Web Desk

ഇടുക്കി

March 15, 2020, 1:58 pm

കൊറോണ; വിദേശികൾ താമസിച്ച ഹോട്ടൽ അടച്ചു, മൂന്നാറിൽ അതീവ ജാഗ്രത

Janayugom Online

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരനു കൊറോണ കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്നാറിൽ കനത്ത ജാഗ്രത നിർദേശം. കൊറോണ ബാധിതനും സംഘവും താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടൽ അടച്ചു. ജീവനക്കാരെ ഐസൊലേഷനിലാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കില്ല. മൂന്നാറിലുള്ള മുഴുവൻ വിദേശ സഞ്ചാരികളെയും ഒരു കാരണവശാലും പുറത്തു വിടരുതെന്ന് ഹോട്ടൽ ഉടമകൾക്ക് കർശന നിർദേശം നൽകി.

ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ സ‍ഞ്ചാരികളുടെ ബുക്കിങ് നിർത്തിവയ്ക്കും. ഹോം സ്റ്റേകൾ പരിശോധിച്ച് പട്ടിക തയാറാക്കാൻ തീരുമാനമുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമെതിരേ നടപടി സ്വീകരിക്കും. സഞ്ചാരികൾ കൂടുതലെത്തുന്ന ആനച്ചാലിലും പള്ളിവാസലിലും ചിന്നക്കനാലിലും ഇന്നും നാളെയുമായി അടിയന്തര യോഗം ചേരും. മന്ത്രി എം. എം. മണിയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ ഉന്നതതലയോഗം ചേരും.

മൂന്നാറിൽനിന്ന് അധികൃതരുടെ അനുമതിയില്ലാതെയാണ് ബ്രിട്ടിഷ് പൗരൻ കൊച്ചി വിമാനത്താവളത്തിലെത്തിയത്. ദുബായ് വിമാനത്തിൽ കയറിയശേഷമാണ് കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം ലഭിച്ചത്. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനെയും ഭാര്യയെയും കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. സംഘത്തിൽ ശേഷിക്കുന്ന 17 പേരെയും നിരീക്ഷണത്തിലാക്കി. ആരോഗ്യ വകുപ്പ്, പൊലീസ് അധികൃതർ ഇവരുടെ സ്ഥിതിഗതികൾ നിരീക്ഷിക്കും.

അതേസമയം ബ്രിട്ടിഷ് പൗരന്‍ കയറിയ വിമാനം ബാക്കി യാത്രക്കാരുമായി പുറപ്പെട്ടു. 19 അംഗ സംഘം ഒഴികെയുള്ള യാത്രക്കാരെ കൊണ്ടുപോകാൻ വിമാനക്കമ്പനി തയാറാകുകയായിരുന്നു. ഒരു യാത്രക്കാരൻ സ്വമേധയാ യാത്രയിൽ നിന്നൊഴിവായി. ബ്രിട്ടിഷ് പൗരൻ പോയവഴികളും വിമാനത്താവളവും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയായി.

Eng­lish Sum­ma­ry; coro­na virus; hotel at munnar shut down