രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്ക് സഹായമെത്തിക്കണം

Web Desk
Posted on April 11, 2020, 5:10 am

 കേരളത്തില്‍ കൊറോണവൈറസ് രോഗബാധ നിയന്ത്രണവിധേയമാണെന്നും എന്നാല്‍ രോഗവ്യാപനം തടയാന്‍ അടച്ചുപൂട്ടല്‍ മാനദണ്ഡങ്ങളും സാമൂഹ്യ അകലം പാലിക്കലും കരുതലോടെ കുറച്ചുനാള്‍ കൂടെ തുടരേണ്ടതുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വര്‍ത്താസമ്മേളനത്തിലെ അറിയിപ്പ് തെല്ല് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. സംസ്ഥാനത്തുടനീളം വലിയൊരളവ് ജനങ്ങള്‍ അടിയന്തര സാഹചര്യം ഉള്‍ക്കൊണ്ട് ആത്മസംയമനത്തോടെ കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുമുണ്ട്. എന്നാല്‍ മലയാളിയുടെ മനഃസാക്ഷിയെ ഏറെ അസ്വസ്ഥമാക്കുന്ന വാര്‍ത്തകളാണ് സംസ്ഥാനത്തിന് പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗള്‍ഫ് അടക്കം വിദേശത്തു നിന്നും വന്നുകൊണ്ടിരിക്കുന്നത്. മുംബൈയിലും ഡല്‍ഹിയിലും ആതുരശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സഹോദരിമാരില്‍ നിരവധി പേര്‍ ഇതിനകം രോഗബാധിതരായി മാറിയിരിക്കുന്നു. മതിയായ വ്യക്തിഗത സുരക്ഷാഉപകരണങ്ങളുടെ അഭാവത്തില്‍ തൊഴിലെടുക്കുന്ന മറ്റ് അനേകം പേര്‍ തീര്‍ത്തും അരക്ഷിതമായ അവസ്ഥയെയാണ് നേരിടുന്നത്.

രോഗബാധിതര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്ന ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന വാര്‍ത്തയും പുറത്തുവരുന്നു. ഭക്ഷണവും കുടിവെള്ളവും പോലും ആവശ്യാനുസരണം ലഭിക്കുന്നില്ലെന്നും തീര്‍ത്തും അനാരോഗ്യകരമായ അന്തരീക്ഷമാണ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുപോലും ലഭിക്കുന്നതെന്നും പരാതി ഉയരുന്നു. ലക്ഷക്കണക്കിന് മലയാളികള്‍ പണിയെടുക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വാര്‍‍ത്തകള്‍ തികച്ചും അസ്വസ്ഥജനകമാണ്. അവിടെ തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ ലേബര്‍ ക്യാമ്പുകളില്‍ രോഗം പടര്‍ന്നുപിടിക്കുന്നു. ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളംപോലും ലഭ്യമല്ലാതായിരിക്കുന്നു. രോഗബാധിതരെ മറ്റുള്ളവരില്‍ നിന്ന് അകറ്റി ചികിത്സിക്കാന്‍ മതിയായ അടിസ്ഥാന സൗകര്യത്തിന്റെ അഭാവം പ്രവാസി സമൂഹത്തെ ഭയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. രോഗവ്യാപന ഭീതിയോടൊപ്പം ഉള്ള തൊഴിലും വരുമാനവും നഷ്ടമാകുമെന്ന ഭയവും നാട്ടിലുള്ള കുടുംബത്തെപ്പറ്റിയും ഭാവിയെപ്പറ്റിയുമുള്ള ഉല്‍ക്കണ്ഠയും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദം സാമൂഹിക പ്രതിഭാസമായി മാറിയിരിക്കുന്നു. പ്രവാസികളുടെയും രാജ്യത്തിനുള്ളില്‍ തന്നെയുമുള്ള മലയാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിരന്തരമായ ഇടപെടല്‍ നടത്തിവരുന്നുണ്ട്. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുമായും ഗള്‍ഫ് ഭരണകൂടങ്ങളുമായും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നുമുണ്ട്. എ­ന്നാല്‍ അവയൊന്നുംതന്നെ താഴെ തലത്തില്‍ കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പ്രവാസികള്‍ക്ക് ആ­ശ്വാസം പകര്‍ന്നു നല്‍കാന്‍ മതിയായവയല്ല.

