത്തെ വിലക്കുറവിന്റെ മേളകള്‍ വ്യാപകമായതിന്റെ ഗുണങ്ങള്‍ അവര്‍ക്ക് അനുഭവിക്കാനുമായില്ല. വിലക്കുറവുണ്ടെങ്കിലും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ സംഖ്യയില്‍ ദൃശ്യമാകുന്ന ഗണ്യമായ കുറവ് കൊറോണ ഭീതിമൂലം തന്നെയെന്നു വ്യക്തം. കടകളിലെ തിരക്കിനിടെ രോഗം പകരുമെന്ന ആശങ്കയില്‍ ജനം വിപണികളെ കയ്യൊഴിയുന്ന അവസ്ഥ. രാവിലെയും വെെകുന്നേരവും നടക്കാനിറങ്ങുന്നവരുടെയും വ്യായാമ കേന്ദ്രങ്ങളില്‍ പരിശീലനത്തിനെത്തുന്നവരുടേയും എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ദേവാലയങ്ങള്‍ മിക്കവയും പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഷോപ്പിംഗുമായി മടങ്ങുന്നവരുടെ ദൃശ്യവും അപൂര്‍വമായി. എന്നാല്‍ ഓണ്‍ലെെന്‍ കച്ചവടത്തിലൂടെയാണ് പിടിച്ചുനില്ക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കഫറ്റീരിയകള്‍, മലയാളികള്‍ നടത്തുന്ന കേരളീയ നാടന്‍ വിഭവങ്ങളുടെ തട്ടുകടകള്‍ എന്നിവയെയാണ് കൊറോണാ വെെറസ് മാന്ദ്യം ഏറ്റവുമധികം ഗ്രസിച്ചിരിക്കുന്നത്. പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ഗള്‍ഫുകാരുടെ പതിവുശീലവും മാഞ്ഞുതുടങ്ങി. എന്നാല്‍ ഭക്ഷണ വിപണിയില്‍ നിന്ന് ഓണ്‍ലെെനായി ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഭക്ഷണമെത്തിക്കുന്ന ഡെലിവറി ബോയിസിന് എടുപ്പത് പണിയായി. ഇതുമൂലം പല സ്ഥാപനങ്ങളും കൂടുതല്‍ ഡെലിവറി ബോയ്സിനെ നിയമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏപ്രില്‍ 12 വരെ അടച്ചിട്ടതിനാല്‍ കുട്ടികള്‍ക്ക് ഓണ്‍ലെെന്‍ വിദ്യാഭ്യാസം നല്കുന്ന സംവിധാനവും മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ആരംഭിച്ചു. രക്ഷിതാക്കള്‍ കുട്ടികളുമായി പുറത്തിറങ്ങി നടക്കുന്ന പതിവും നിര്‍ത്തിയതോടെ ഗള്‍ഫിലെ തെരുവുകള്‍ കുട്ടികള്‍ക്ക് അന്യമായതും കൊറോണ ഭീതിയുടെ പ്രത്യാഘാതമായി.
English Summary; corona virus Gulf Markets
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.