കൊറോണ വൈറസിന്റെ ചങ്ങല ഓരോ ദിവസവും ലോകത്തെ വരിഞ്ഞുമുറുക്കി നിശ്ചലമാക്കിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്ര‑ദേശ‑മത-വര്‍ഗ‑സ്ഥിതി-ലിംഗ ഭേദങ്ങളില്ലാതെയാണ് അത് മനുഷ്യരെ വരിഞ്ഞുമുറുക്കി കൊന്നുകൊണ്ടിരിക്കുന്നത്. മാനവചരിത്രത്തില്‍ മഹാമാരികള്‍ തീര്‍ക്കുന്ന കെടുതികളിലൂടെയും ദുരിതങ്ങളിലൂടെയും മനുഷ്യവര്‍ഗം ഒട്ടേറെ തവണ കടന്നുപോയിട്ടുള്ളതായി കാണാം. പ്ലേഗ്, കോളറ, വസൂരി, എച്ച്ഐവി, പലജാതി പനികള്‍ ഇങ്ങനെ എത്രയെത്ര വ്യാധികളെയാണ് മനുഷ്യര്‍ അഭിമുഖീകരിച്ചിട്ടുള്ളത്. എന്നാല്‍ പ്രതിരോധ സന്നാഹങ്ങളെയാകെ വെല്ലുവിളിച്ചുകൊണ്ട് ഒരു വ്യാധി പടരുന്നത് നടാടെയാണ്. വികസിത രാഷ്ട്രങ്ങളും പട്ടാളചിട്ടയുള്ള ഭരണകൂടങ്ങളും ഈ വൈറസിന് മുന്നില്‍ സ്തംഭിച്ചുനില്‍ക്കുകയാണ്. മനുഷ്യവ്യവഹാരത്തിന്റെ സമസ്ത മേഖലയെയും കൊറോണ വൈറസ് സ്തംഭിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിജീവനത്തിന്റെ തന്ത്രങ്ങളും മന്ത്രങ്ങളും പയറ്റി വൈറസിനെ നേരിടാന്‍ ഓരോ രാഷ്ട്രവും കഴിയുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു. കോവിഡ് 19 എന്ന മഹാരോഗത്തെ ചെറുക്കാന്‍ ഒറ്റമൂലി ഇനിയും കണ്ടെത്താനായിട്ടില്ല. സന്നദ്ധതയോടെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരും വൈദ്യശാസ്ത്രവും ആയുധമില്ലാതെയാണ് അടര്‍ക്കളത്തില്‍ നില്‍ക്കുന്നത്.
ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ആ പ്രവിശ്യയെയും രാജ്യത്തെയും കടന്ന് ഏഷ്യാ ഭൂഖണ്ഡമാകെയും അവിടെ നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും അമേരിക്കന്‍ വന്‍കരകളിലേക്കുമെല്ലാം വ്യാപിച്ചിരിക്കുമ്പോള്‍ ബോധ്യപ്പെടുന്നത് രാഷ്ട്ര‑ഭാഷ‑മത‑സൈദ്ധാന്തിക സങ്കല്പങ്ങള്‍ക്കപ്പുറം മനുഷ്യകുലം ഈ ഭൂലോകവാസി മാത്രമാണെന്നാണ്, ജീവല്‍ പ്രശ്നങ്ങള്‍ സമാനമാണെന്നാണ്. സാമ്പത്തികരംഗത്ത് ആഗോള‑ഉദാരവല്‍ക്കരണ നയങ്ങള്‍ രാഷ്ട്രങ്ങള്‍ അവലംബിക്കുമ്പോള്‍ സാങ്കേതികതയും അറിവുകളും കൈമാറ്റം ചെയ്യപ്പെടുന്ന കാഴ്ചകളാണ് ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ കണ്ടത്. അപ്പോഴും മൗലികമായ ശാഠ്യങ്ങള്‍ യുക്തിക്ക് നിരക്കാത്തവിധം രാഷ്ട്രങ്ങള്‍ക്കിടയില്‍ തീവ്രമാകുന്നത് വൈപരീത്യമായി നിലനിന്നുപോരുകയായിരുന്നു. എന്നാല്‍ ഇന്ന് ശാഠ്യങ്ങളുടെ പിരിമുറുക്കങ്ങളെയെല്ലാം ഇല്ലാതാക്കി ഭരണകൂടങ്ങളെ നിസ്സഹായതയില്‍ നിര്‍ത്തുകയാണ് കൊറോണ. ഓരോ രാഷ്ട്രവും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. വിവിധ സ്രോതസുകള്‍ ഒന്നൊന്നായി അടയുകയാണ്. തൊഴില്‍, കാര്‍ഷിക, വാണിജ്യ, വ്യവസായ, വിനോദസഞ്ചാര, നിര്‍മ്മാണ മേഖലകളെല്ലാം പ്രവര്‍ത്തനരഹിതമായി തുടങ്ങി. ഉറക്കമില്ലാത്ത വന്‍ നഗരങ്ങളെല്ലാം മോഹാലസ്യത്തിലായി. ഇങ്ങനെ എത്രകാലം എന്നതിനെക്കുറിച്ച് ആര്‍ക്കും തിട്ടമില്ല. കൊറോണ താണ്ഡവം തുടര്‍ന്നാലും ആത്യന്തികമായി അതും ഒരു അണുജീവിയായതിനാല്‍ ഒടുങ്ങാതെ തരമില്ല. ജീവികള്‍ക്ക് ജീവനാശം പ്രപഞ്ചകല്പനയാണ്. ഒരു യുദ്ധവും മഹാമാരിയും മുന്‍പെങ്ങും വരുത്തിവയ്ക്കാത്ത അത്ര ലോക വ്യാപക ദുരന്തമാണ് കൊറോണയുടെ രുദ്രതാണ്ഡവത്തില്‍ മനുഷ്യകുലം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ധൂളികള്‍ അടങ്ങുമ്പോള്‍ അര്‍ഹതയുള്ളവ അതിജീവിക്കാം, പുതിയ ജീവിതം കെട്ടിപ്പടുക്കാം. സഹനത്തിന്റെ പാഠങ്ങളായിരിക്കണം മുന്നോട്ടു നയിക്കേണ്ടത്.
