September 28, 2022 Wednesday

Related news

September 28, 2020
July 24, 2020
July 16, 2020
July 3, 2020
July 2, 2020
June 25, 2020
April 17, 2020
March 23, 2020

ആശങ്ക ഒഴിയാതെ തലസ്ഥാനം; രോഗികളുടെ എണ്ണം ആയിരത്തിലേക്ക്; കാര്യവട്ടം സ്റ്റേഡിയം ചികിത്സാകേന്ദ്രമാക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
July 16, 2020 8:17 am

ആശങ്ക ഒഴിയാതെ തലസ്ഥാനം. സമ്പർക്കം വഴി കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ തിരുവനന്തപുരത്തെ രാമചന്ദ്രൻ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ പാർപ്പിട കേന്ദ്രത്തിൽ ഒരുമിച്ചു താമസിക്കുന്നവരാണ് ജീവനക്കാർ. ഇതോടെ ജില്ലയിൽ ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി.  രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. പതിനൊന്ന് പേരാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. കുടാതെ തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിൻറെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ് സർക്കാർ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഏറ്റെടുത്ത് പ്രഥമഘട്ട ചികിത്സാകേന്ദ്രമാക്കുന്ന ജോലികൾ തുടങ്ങി.

നിലവിൽ കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ലയാണ് തിരുവനന്തപുരം. മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും നിറ‍ഞ്ഞു. വർക്കല എസ്ആർ കോളേജ് അടക്കം നഗരത്തിന് പുറത്തുളള ചികിത്സാകേന്ദ്രങ്ങളിലും ദിനംതോറും കൂടുതൽ രോഗികൾ എത്തുകയാണ്. രോഗപ്പകർച്ച കൂടുതലുളള വാർഡുകളിൽ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങൾ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അധികൃതർ. ആദ്യപടിയായി പൂന്തുറയിലും ബീമാപളളിയിലുമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രം സജ്ജമായത്.

ജില്ലയിൽ ദിവസവും നൂറും ഇരുന്നൂറും കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ചികിത്സാസൗകര്യം വിപുലപ്പെടുത്താൻ സ്റ്റേഡിയം ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ആയിരം പേർക്കായിരിക്കും ഇവിടെ ചികിത്സ ഒരുക്കുക. രണ്ട് ദിവസത്തിൽ കേന്ദ്രം സജ്ജമാകും. കൺവൻഷൻ സെൻററാണ് ആദ്യം കൊവിഡ് ആശുപത്രിയാക്കി മാറ്റുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് സ്റ്റേഡിയത്തിന്റെ മറ്റു സ്ഥലങ്ങളും സജ്ജമാക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികിത്സിക്കുക. ദിവസത്തിൽ രണ്ട് തവണ ഡോക്ടർമാരെത്തി പരിശോധന നടത്തും.

സമ്പർക്കം മൂലം ഏറ്റവും കൂടുതൽ രോഗികളുള്ളത് മാണിക്യവിളാകം, പുത്തൻപള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. രോഗബാധിതരിൽ ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ടായി. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പൂന്തുറ സെൻറ് തോമസ് സ്കൂളിൽ താൽക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ കോവിഡ് ചികിത്സക്കായി 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തയ്യാറാക്കും. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും പരിസരവുമാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.