ആഗോളതലത്തില്‍ വ്യാപിച്ചിരിക്കുന്ന കോവിഡ് 19 വൈറസ് ഒരു ലക്ഷത്തി അറുപതിനായിരത്തോടടുത്ത് മനുഷ്യ ജീവനുകളാണ് കവര്‍ന്നെടുത്തത്. അനുദിനം കോവിഡ് വ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടകം ആകെ രോഗബാധിതരുടെ എണ്ണം ഇരുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തിഒമ്പതിനായിരം കടന്നു. കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ വൈറസ് ബാധിച്ചു മരിച്ചവരുടെ പുതിയ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1,290 പേരുടെ മരണം കൂടിയാണ് വുഹാനില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വുഹാനില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,869 ആയി.
വുഹാനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ഇന്റേൺ ആയി ജോലി ചെയ്യുന്നയാൾ അബദ്ധത്തിൽ ചോർത്തിയതാണ് നോവൽ കൊറോണ വൈറസെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. യുഎസ് മാധ്യമമായ ഫോക്സ് ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഔദ്യോഗികമായി ആരെയും ഉദ്ധരിക്കാതെയാണ് ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട്. യുഎസ്സിനെക്കാൾ മെച്ചമായതോ ഒപ്പം നിൽക്കുന്നതോ ആയ ഗവേഷണ സംവിധാനം ഉണ്ടെന്നു കാണിക്കാനാണ് വുഹാൻ ലാബിൽ നോവൽ കൊറോണ വൈറസിനെക്കുറിച്ചു പഠനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
വൈറസ് ജൈവ ആയുധമല്ലെന്നും വവ്വാലുകളിൽ കാണപ്പെടുന്ന ഒരു ശ്രേണിയിൽപ്പെടുന്നതാണെന്നും ആയിരുന്നു യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. വവ്വാലിനെ ലബോറട്ടറിയിൽ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നു. ഈ വവ്വാലിൽ നിന്നാണ് മനുഷ്യനിലേക്ക് വൈറസ് പകർന്നത്. ആദ്യമായി വൈറസ് കയറിയ മനുഷ്യശരീരം ലബോറട്ടറിയിൽ ജോലി ചെയ്തയാളുടേതാണെന്നും റിപ്പോർട്ടിൽ പറയുന്നു. അബദ്ധത്തിലാണ് ഇന്റേൺ ആയ പെൺകുട്ടിയുടെ ശരീരത്തിൽ വൈറസ് കയറിയത്. പിന്നീട് ഇവരുടെ ആൺസുഹൃത്തിലേക്ക് എത്തിയ വൈറസ് വുഹാൻ മാർക്കറ്റിലേക്കും ബാക്കിയുള്ളവരിലേക്കും പകരുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം തള്ളി ലാബ് ഡയറക്ടർ രംഗത്തെത്തി. അങ്ങേയറ്റം സുരക്ഷാ ക്രമീകരണങ്ങളുള്ള ലാബിൽ നിന്ന് വൈറസ് ചോരുന്നത് അസാധ്യമെന്ന് അദ്ദേഹം പറഞ്ഞു. ലാബിൽ നിന്ന് വൈറസ് പടരാൻ ഒട്ടും സാധ്യതയില്ലെന്നും ലാബിലെ ഒരു ജീവനക്കാരനും വൈറസ് ബാധ ഉണ്ടായിട്ടില്ലെന്നും ലാബ് ഡയറക്ടർ യുവാൻ ഴിമിങ് വ്യക്തമാക്കി. റിപ്പോർട്ടുകൾ വ്യക്തമായ തെളിവിന്റെയോ അറിവിന്റെയോ അടിസ്ഥാനത്തിലല്ലെന്നും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡയറക്ടര്‍ കുറ്റപ്പെടുത്തി. വന്യജീവികളെ വിൽക്കുന്ന ചന്തയിൽ നിന്ന് മൃഗങ്ങളിലൂടെ വൈറസ് മനുഷ്യരിലേക്ക് എത്തിയതായിരിക്കാമെന്നായിരുന്നു ചൈനീസ് ഗവേഷകരുടെ വാദം. എന്നാൽ ലബോറട്ടറിയെ പഴിക്കാതിരിക്കാൻ ചൈന വെറ്റ് മാർക്കറ്റിനെയാണ് കുറ്റപ്പെടുത്തിയത്. പകർച്ചവ്യാധിയെക്കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത് ചൈന മൂടിവയ്ക്കാൻ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഫോക്സ് ന്യൂസിലെ ഈ വാർത്ത അംഗീകരിക്കാനും തള്ളിക്കളയാനും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തയാറായിട്ടില്ല. കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്നു നോക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമായി അന്വേഷിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
English Summary: Corona virus leaked by an intern at Wuhan lab says report
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.