പാശ്ചാത്യ രാജ്യങ്ങളും ഫിലിപ്പൈന്‍സ് അടക്കം വികസ്വര രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ അടിയന്തര സാഹചര്യത്തില്‍ തിരികെ കൊണ്ടുപോകുന്നുണ്ട്. വ്യോമഗതാഗതം നിര്‍ത്തിവച്ചതിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫടക്കം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ തങ്ങള്‍ അവഗണിക്കപ്പെട്ടുവെന്ന തോന്നല്‍ ശക്തമായിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ചെറുകിട‑ഇടത്തരം സംരംഭങ്ങളാണ് തല്‍ക്കാലത്തേക്കെങ്കിലും അടച്ചുപൂട്ടിയത്. അവയില്‍ പണിയെടുത്തിരുന്ന പതിനായിരങ്ങള്‍ക്ക് മാര്‍ച്ച് മാസത്തെ വേതനം പോലും ലഭിച്ചിട്ടില്ല. തൊഴിലില്ലാതായതോടെ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലേക്കാണ് വഴുതിവീണിരിക്കുന്നത്. അവര്‍ പണിയെടുത്തിരുന്ന സ്ഥാപനങ്ങള്‍ സമീപകാലത്ത് പുനരാരംഭിക്കുമെന്നോ, അവിടെ തുടര്‍ന്നും തൊഴില്‍ ലഭിക്കുമെന്നോ യാതൊരു ഉറപ്പുമില്ലാത്ത അനിശ്ചിതത്വമാണ് അത്തരക്കാരെ തുറിച്ചുനോക്കുന്നത്. നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സ്ഥിതിയും മറിച്ചല്ല. കേരളത്തെ ഇന്നത്തെ അവസ്ഥയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വലിയൊരു ജനവിഭാഗം നേരിടുന്ന ഈ പ്രതിസന്ധിക്ക് മറുപടി കണ്ടെത്തുക എന്നത് സംസ്ഥാന ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും അവഗണിക്കാനാവാത്ത ഉത്തരവാദിത്വമാണ്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടി സഹമന്ത്രിയായ മുരളീധരന്‍ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് മെയ് മാസം വരെ കാത്തിരിക്കണമെന്ന് പറഞ്ഞത് അവരെ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തരാക്കിയിരിക്കുന്നു. അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന ഈ വിഷയത്തില്‍ പ്രവാസികളെ ക്രമാനുഗതമായും ആശയക്കുഴപ്പം കൂടാതെ അച്ചടക്കത്തോടെ തിരികെ കൊണ്ടുവരുന്നതിന് പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെ പരിമിതികള്‍ക്ക് അനുസൃതമായ അത്തരം ഒരു പദ്ധതി പ്രവാസി സമൂഹത്തില്‍ സമ്മര്‍ദ്ദത്തിന് അയവുവരുത്തും. രോഗബാധിതരായി ഗള്‍ഫ് രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാര്‍ക്ക്, ആ രാജ്യങ്ങളുടെ പരിമിതി കൂടി തിരിച്ചറിഞ്ഞ്, മരുന്നും ചികിത്സയും പരിചരണവുമടക്കം ലഭ്യമാക്കുന്നതിന് സൈനിക വിഭാഗങ്ങളെ നിയോഗിക്കുന്നതുപോലും പരിഗണിക്കേണ്ടതുണ്ട്. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളില്‍ പങ്കെടുത്ത് അനുഭവമാര്‍ജിച്ച മറ്റൊരു സേനയും നമ്മുടേതുപോലെ ഭൂമുഖത്തില്ലെന്ന വസ്തുതയും വിസ്മരിച്ചുകൂട.