ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ 42 പേരെ നിരീക്ഷണത്തിലാക്കി. ഇവരുടെ പരിശോധനാ ഫലം വരുന്നത് വരെ ഇവർ ആലുവ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ഇന്ന് പുലർച്ചെയാണ് ഇവർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഖത്തർ എയർവെയ്സിൽ കൊച്ചിയിലേക്കെത്തിയ ഇവരുടെ രക്ത സാമ്പിളുകൾ എടുത്ത് പരിശോധിക്കും. ഇറ്റലിയിൽ നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം കൊറോണ വൈറസ് ഇല്ലെന്ന സാക്ഷ്യപത്രം ഇല്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാതെ ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെകൊണ്ടുവരാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പതോളം പേരാണ് ഇറ്റലിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കത്തയച്ച കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.
രോഗബാധയിൽ വലയുന്ന രാജ്യങ്ങളിൽ വൈറസ് ഇല്ലെന്ന ഒരു സർട്ടിഫിക്കറ്റ് ലഭിക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇവർ ഇന്ത്യയിലെത്തിയ ശേഷം പരിശോധിക്കാനും തുടർനടപടി സ്വീകരിക്കാനുമാകും. പ്രധാനമന്ത്രിക്ക് ഇക്കാര്യങ്ങൾ വിശദീകരിച്ച് അയച്ച കത്തിൽ സിവിൽ എവിയേഷൻ ഡയറക്ടർ ജനറൽ നൽകിയ സർക്കുലർ പിൻവലിക്കണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
ഫേസ്ബുക്ക് കുറിപ്പ്;
ഇറ്റലിയിൽ നിന്നും വരാൻ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാർക്ക് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുമതി നൽകൂ എന്ന നിർദ്ദേശം നൽകിയതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ടെസ്റ്റ് റിപ്പോർട്ട് ഇല്ലാത്തതിന്റെ പേരിൽ നിരവധി മലയാളികൾ ഇറ്റലിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നതായി അറിയാൻ കഴിഞ്ഞു. യാത്രക്കാർക്ക് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണ്. രോഗികളുടെ ബാഹുല്യം നിമിത്തം വിദേശത്തെ അധികൃതർ യാത്രക്കാരെ യഥാസമയം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിൽ വിമുഖത കാണിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതു നിമിത്തം ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഒട്ടനവധി പ്രയാസം നേരിടേണ്ടി വരുന്നുണ്ട്.
രോഗം പരക്കാൻ ഇടയാകാത്ത വിധം മുൻകരുതലുകളെടുക്കണം എന്ന കാര്യത്തിൽ സംശയമില്ല എങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കപ്പെടേണ്ടതാണ്. ഇന്ത്യയിലേക്ക് എത്തുമ്പോൾ തന്നെ അവരെ പരിശോധിച്ച് ആവശ്യമെങ്കിൽ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനവും നമ്മുടെ രാജ്യത്തുണ്ട്.
ഈ സർക്കുലർ പിൻവലിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ഇറ്റലിയിലെ എയർപോർട്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അഭ്യർത്ഥിക്കുന്നു.
English Summary; corona virus; Indians trapped in Italy
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.