Web Desk

അബുദാബി

March 05, 2020, 10:13 pm

കൊറോണ; ഗള്‍ഫ് മേഖലയില്‍ ആരോഗ്യ അടിയന്തരാവസ്ഥ

Janayugom Online

അതിവേഗം പടരുന്ന കൊറോണ വൈറസിനെതിരായ ജാഗ്രതയില്‍ ഗള്‍ഫ് മേഖലയിലെ ആറു രാജ്യങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ. ഇതിന്റെ ഭാഗമായി യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ വിവിധ കൊറോണ (കോവിഡ് 19) വിരുദ്ധ നടപടികള്‍ സ്വീകരിച്ചു. യുഎഇയില്‍ ഞായറാഴ്ച മുതല്‍ എല്ലാ സ്കൂളുകളും കോളജുകളും സര്‍വകലാശാലകളും അടച്ചിടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി വിദൂര വിദ്യാഭ്യാസത്തിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ മിക്കവയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അതേസമയം ഈ മേഖലയിലെ മുസ്‌ലിം പള്ളികളില്‍ ദിനംപ്രതി നടക്കുന്ന നിസ്കാരവും പ്രാര്‍ത്ഥനയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചുകൊണ്ട് മുസ്‌ലിം മതപുരോഹിതര്‍ ഫത്‌വ നല്‍കിക്കഴിഞ്ഞു. ഗള്‍ഫിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹിന്ദു-സിഖ് ദേവാലയങ്ങളിലും നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. കോവിഡ്-19 ഭീഷണി ഒഴിയുന്നതുവരെ പ്രാര്‍ത്ഥനകള്‍ പാര്‍പ്പിടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താനും വിവിധ മതപുരോഹിതര്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നഴ്സറി സ്കൂളുകള്‍ക്ക് കഴിഞ്ഞയാഴ്ച മുതല്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ അവധി ഇനി ദീര്‍ഘിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രോഗാണവിമുക്തമാക്കാന്‍ നടപടികള്‍ തുടരുന്നു.

മാര്‍ച്ച് 29ന് ആരംഭിച്ച് ഏപ്രില്‍ 12 ന് അവസാനിക്കുന്ന വസന്തകാലാവധി മൂന്നാഴ്ച നേരത്തേയാക്കുന്നതിനാല്‍ ഒരു മാസത്തെ വിദ്യാലയ അവധി ഏപ്രില്‍ 12നു ശേഷം തുടരുമോ എന്നു വ്യക്തമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ പണി ചെയ്യുന്നവര്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ കൊറോണ വൈറസ് ബാധിതരല്ല എന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകൂടി കൊണ്ടുവരണമെന്ന നിബന്ധനയും കര്‍ക്കശമാക്കുമെന്നു സൂചനകളുണ്ട്. കുവൈറ്റില്‍ ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ ഈ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്നലെ മുതല്‍ നിര്‍ബന്ധിതമാക്കി.

അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു മാസത്തെ അവധി മൂലമുള്ള ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ വിദൂര വിദ്യാഭ്യാസത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനവും വ്യാപകമാക്കിയതായി വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ വര്‍ണോത്സവമായ ഹോളി ആഘോഷം ഗള്‍ഫ് നാടുകളില്‍ എല്ലാ മതവിഭാഗങ്ങളും ചേര്‍ന്ന് പൊലിമയോടെ കൊണ്ടാടുന്നതിന് ഇത്തവണ നിറംമങ്ങും. പരസ്യമായ ഹോളി ആഘോഷങ്ങള്‍ വേണ്ടെന്ന് വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഓഫീസുകളിലും മറ്റു തൊഴിലിടങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് രോഗം പകരാനിടയുള്ളതിനാല്‍ കഴിയുന്നതും ജോലികള്‍ വീട്ടില്‍വച്ചുതന്നെ നടത്താനുള്ള സംവിധാനവും പല തൊഴില്‍ മേഖലകളും സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍ ദശലക്ഷക്കണക്കിനു പ്രവാസി തൊഴിലാളികള്‍ പണിയെടുക്കുന്ന ഗള്‍ഫിലെ നിര്‍മ്മാണ മേഖലകളില്‍ ഇതു നടപ്പാകില്ല. ഇതോടെ നിര്‍മ്മാണരംഗം സ്തംഭിക്കുന്നതോടോപ്പം തൊഴിലാളികള്‍ കൂട്ടത്തോടെ കുടിയിറക്കപ്പെടുമെന്ന ആശങ്കയും വളരുന്നു.

Eng­lish Sum­ma­ry; coro­na virus, Health Emergency

YOU MAY ALSO LIKE THIS VIDEO