കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന എട്ട് വിദേശികളുടേയും ജീവൻ രക്ഷിച്ച് കേരളം. എറണാകുളം ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞ നാലു പേരുടെ പരിശോധ ഫലം കഴിഞ്ഞ ദിവസം നെഗറ്റീവായതോടെയാണ് എല്ലാവരും രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ആദ്യം കോവിഡ് മരണത്തിന് കീഴടങ്ങിയ യാക്കൂബ് സേട്ടിനെ കാറിൽ കയറ്റിയ ഊബർ ഡ്രൈവർ വല്ലാർപാടം സ്വദേശി ലതീഷ് (37 ) ഉം രോഗം ഭേഗമായി ഇന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. മാർച്ച് 25 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇറ്റലിയിൽ നിന്നുള്ള റോബർട്ടോ ടൊണോസോ (57), യുകെയിൽ നിന്നുള്ള ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയാൻ നെയിൽ (57), ജാനറ്റ് ലൈ (83), സ്റ്റീവൻ ഹാൻകോക്ക് (61), ആനി വിൽസൺ (61), ജാൻ ജാക്സൺ (63) എന്നിവരും രോഗമുക്തി നേടി സന്തോഷത്തോടെ സ്വദേശത്തേക്ക് പോകാനൊരുങ്ങുകയാണ്. രോഗം കുറഞ്ഞതിനെ തുടർന്ന് ഇവരിൽ അവസാനത്തെ നാല് രോഗികളെ അവരുടെ നിർദേശ പ്രകാരം കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സ കേരളത്തിൽ നിന്നും ലഭിച്ചുവെന്നാണ് ഇവർ പറയുന്നത്. കേരളത്തിന് അഭിമാനകരമായ പ്രവർത്തനം നടത്തിയ തിരുവനന്തപുരം എറണാകുളം മെഡിക്കൽ കോളേജിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അഭിനന്ദിച്ചു.
60 വയസിന് മുകളിലുള്ളവരെ ലോകത്തു തന്നെ ഹൈ റിസ്ക് വിഭാഗത്തിൽ പെടുത്തുമ്പോഴാണ് ഇത്രയേറെ പേരെ അതും വിദേശ പൗരൻമാരെ മികച്ച ചികിത്സയിലൂടെ രക്ഷിച്ചെടുത്തത്. റോബർട്ടോ ടൊണോയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർക്ക് എറണാകുളം മെഡിക്കൽ കോളേജിലുമാണ് ചികിത്സ നൽകിയത്. ഇവരിൽ ഹൈ റിസ്കിലുള്ള എല്ലാവരും എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതുകൂടാതെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 57 വയസുള്ള യു കെ പൗരന് ബ്രയാൻ നെയിലിനെ പ്രത്യേക ചികിത്സയിലൂടെ രോഗം ഭേദമാക്കിയത്.
മാർച്ച് 13ന് വർക്കലയിൽ നിന്നാണ് ഒരു വിദേശിക്ക് ആദ്യമായി കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇറ്റലി സ്വദേശി റോബർട്ടോ ടൊണോസോയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. ഇതോടൊപ്പം ഇദ്ദേഹത്തിന്റെ സഞ്ചാരപാത കണ്ടെത്തുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇദ്ദേഹത്തെ ഹോട്ടലിൽ താമസിപ്പിച്ചാൽ വീണ്ടും പുറത്ത് പോകാൻ സാധ്യതയുള്ളതിനാൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
കോവിഡ് 19 രോഗബാധയെ തുടർന്ന് മൂന്നാറിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരനായ ബ്രയാൻ നെയിൽ അടങ്ങിയ 19 അംഗ സംഘം മാർച്ച് 15ന് വിമാനത്തിൽ കയറി പോകാൻ ശ്രമിച്ചിരുന്നു. ബ്രയാൻ നെയിലിനെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇവരിലാണ് ബ്രയാൻ നെയിൽ ഉൾപ്പെടെ 7 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏറ്റവും ഗുരുതരാവസ്ഥയിലായിരുന്നു 57 വയസുള്ള ബ്രയാൻ നെയിലിന്. മരണത്തെ മുഖാമുഖം കണ്ട അദ്ദേഹത്തെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയിലൂയാണ് ജീവൻ രക്ഷിച്ചത്. എച്ച് ഐ വി യ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ചികിത്സയിലൂടെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആകുകയും ചെയ്യുകയും ചെയ്തു. ഇതുകൂടാതെയാണ് 76 വയസുള്ള രണ്ട് പേരേയും 83 വയസുള്ള ഒരാളേയും ചികിത്സിച്ച് ഭേദമാക്കിയത്.
എറണാകുളം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഗീത നായർ, ആർ എം ഒ ഡോ. ഗണേഷ് മോഹൻ എന്നിവരുടെ ഏകോപനത്തോടെ പൾമണറി ആന്റ് ക്രിറ്റിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവിയും കൊറോണ നോഡൽ ഓഫീസറുമായ ഡോ. ഫത്താഹുദ്ദീൻ, ഇന്റേണൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ജേക്കബ് കെ. ജേക്കബ്, റോഡിയോ ഡയഗ്നോസിസ് മേധാവി ഡോ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഇതുകൂടാതെ നഴ്സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ, ഹെൽത്ത് ഇൻസ്പെക്ടർ രതീഷ്, റേഡിയോ ഗ്രാഫർ ബിജു, നഴ്സുമാർ, ഹൗസ് കീപ്പിംഗ്, റേഡിയോളജി വിഭാഗം എന്നിവരും പരിചരണ സംഘത്തിന്റെ ഭാഗമായി. എറണാകുളം ജില്ലാ കളക്ടർ സുഹാസ്, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, അസി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖിലേഷ് മേനോൻ എന്നിവരും ഇവരുടെ ചികിത്സാ ക്രമീകരണത്തിന് വലിയ പങ്കാണ് വഹിച്ചത്.
English Summary: corona virus in kochi ; 8 foreigners return to their country
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.