ആർ ബാലചന്ദ്രൻ

ആലപ്പുഴ

March 18, 2020, 8:54 pm

വിനോദസഞ്ചാര മേഖലയിലെ പ്രതിസന്ധി ഉൾനാടൻ മത്സ്യകർഷകരെ വലയ്ക്കുന്നു

Janayugom Online

കോവിഡ്-19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വിനോദസഞ്ചാരമേഖലയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി ഉൾനാടൻ മത്സ്യകർഷകരെ വലയ്ക്കുന്നു. വിദേശികൾക്ക് പ്രിയപ്പെട്ട കരിമീനിനെ ആർക്കും വേണ്ടാത്ത സ്ഥിതിയാണ്. വിനോദസഞ്ചാരികൾ കൂടുതലായും എത്തിയിരുന്ന ഹോട്ടലുകളും റിസോർട്ടുകളും ഹൗസ് ബോട്ടുകാരുമാണ് കരിമീൻ ഏറ്റവും കൂടുതൽ വാങ്ങിയിരുന്നത്. എന്നാൽ കൊറോണ ഭീതിയിൽ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ആരും ഇപ്പോൾ കരിമീൻ വാങ്ങുന്നില്ല.

കരിമീൻ കുടുതലായി ലഭിക്കുന്ന മുഹമ്മ, തണ്ണീർമുക്കം, കുമരകം പോലുള്ള സ്ഥലങ്ങളിൽ മത്സ്യത്തൊഴിലാളികൾ വൻ പ്രതിസന്ധിയിലാണ്. കോട്ടയത്തെ ഉൾനാടൻ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ 150 കിലോയോളം മത്സ്യമാണ് വിറ്റുപോകാതെ കിടക്കുന്നത്. വിൽപ്പന വർധിപ്പിക്കാൻ വിലകുറച്ചുള്ള പരീക്ഷണത്തിനും കർഷകർ തയ്യാറാകുകയാണ്.

കരിമീനിന്റെ ഗുണ നിലവാരം അനുസരിച്ച് നാല് വിഭാഗങ്ങളായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഇതിൽ എ പ്ലസ് കരിമീനിന് കിലോയ്ക്ക് 460 രൂപയിൽ നിന്നും 440 രൂപയായി. എ വിഭാഗത്തിന് 410ൽ നിന്നും 300 രൂപയാക്കി കുറച്ചു. ബി വിഭാഗത്തിന് 330 ൽ നിന്നും 310 ആക്കി കുറച്ചപ്പോൾ സി ക്ലാസിന് 230ൽ നിന്നും 210 ആക്കിയാണ് കുറച്ചത്. കൊറോണ ഭീതിയെ തുടർന്ന് മറ്റ് ആവശ്യക്കാർ എത്താത്തതും തിരിച്ചടിയായി.

2018ലെ പ്രളയത്തിന് ശേഷം വീണ്ടും ഉൾനാടൻ മത്സ്യമേഖല തകർച്ചയിലേക്ക് പോകുകയാണെന്ന സൂചനകളാണ് മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്നത്. കർഷകരെ സംബന്ധിച്ചിടത്തോളം മുടക്കുമുതൽ പോലും ലഭിക്കാത്ത സ്ഥിതിയാണ്. വാണിജ്യ പ്രാധാന്യമുള്ള ഇനങ്ങളായ കാളാഞ്ചി, തിലാപ്പിയ, ചെമ്പല്ലി, വറ്റ എന്നിവക്കും ആവശ്യക്കാർ കുറവാണ്. ഇവരും വിലകുറക്കാൻ നിർബന്ധിതരായിരിക്കുകയാണ്.

കടൽ മത്സ്യങ്ങൾക്ക് മാത്രമാണ് ഇപ്പോൾ വിപണി ഉള്ളത്. കൂട് മത്സ്യകൃഷി ഉൽപ്പന്ന വിപണി പ്രാദേശികമായി ചുരുങ്ങി. ആലുവയിൽ പെരിയാർ നദി, കോട്ടപ്പുറം കായൽ, തൃപ്പൂണിത്തുറ, മൂത്തകുന്നം, ഞാറയ്ക്കൽ, വൈപ്പിൻ, എടവനക്കാട്, ആലപ്പുഴ ജില്ലയിൽ ചേർത്തലയിലെ ചിറക്കൽ, വയലാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലും കോട്ടയത്തു പെരുവ, പൂത്തോട്ട എന്നിവിടങ്ങളിലെ കായലുകളിലും തൃശൂരിൽ ചേറ്റുവ, എങ്ങണ്ടിയൂർ, കൈപ്പമംഗലം, പെരിഞ്ഞനം എന്നിവിടങ്ങളിലുമാണു കൃഷി നടത്തുന്നത്.

ടൂറിസം സീസൺ കണക്കാക്കി വിലകൂടിയ മത്സ്യങ്ങൾ കൃഷിചെയ്ത കർഷകർ ഇന്ന് കടക്കെണിയിലാണ്. ഉൽപ്പാദനം കൂടിയെങ്കിലും മത്സ്യം ആരും വാങ്ങാത്ത സ്ഥിതിയാണ്. സാമ്പത്തിക നഷ്ടം മറികടക്കാൻ ഇവർ സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ വിപണി കണ്ടെത്താനുള്ള ശ്രമം നടത്തിവരുകയാണ്.

Eng­lish Sum­ma­ry; coro­na virus; inland fisheries

YOU MAY ALSO LIKE THIS VIDEO