Web Desk

ന്യൂഡൽഹി

February 28, 2020, 11:14 pm

കൊറോണ വൈറസ് പടരുന്നു

Janayugom Online

ലോകരാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊറോണ വൈറസ് പടർന്ന് പിടിക്കുന്നു. ചൈനയിൽ നിയന്ത്രണ വിധേയമെന്ന് ഔദ്യോഗിക വാർത്താ ഏജൻസികൾ പറയുമ്പോഴും ആഫ്രിക്ക ഉൾപ്പെടെയുള്ള ഭൂഖണ്ഡങ്ങളിൽ രോഗം ഭീതിജനിപ്പിക്കുന്ന വിധത്തിൽ വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. വിവിധ ലോകരാജ്യങ്ങൾ മെഡിക്കൽ ഉപകരണങ്ങൾ ഗണ്യമായി സ്റ്റോക്ക് ചെയ്യുന്നത് രോഗത്തിന്റെ തീവ്രതയുടെ സൂചകമാണെന്ന് വാർത്താ ഏജൻസിയായ ‘ദി ആഫ്രിക്ക റിപ്പോർട്ട്’ റിപ്പോർട്ട് ചെയ്യുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും സബ്സഹാറൻ രാജ്യങ്ങളിൽ കൊറോണ വൈറസ് പടർന്ന് പിടിക്കുന്നത് ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥിതിയിൽ വൈറസ് ബാധ അനിയന്ത്രിതമായി പടർന്ന് പിടിക്കാനാണ് സാധ്യതയെന്നും ലോകാരോഗ്യ സംഘടന.

അതിനിടെ ദരിദ്ര രാജ്യങ്ങളിലെ വൈറസ് ബാധയെ തരണം ചെയ്യുന്നതിന് 500 മില്യൺ ഡോളറിന്റെ പാൻഡമിക് ബോണ്ടുകൾ പുറപ്പെടുവിക്കാൻ ലോകബാങ്ക് തീരുമാനിച്ചു. എന്നാൽ ഇത് കൊണ്ട് പ്രയോജനം ചെയ്യില്ലെന്ന് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഐഎംഎഫ് ഉൾപ്പെടെയുള്ള സംഘടനകൾ സാമ്പത്തിക വളർച്ചാ നിരക്കിനെ കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും ഇത് ശരിയായ നിലപാടല്ലെന്നും ആർബിഐ മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ പറഞ്ഞു. ഇപ്പോൾ വൈറസിനെ നിയന്ത്രിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത് മറിച്ച് സാമ്പത്തിക വളർച്ചയുടേയും തകർച്ചയുടേയും കണക്കുകൾ അല്ലെന്നും രഘുറാം രാജൻ പറഞ്ഞു. ബ്രിട്ടനിൽ ഇതിനകം 19 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

12,700 പേർ രോഗബാധിതരെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. വെയിൽസിലാണ് കൂടുതൽ പേർ ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുന്നത്. ഇറ്റലിയിൽ 650 മുതൽ 700 പേർക്കുവരെ രോഗം സ്ഥിരീകരിച്ചു. 19,765 പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുണ്ട്. ജർമ്മനിയിൽ 50, ഫ്രാൻസ് 18, സ്പെയിൻ 15 എന്നിങ്ങനെയാണ് രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ രാജ്യങ്ങളിൽ കൊറോണ ലക്ഷണങ്ങളുമായി 57,600 പേർ ആശുപത്രികളിൽ ചികിത്സ തേടിയതായി ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയയിൽ 256 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ കൊറോണ ബാധിതരുടെ എണ്ണം 2022 ആയി വർധിച്ചു. 13 പേർ കൊറോണ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗികമായി പറയുന്നത്. ഇതിലേറെ പേർ വൈറസ് ബാധമൂലം മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഇറാനിൽ 34 പേരാണ് ഇന്നലെവരെ കൊറോണ ബാധിച്ച് മരിച്ചത്. ഇന്നലത്തെ കണക്കുകൾ പ്രകാരം 16,789 പേരാണ് കൊറോണ ബാധയെന്ന സംശയത്തിൽ ചികിത്സ തേടിയത്. ഇറാനിലെ 31 പ്രവിശ്യകളിലെ 23 എണ്ണത്തില്‍ എല്ലാ പള്ളികളിലേയും വെള്ളിയാഴ്ച്ച പ്രാർത്ഥന സർക്കാർ റദ്ദാക്കിയിരുന്നു.

ചൈനയിൽ ഇന്നലെ 327 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇറ്റലിലെ വെറോണ സന്ദർശിച്ചു മടങ്ങിയ ലിത്വാനിയൻ സ്വദേശിക്ക് കൊറണ വൈറസ് സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയ ന്യൂസിലാൻഡ് സ്വദേശിക്ക് രോഗം സ്ഥിരീകരീച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അയർലന്റിലെ ഡബ്ലിനിലും കൊറോണ സ്ഥിരീകരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 46 രാജ്യങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍ നൈജീരിയയിലെ ലാഗോസില്‍ രോഗം സ്ഥിരീകരിച്ചു. കാലിഫോർണിയയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 8400 പേര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്ത് ലോകരാജ്യങ്ങളിലാണ് രോഗം പുതുതായി സ്ഥിരീകരിച്ചു. അൾജീരിയ, ക്രൊയേഷ്യ, ഇസ്രയേൽ, സ്പെയിൻ, സ്വിറ്റ്സർലന്റ് എന്നീ രാജ്യങ്ങളില്‍ രോഗം പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.

വടക്കൻ ഇറ്റലിയിലെ പ്രധാന തീർഥാടന കേന്ദ്രമായ മിലാൻ കത്തീഡ്രലിൽ സന്ദർശകർക്ക് അടുത്തമാസം രണ്ട് വരെ വിലക്കേർപ്പെടുത്തി. ആയിരത്തിലധികം പേർ പങ്കെടുക്കുന്ന എല്ലാ പരിപാടികളും മാർച്ച് 15വരെ സ്വിറ്റ്സർലൻഡിൽ വിലക്ക് ഏർപ്പെടുത്തി. ലാറ്റിൻ അമേരിക്കൻ മേഖലയിൽ ബ്രസീലിൽ രോഗം സ്ഥിരീകരിച്ചു. പാകിസ്ഥാൻ, സ്വീഡൻ, ഡെൻമാർക്, ഗ്രീസ്, റൊമാനിയ എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടുള്ള കണക്കുകൾ പ്രകാരം ജപ്പാനിൽ 740 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 190 പേർക്കാണ് രോഗം കണ്ടെത്തിയത്. 12,567 പേർ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ജപ്പാനിൽ ചികിത്സയിലാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെവരെ പത്ത് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇറാഖിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ഗണ്യമായി പടരുന്ന ഇറാനുമായി അതിർത്തി പങ്കിടുന്ന ഇറാഖിൽ സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യതയെന്നും ലോകാരോഗ്യ സംഘടന പറയുന്നു. കുവൈറ്റിൽ 43 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Eng­lish Sum­ma­ry; coro­na virus is spreading

YOU MAY ALSO LIKE THIS VIDEO