Web Desk

കൊച്ചി

March 14, 2020, 7:27 pm

കൊറോണ; രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലകൾക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ

Janayugom Online

കോവിഡ് 19 രോഗപ്രതിരോധ നടപടികൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവരുടെ തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ തുക ചെലവഴിക്കാമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ഇതനുസരിച്ച് തുകചെലവഴിക്കാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും ഈ ഉത്തരവിൽ അപാകതയുണ്ടെങ്കിൽ അത് അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട ജില്ല ഒഴികെ എല്ലാ ജില്ലകൾക്കും 10 ലക്ഷം രൂപയും പത്തനംതിട്ട ജില്ലയ്ക്ക് 12 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി രോഗപ്രതിരോധ നടപടികളുടെ ഭാഗമായുള്ള ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു. ആവശ്യമെങ്കിൽ ജില്ലകൾക്കുള്ള പ്രത്യേക ധനസഹായം വർദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനൊപ്പം മറ്റ് വകുപ്പുകളിലെ ജീവനക്കാരുടെ സേവനവും ഉപയോഗപ്പെടുത്തും. ബോധവത്ക്കരണ പരിപാടികൾ താഴേത്തട്ടുകളിൽ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പ് പുറത്തിറക്കുന്ന ലഘുരേഖകളും പോസ്റ്ററുകളും മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യക്തമാക്കി. സ്വകാര്യ വ്യക്തികളോ മറ്റ് സംഘടനകളോ സ്വന്തം നിലയ്ക്ക് ബോധവത്ക്കരണ ലഘുരേഖകൾ വിതരണം ചെയ്യുന്നത് തടയും. ഇത്തരത്തിൽ പുറത്തിറങ്ങുന്ന പല കുറിപ്പുകളും നിർദ്ദേശങ്ങളും ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാകുന്നതിനാലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

രോഗവ്യാപനവുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്നവരെ നിരീക്ഷിക്കാൻ സൈബർ സെല്ലിനും മറ്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്രിമിനൽ നിയമപ്രകാരം ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളിൽ അതത് എം എൽഎമാരുടെ അറിവോടെ ചുരുങ്ങിയ അംഗങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള അവശ്യസാധനങ്ങളുടെ വിതരണം റവന്യൂ പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ ഉറപ്പാക്കും. ജില്ലയിൽ 532 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുളളത്. ആളുകൾ കൂട്ടം ചേരുന്നതിന് സർക്കാർ നിരോധനമല്ല മറിച്ച് നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്റർനെറ്റ് ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബാൻഡ് വിഡ്ത് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനായി ആശാ പ്രവർത്തകർ വാർഡ് തല ജാഗ്രതാ സമിതി എന്നിവർ മുഖേന ക്യാമ്പയിനുകൾ ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും ഇത്തരം ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ദീർഘദൂര ബസുകൾ എത്തുന്ന വിവിധ ബസ് സ്റ്റാന്റുകൾ റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സഹായ കേന്ദ്രങ്ങൾ സജ്ജീകരിക്കും. പ്രായാധിക്യമുള്ളവരിൽ രോഗബാധ ഗുരുതരമാകുന്ന സാഹചര്യമുള്ളതിനാൽ വൃദ്ധസദനങ്ങളിൽ സന്ദർശകർക്ക് അനുമതി നൽകുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഈ മാസം കൂടുതൽ പ്രവാസികൾ എത്തുന്നത് കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കും.

ജില്ലയിലെ അതിഥി സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിരീക്ഷണവും ബോധവത്ക്കരണവും നടത്തും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുമെന്നും കുറവുകളുണ്ടെങ്കിൽ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേപോലെ മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും അമിതവില ഈടാക്കുന്നത് തടയുന്നതിനായി പ്രത്യേക സ്ക്വാഡുകൾ പ്രവർത്തിക്കും. എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്ന നിലപാട് സർക്കാരിനില്ലെന്ന് പറഞ്ഞ മന്ത്രി ആരൊക്കെ, ഏതൊക്കെ സാഹചര്യങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പാലിക്കണമെന്നും കൂട്ടിച്ചേർത്തു.

കളക്ടട്രേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം പിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, എം എൽഎമാരായ കെ ജെ മാക്സി, ജോൺ ഫെർണാണ്ടസ്, അൻവർ സാദത്ത്, അനൂപ് ജേക്കബ്, വിപി സജീന്ദ്രൻ, പിടി തോമസ്, എസ് ശർമ്മ, എൽദോ എബ്രഹാം, ആന്റണി ജോൺ, എം സ്വരാജ്, വിഡി സതീശൻ, എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ, ടി ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ കളക്ടർ എസ് സുഹാസ്, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, വിവിധവകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry; coro­na virus, min­is­ter v s sunilku­mar response

YOU MAY ALSO LIKE THIS VIDEO