August 12, 2022 Friday

Related news

June 30, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

എല്ലാം കരിച്ചുകളയുന്ന അമ്മയുടെ കണ്ണുകൾ

Janayugom Webdesk
January 25, 2020 5:00 am

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ മനുഷ്യരാശിക്ക് മുന്നിൽ ചോദ്യചിഹ്നവും മറ്റൊരു ഓർമ്മപ്പെടുത്തലുമായി മാറിയിരിക്കുകയാണ്. ചൈനീസ് വാർത്താഏജൻസിയായ സുൽഹുവ നൽകുന്ന കണക്കനുസരിച്ച് ചൈനയിൽ മാത്രം 25 പേരാണ് വൈറസ് ബാധയിൽ മരണമടഞ്ഞിരിക്കുന്നത്. 830ലേറെ പേർക്ക് ലോക വ്യാപകമായി രോഗം ബാധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാൻ നഗരം ചൈന അടച്ചുപൂട്ടിക്കഴിഞ്ഞു. വുഹാനിലെ വിമാന‑ട്രെയിൻ സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും അധികൃതർ നിർത്തിവയ്പ്പിച്ചിരിക്കുകയാണ്. വൈറസിന്റെ ഉത്ഭവകേന്ദ്രത്തിൽ ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടികൾ‍ കൈക്കൊള്ളുകയും ചെയ്തെങ്കിലും വൈറസ് ബാധ രാജ്യാതിർത്തി കടന്ന് തായ്‌ലൻഡ്, തായ്‌വാൻ, യു എസ്, സൗത്ത് കൊറിയ, ജപ്പാൻ, സൗദിഅറേബ്യ എന്നീ രാജ്യങ്ങളിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇതോടെ ലോക രാജ്യങ്ങളിൽ പലതിലും യാത്രാവിലക്കുകളും സംജാതമായിരിക്കുകയാണ്.

വിമാനയാത്രാ നിയന്ത്രണംമൂലം ചൈനയിൽ 46 ഇന്ത്യാക്കാർ പെട്ടിരിക്കുകയാണ്. രാജ്യങ്ങളെ ഭരണകൂടം വംശീയതയുടെ പേരിലോ, വിശ്വാസങ്ങളുടെ പേരിലോ വിഭജിച്ചാലും മാനുഷിക പ്രശ്നങ്ങൾ എപ്പോഴും അതിർത്തികളിൽ ഒതുങ്ങുകയില്ലെന്ന് കൊറോണ വൈറസിന്റെ വ്യാപനം ബോധ്യപ്പെടുത്തുന്നു. അന്താരാഷ്ട്രതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യംപോലും ലോകാരോഗ്യ സംഘടനയുടെ പര്യാലോചനയിലാണ്. ചൈനയിൽ വസന്തകാല ഒഴിവുദിനങ്ങൾ ആരംഭിച്ചവേളയിലാണ് അവിടെ വൈറസ് ബാധ പടർന്നത്. ഒരു രാജ്യത്ത് സംഭവിക്കുന്ന ദുരന്തംപോലും ആഗോളതലത്തിൽ പ്രത്യാഘാതം ഉണ്ടാക്കുന്നു­വെ­ന്നതിന്റെ മറ്റൊരു ഉദാഹരണമായിരിക്കുന്നു ചൈനയിൽ ഉത്ഭവിച്ച കൊറോണ വൈറസ് ബാധ. പൗരന്മാരുടെ സ‍ഞ്ചാര സ്വാതന്ത്ര്യത്തിന് ആദ്യ വിലക്ക് വീണപ്പോൾ തന്നെ രാജ്യാന്തരതലത്തിൽ അ­തിന്റെ പാർശ്വഫലങ്ങളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുന്നു.

