Web Desk

കൊച്ചി

March 09, 2020, 9:12 am

കൊച്ചിയിലും കൊറോണ; ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസ്സുകാരന് വൈറസ് സ്ഥിരീകരിച്ചു

Janayugom Online

കേരളത്തിൽ വീണ്ടും കൊറോണ വൈറസ്. ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആറായി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ശനിയാഴ്ച ദുബായ് — കൊച്ചി E K 503 വിമാനത്തിൽ രാവിലെ 6.30 നാണ് കുട്ടി മാതാപിതാക്കൾക്ക് ഒപ്പം കൊച്ചിയിലെത്തിയത്. ഈ വിമാനത്തിൽ എത്തിയവരെ എല്ലാം പരിശോധനയ്ക്ക് വിധേയരാക്കും. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇത് വിവിധ ജില്ലകൾക്കു കൈമാറും. കുട്ടിയുമായി സമ്പർക്കത്തിലായവർ നീരീക്ഷണത്തിലാണ്.

എയർപോർട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പനി കണ്ടെത്തിയത്. ഉടൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലൻസിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ സാമ്പിൾ എൻഐയുവിലെ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ അച്ഛന്റെയും അമ്മയുടേയും സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ആശങ്ക വേണ്ടെന്നും മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

കോവിഡ്- 19 നുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കൽ കോളേജിൽ 12 പേരാണ് ഐസൊലേഷനിലുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. സംശയ നിവാരണത്തിനായി ദിശ 0471–2552056, 0484–2368802 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ കൺട്രോൾ റൂം 04842368802, ടോൾ ഫ്രീ 1056

കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നും വന്ന 56 ഉം 53 ഉം വയസുള്ള ദമ്പതിമാർക്കും ഇവരുടെ 24 വയസുള്ള മകനും ഇവരുമായി സമ്പർക്കം പുലർത്തിയ അടുത്ത ബന്ധുവും അയൽവാസികളുമായ 65 കാരനും 61 വയസുകാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.നിലവില്‍ ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെങ്കിലും വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

Eng­lish Sum­ma­ry; coro­na virus con­firmed three year old child in Kochi

YOU MAY ALSO LIKE THIS VIDEO