December 6, 2022 Tuesday

കൊറോണകാലത്തും സംഘപരിവാറിന്റെ സങ്കുചിത രാഷ്ട്രീയ അജണ്ട

ഡോ. ജിപ്‍സണ്‍ വി പോള്‍
April 1, 2020 5:30 am

 ലോകവും രാജ്യവും ഇത്രയും വലിയ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ രാഷ്ട്രീയം പറയാമോ എന്ന ചോദ്യം അനാവശ്യമെന്ന് ആദ്യമെ അറിയിക്കുന്നു. ശരിയാണ് ആധുനികലോകം നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ മഹാമാരിയെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകത്തെ അതിവികസിത രാജ്യമായ അമേരിക്കയും ഇറ്റലിയും സ്പെയിനും ജര്‍മനിയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്നതിനെക്കാള്‍ കൃത്യമായ ഇടപെടലുകളുമായാണ് ഇന്ത്യ ഈ മഹാവിപത്തിനെ നേരിടുന്നത്. അതുകൊണ്ട് തന്നെയാണ് രോഗവ്യാപനവും മരണനിരക്കും നമ്മുടെ രാജ്യത്ത് ഇപ്പോൾ കുറഞ്ഞുനില്‍ക്കുന്നത്. കോവിഡ് 19 അഥവാ കൊറോണയെ നേരിടുന്നതിന് ലോകത്തിന് ആകെ മാതൃകയാണ് നമ്മുടെ കൊച്ചു കേരളം. ഇന്ത്യയില്‍ ആദ്യമായി കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തില്‍ ആണ്. സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അവസരോചിതമായ ഇടപെടല്‍മൂലം ആദ്യഘട്ടത്തില്‍ വ്യാപനം തടയുന്നതിനും മരണത്തില്‍ നിന്നും രക്ഷിക്കാനും നമുക്കായി. എന്നാല്‍ കൊറോണയുടെ രണ്ടാം വരവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് വിടെയാണെങ്കിലും അവരില്‍ അധികവും വിദേശികളും വിദേശത്തുനിന്ന് എത്തിയ കേരളീയരുമാണ്. ഇത്തരം ആളുകളില്‍ ചിലരുടെ അലംഭാവത്തില്‍ നിന്നാണ് കേരളത്തില്‍ രോഗവ്യാപനം ഉണ്ടായത്.

മറ്റ് സംസ്ഥാനങ്ങളില്‍ മരണസംഖ്യ ഉയരുമ്പോഴും കേരളത്തില്‍ ഇതുവരെ രണ്ട് മരണം മാത്രമെ ഉണ്ടായിട്ടുള്ളു എന്നത് നമ്മുടെ ജാഗ്രതയേയും കരുതലിനേയുമാണ് കാണിക്കുന്നത്. കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ജനതാകര്‍ഫ്യൂവിനെയും മറ്റ് നടപടികളേയും പൂര്‍ണമായി പിന്തുണയ്ക്കുമ്പോഴും വിമർശിക്കാതിരിക്കാനാകില്ല. മാര്‍ച്ച് 22ലെ കര്‍ഫ്യൂവിനോട് അനുബന്ധിച്ച് വെെകുന്നേരം അഞ്ചുമണിക്ക് ആരോഗ്യപ്രവര്‍ത്തകരെ അനുമോദിക്കാനായി പാത്രം കൊട്ടുക എന്നതിലൂടെ പഴയൊരു അന്ധവിശ്വാസത്തെ ശാസ്ത്രീയമായി അവതരിപ്പിക്കാന്‍ ശ്രമിച്ചതായി തോന്നുന്നു. ആരോഗ്യ പ്രവര്‍ത്തകരെ എത്ര അനുമോദിച്ചാലും അധികമാകില്ല. എന്നാല്‍ അതിന് തിരഞ്ഞെടുത്ത രീതി ശരിയാണന്ന് പറയാന്‍ കഴിയില്ല. മട്ടുപ്പാവില്‍ കയറിനിന്ന് പാത്രം കൊട്ടാന്‍ പറയുമ്പോള്‍ ഇന്ത്യയില്‍ എത്രപേര്‍ക്ക് മട്ടുപ്പാവ് ഉണ്ടെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കും. 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി 18 ദിവസം നീണ്ടുനിന്ന മഹാഭാരത യുദ്ധത്തേക്കാള്‍ വലുതാണ് 21 ദിവസത്തെ ലോക്ക്ഡൗണ്‍ എന്ന പ്രസ്താവന അബദ്ധത്തില്‍ സംഭവിച്ചതല്ല, മറിച്ച് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് എന്ന് മനസിലാക്കാന്‍ വലിയ ഗവേഷണത്തിന്റെയൊന്നും ആവശ്യമില്ല. തൊട്ടടുത്ത ദിവസം തന്നെ രാമായണം, മഹാഭാരത സീരിയലുകള്‍ ദൂരദര്‍ശനിലൂടെ‍ പുനഃസംപ്രേഷണം നടത്തി തുടങ്ങിയതിലൂടെ ഈ അജണ്ട മൂടുപടം അഴിച്ചുവച്ച് രംഗത്ത് വന്നിരിക്കുകയാണ്.