ഇന്ധനത്തിന്റെ വിനിയോഗം കുറഞ്ഞതിനാൽ ക്രൂ­ഡോ­­യിൽ വിലയിലും ഇടിവ് സംഭവിച്ചിരിക്കുയാണ്. മലയാളികളുടെ വരുമാന സ്രോതസ് ഏറെയും പ്രവാസജീവിതത്തിൽ അ­ധിഷ്ഠിതമായതിനാൽ ചൈ­നയിലെ സംഭവവികാസങ്ങൾ കേരളത്തിൽപോലും ഉ­ത്­ക്കണ്ഠയും ആശങ്കയും നിറച്ചിരിക്കുകയാണ്. രോഗഭീഷണിയും പ്രകൃതിദുരന്തങ്ങളും ഭൂഗോളത്തിന്റെ ഏത് കോണിൽ നിന്ന് ആവിർഭവിച്ചാലും ആഗോളപ്രശ്നമായി മാറാൻ അധികനേരം വേണ്ട എന്നതാണ് സമകാലിക സ്ഥിതി. പ്ലേഗ്, സുനാമി, ഓഖി, ഭൂകമ്പം, പ്രളയം തുടങ്ങി ഭൂമുഖത്ത് പ്രത്യക്ഷപ്പെടുന്ന ഓരോ ദുരന്തവും മനുഷ്യവംശത്തോട് വലിയ ഓർമ്മപ്പെടുത്തലുകളാണ് നടത്തുന്നത്. പ്രകൃതിയോട് പൊരുത്തപ്പെടാത്ത ആധുനിക ജീവിതവും പ്രകൃതിസമവാക്യങ്ങൾക്കിണങ്ങാത്ത വികസനവും ദുരകളും മനുഷ്യവർഗ്ഗത്തിന്റെ ഭൂമിയിലെ നിലനിൽപ്പിനെതന്നെ പ്രതികൂല അവസ്ഥയിലാക്കുന്നു. ദുരന്തം വിതയ്ക്കുന്ന ഓരോ തരം രോഗങ്ങളും അണുക്കളെയും ഉന്മൂലനം ചെയ്തുവെന്ന് ശാസ്ത്രലോകം പറയുമ്പോൾ രോഗാണുക്കൾ രൂപാന്തരം പ്രാപിച്ച് പ്രത്യക്ഷപ്പെടുകയാണ്.

അന്താരാഷ്ട്ര മരുന്ന് വിഷയങ്ങൾ രോഗം പടർത്തി രോഗം ചികിത്സിച്ച് പണം കൊയ്യുന്നത് ഇന്ന് സിനിമാക്കഥയല്ല. ആഗോള സാമ്പത്തിക ഉച്ചകോടിയിൽ പ്രകൃതിസംരക്ഷണ മൂല്യങ്ങൾക്കായി ശബ്ദമുയർത്തിയ പെൺകുട്ടി ഗ്രെറ്റ തൻബർക്കിന്റെ കുഞ്ഞുശബ്ദത്തെ അപഹസിക്കും വിധമായിരുന്നു പിന്നാലെ സംസാരിച്ച ഡൊണാൾഡ്‍ ട്രംപിന്റെ ഒച്ച. ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹവാതകം പുറന്തള്ളിയും ആയുധക്കോപ്പുകൾ നിർമ്മിച്ചും സഹലോകവാസികളുടെയും വരുംതലമുറയുടെയും ഭാവിയിൽ ഇരുൾ വീഴ്ത്തുന്ന അമേരിക്കയെപോലുള്ള മുതലാളിത്ത രാഷ്ട്രങ്ങൾക്ക് ദുരന്തങ്ങൾപോലും കച്ചവടമാർഗ്ഗമാണ്. സർവംസഹയായ ഭൂമാതാവിന്റെ രൂദ്രനോട്ടമോ, കണ്ണുനീരോ ആണ് മനുഷ്യസമൂഹം നേരിടുന്ന ഓരോ ദുരന്തവും. ധർമ്മയുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതരായ പാണ്ഡവർ നിരാശ്രയരും അനാഥരുമായ അമ്മമാരുടെയും വിധവകളുടെയും കണ്ണുനീരിനു മുന്നിൽ വിഹ്വലരായിപോയെന്നാണ് മഹാഭാരതം പറയുന്നത്. അന്ധനായ ഭർത്താവ് ധൃതരാഷ്ട്രർക്ക് വേണ്ടി അന്ധതയെ വരിച്ച ഗാന്ധാരിയോട് വിടചൊല്ലാൻ ചെന്ന യുധിഷ്ഠിരനെ അവർ ശബ്ദസാമീപ്യം കൊണ്ട് തിരിച്ചറിയുന്നു. കെട്ടിയ കണ്ണിന്റെ ഇടയിലെ കാഴ്ചയിലൂടെ ഗാന്ധാരി യുധിഷ്ഠിരന്റെ കാൽവിരലുകൾ‍ മാത്രമാണ് കാണുന്നത്. ആ തീക്ഷ്ണനോട്ടത്തിൽ യുധിഷ്ഠിരന്റെ കാൽനഖങ്ങൾ കരിഞ്ഞുപോയെന്ന് ഇതിഹാസകാരൻ കുറിച്ചിരിക്കുന്നു. പ്രകൃതിമാതാവിന്റെ രുദ്രനോട്ടങ്ങളെ നമ്മൾ കരുതിയിരിക്കുക.

Eng­lish Sum­ma­ry: coro­na virus in china

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.