ഓരോ പൗരനും ഒരേസമയം വിശ്വപൗരന്‍ കൂടിയാണെന്ന് കൊറോണ വ്യാപനം പഠിപ്പിക്കുന്നു. കൊറോണ വൈറസ് പരീക്ഷണശാലയില്‍ നിന്ന് ചാടിപ്പോയ ജൈവായുധമാണെന്നും വൃത്തിഹീനതയുടെ ഉപോല്പന്നമാണെന്നും പരിണാമത്തിലൂടെ പ്രതിരോധ ശക്തിയാര്‍ജിച്ച രോഗാണുവാണ് എന്നുമൊക്കെ വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. ജൈവായുധമാണെങ്കില്‍ അതിനെ വികസിപ്പിച്ച രാഷ്ട്രം ഇപ്പോള്‍ മനസിലാക്കുന്നുണ്ടാകാം, ഒരു അണുവും തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രം ഒതുങ്ങുകയില്ലെന്ന്. നഗരവല്ക്കരണത്തിന്റെ മറുമുഖമാണ് മാലിന്യം. യുക്തിഹീനമായ നഗരവല്‍ക്കരണവും വികസനവും നടപ്പിലാക്കുമ്പോള്‍ കുന്നുകൂടുന്ന മാലിന്യം സൂക്ഷ്മാണുക്കളെപോലും ഉഗ്രരൂപികളാക്കുന്നു. ഒരു ജലദോഷ പനിക്ക് മാത്രം കാരണമാകുമായിരുന്ന വൈറസുകള്‍ രൂപാന്തരം പ്രാപിച്ച് മരണകാരിയാകുകയും മനുഷ്യ പ്രതിരോധശേഷിയെ വെല്ലവിളിക്കുകയുമാണിപ്പോള്‍. ഭൂമിയെ തന്നെ പിളര്‍ക്കാന്‍ പോന്ന ആയുധശേഖരമുള്ള രാജ്യങ്ങള്‍ ഒരു സൂക്ഷ്മാണുവിന് മുന്നില്‍ പോംവഴികളില്ലാതെ നില്‍ക്കുമ്പോള്‍ മനുഷ്യരാശി ശാസ്ത്രത്തിനൊപ്പം ആരണ്യ സംസ്കൃതികളെയും നിലനില്‍പ്പിനായി ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
ഈ കൊറോണ കാലത്ത് ഓരോരുത്തരും അവരവരുടെ സംരക്ഷകരാകേണ്ട അവസ്ഥയില്‍ പ്രകൃതി ജീവനത്തിന്റെ കൂടി പാഠങ്ങളിലേയ്ക്ക് മടങ്ങുവാനാണ് സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നത്. മനുഷ്യകുലത്തില്‍ പിറന്നിട്ടുള്ള ഓരോ ദാര്‍ശനികനും പരിഷ്കര്‍ത്താക്കളും ഉദ്ഘോഷങ്ങളില്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നത് വ്യക്തിശുദ്ധിയാണ്. ‘ശുചിത്വം പാലിക്കുന്നവര്‍ ഈശ്വരനോടടുത്തു നില്‍ക്കുന്നു’ എന്ന കാഴ്ചപ്പാടുതന്നെ ആവിര്‍ഭവിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി വ്യക്തിശുദ്ധി പാലിക്കുകയും പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത വ്യക്തിയാണ്. കേരളത്തില്‍ ശ്രീനാരായണഗുരു പഞ്ചശുദ്ധി (ശരീരശുദ്ധി, വാക് ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി) ശീലമാക്കാനാണ് ഉപദേശിച്ചിരുന്നത്. ജനതാ കര്‍ഫ്യൂവിന് (മാര്‍ച്ച് 22/2020) വീട്ടില്‍ ഒതുങ്ങുകയും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്ത ജനതയ്ക്ക് വിവേചനവും ഔചിത്യവും അന്യമല്ലെന്ന് തെളിഞ്ഞു. ചില പ്രവാസികള്‍ കാട്ടിയ അലംഭാവങ്ങള്‍ ആരോഗ്യരംഗത്തെ ജീവനക്കാരുടെ കരുതലുകള്‍ക്ക് വെല്ലുവിളിയായത് ഒത്തൊരുമയ്ക്കിടയില്‍ കല്ലുകടിയായി. കൊറോണയുടെ ചങ്ങല പൊട്ടിക്കുമ്പോള്‍ തന്നെ അത് സാമൂഹികമായി കുറെ പാഠങ്ങള്‍ പഠിപ്പിക്കുകയും സഹഭാവത്തിന്റെ കണ്ണികളെ കൂട്ടിയിണക്കുകയും ചെയ്യുന്നുണ്ട്. സഹജീവനത്തിന്റെ ശക്തികൂടിയാണ് ഈ പാഠങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.