33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത മഹാഭാരതം, രാമായണം സീരിയലുകള്‍ ബിജെപിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഏറെ സഹായം ചെയ്ത ഒന്നാണ്. രാമായണം സീരിയലിലൂടെയാണ് രാമന്‍ ജനിച്ചത്, അയോധ്യയിലെ ബാബറി പള്ളി സ്ഥിതി ചെയ്യുന്നിടത്താണ് എന്ന മിഥ്യാധാരണയെ സത്യമായി സാധാരണക്കാരുടെ മനസില്‍ ഉറപ്പിച്ചത്. തകര്‍ച്ചയെ നേരിടുന്ന സമ്പദ്‌വ്യവസ്ഥയെ സംരക്ഷി‌ക്കാനാകില്ല എന്നും ഇത് സാധാരണക്കാരന്റെ ജീവിത നിലവാരം തകര്‍ക്കുമെന്നും അവര്‍ ഭരണകൂടത്തിന് എതിരാകുമെന്നുമുള്ള തിരിച്ചറിവില്‍ നിന്ന് അവന്റെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുന്ന വിശ്വാസമെന്ന അപ്പക്കകഷണമാണ് ഈ സീരിയലുകള്‍ എന്ന് എന്നാണോ സാമാന്യം ജനം തിരിച്ചറിയുന്നത് അതുവരെ ഈ വര്‍ഗീയ അജണ്ട വിജയിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെയാണ് മഹാനായ കാള്‍ മാര്‍ക്സ് മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് എഴുതി വച്ചത്. രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ആയിരിക്കുമ്പോഴാണ് സംഘപരിവാറിന്റെ മാനസപുത്രന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് രാമക്ഷേത്രത്തില്‍ നൂറുകണക്കിന് ആളുകളെ കൂട്ടി പ്രതിഷ്ഠാ പൂജ നടത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ച പത്രക്കാരോട് കൊറോണയെ രാമന്‍ നോക്കിക്കൊള്ളും എന്ന് പറയാന്‍ യാതൊരു ഉളുപ്പും തോന്നിയില്ല ആദിത്യനാഥിന്. ഇതൊക്കെത്തന്നെയാണ് ഗോമൂത്രവും ചാണകകേക്കും കൊറോണക്ക് പ്രതിവിധി എന്ന പ്രചരണത്തിൽ എത്തിക്കുന്നതും.

ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ — മുതലാളിത്ത രാജ്യമായ അമേരിക്കപോലും സാമ്പത്തിക — ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ പോലും ഇന്ത്യ ഗവണ്‍മെന്റതിന് തയാറായില്ല. രണ്ട് ട്രില്യണ്‍ ഡോളറിന്റെ പാക്കേജ് ഇതുവരെയും അമേരിക്ക പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനിയുള്ള പാക്കേജുകള്‍ ആകട്ടെ സെനറ്റിന്റെ പരിഗണനയിലും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രതിമാസം 2000 ഡോളര്‍ വരെ ലഭിക്കാവുന്ന പാക്കേജാണ് അമേരിക്ക പ്രസ്താവിച്ചത്. ഇന്ത്യക്കാകട്ടെ ആദ്യം പ്രഖ്യാപിച്ച പാക്കേജുകള്‍ എല്ലാം തന്നെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ ആയിരുന്നു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള സമ്മര്‍ദത്തിന്റെ ഫലമായി മാര്‍ച്ച് 26ന് 1,70,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും ഇത് അപര്യാപ്തമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജ് എങ്കിലും പ്രഖ്യാപിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സാമ്പത്തിക‑ആരോഗ്യരംഗം തകര്‍ന്നടിയും എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവിടെയാണ് കേരളത്തിന്റെ 20,000 കോടി രൂപയുടെ പാക്കേജ് വ്യത്യസ്തമാക്കുന്നത്. അതിഥി തൊഴിലാളിയെ മുതല്‍ തെരുവ് നായ്ക്കളെ വരെ കരുതുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലേത്. വികസിത രാജ്യങ്ങളിലെ വന്‍കിട കമ്പനികളും കോര്‍പ്പറേറ്റ് ഗ്രൂപ്പുകളും കൊറോണ നിയന്ത്രണ ഫണ്ടിലേക്ക് സംഭാവനകളും അതിലേക്കാവശ്യമായ വെന്റിലേറ്റര്‍ അടക്കമുള്ള സഹായങ്ങളും വാഗ്ദാനം ചെയ്യുമ്പോള്‍ ഇന്ത്യന്‍ കുത്തകകളില്‍ നിന്നും അങ്ങനെയൊന്നും കേള്‍ക്കുന്നില്ല. ബ്രിട്ടീഷ് സർക്കാർ ആരോഗ്യ‑അടിയന്തിരാവസ്ഥക്കാലത്ത് സ്വകാര്യ റെയില്‍വേ കമ്പനികളെപോലും ഏറ്റെടുത്ത് സൗജന്യയാത്ര ഉറപ്പാക്കിയപ്പോള്‍ നമ്മളാകട്ടെ പത്ത് രൂപയുടെ പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപയായി വര്‍ധിപ്പിക്കുകയാണ്. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ 40 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ ആയിരിക്കുമ്പോള്‍ തീരുവ വര്‍ധിപ്പിച്ചുകൊണ്ട് അതിന്റെ ഗുണം സാധാരണക്കാര്‍ക്ക് അപ്രാപ്തമാക്കിയ സർക്കാരാണ് നമ്മുടേത്.

കൊറോണയുടെ പേരില്‍ ഷഹീന്‍ ബാഗ് സമരപ്പന്തല്‍ തകര്‍ത്ത് അവര്‍ക്കെതിരെ കേസെടുക്കാന്‍ തിടുക്കം കാട്ടിയ കേന്ദ്ര/വിവിധ ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ ആയിരക്കണക്കിനായ തെരുവില്‍ അന്തിയുറങ്ങുന്ന ആളുകളുടെ ആരോഗ്യത്തെപ്പറ്റിയോ ചിന്തിച്ചില്ല എന്നുള്ളത് കൊറോണക്കാലത്തെ രാഷ്ട്രീയ അജണ്ട ഏത് രേഖയില്‍ ആണ് സഞ്ചരിക്കുന്നത് എന്ന് കാണാന്‍ കഴിയും. കൊറോണ കാലത്ത് അടച്ചുപൂട്ടിയ കലാശാലകളും ഹോസ്റ്റലുകളും വര്‍ഗീയ അജണ്ടയ്ക്ക് അടിപെട്ട് സിഎഎയ്ക്കും എന്‍പിആറിനും മറ്റുമെതിരായ സമരങ്ങളെ വഴിയില്‍ ഉപേക്ഷിക്കും എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. കേരളത്തിന്റെ അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ചുകൊണ്ട് കേരളത്തിലേക്കുള്ള ചരക്കുനീക്കം തടഞ്ഞ് കേരളാ സർക്കാരിനേയും ജനങ്ങളേയും സമ്മര്‍ദത്തില്‍ ആക്കാനുള്ള ശ്രമങ്ങൾ കര്‍ണാടക ബിജെപി സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണ് എന്ന് മനസിലാക്കാന്‍ അധികം അരിയാഹാരം ഒന്നും കഴിക്കേണ്ട. ഹിന്ദുത്വ അജണ്ടയില്‍ ഊന്നിയുള്ള രാഷ്ട്ര നിര്‍മ്മിതിക്ക് പറ്റിയ കാലമല്ല ഈ മഹാവ്യാധി എന്ന് സംഘപരിവാറും കേന്ദ്രസർക്കാരും ഓര്‍ത്താല്‍ നന്ന്. രാഷ്ട്രീയ അജണ്ടകള്‍ മാറ്റി വച്ച് ജനകീയ അജണ്ടയുടെ ഭാഗമാകുവാന്‍ എല്ലാവരും തയ്യാറാവണം.

(ലേഖകന്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ സീനിയര്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.