വിദേശത്ത് നിന്നും നെടുങ്കണ്ടത്ത് എത്തിയ കുടുംബം കൊറോണ (കോവിഡ് 19) വൈറസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ നൽകിയ നിർദ്ദേശങ്ങളെ മറികടന്ന് ഡൽഹിയിൽ വിനോദസഞ്ചാരത്തിന് പോയതായി കണ്ടെത്തി. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ ലംഘിച്ചതിന് കുടുംബത്തിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി നെടുങ്കണ്ടം കെ പി കോളനി മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസർക്കും ഉടുമ്പൻചോല തഹസിൽദാർക്കും കത്ത് നൽകി.
മാർച്ച് മൂന്നിന് ഷാർജയിൽ നിന്നും കൊച്ചിയിലേക്ക് എയർ ഇന്ത്യ ഐ എക്സ് ‑412 വിമാനത്തിലെത്തിയ നെടുങ്കണ്ടത്തിന് സമീപം സ്ഥിരതാമസമാക്കിയ കുടുംബമാണ് നിർദേശങ്ങൾ ലംഘിച്ചത്. കുടുംബത്തിലെ കുട്ടിക്ക് പനി, ചുമ എന്നിവ ബാധിച്ച് കഴിഞ്ഞ ആഴ്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ കുടുംബം വിദേശത്തുനിന്നും വന്നതാണെന്നുള്ള വിവരം ഡോക്ടറോട് മറച്ചുവെയ്ക്കുകയായിരുന്നു.
വിദേശത്ത് നിന്നും ഒരു കുടുംബം എത്തിയതറിഞ്ഞ് ആരോഗ്യ പ്രവർത്തകർ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ ഇവർ നിസ്സകരണ മനോഭാവം പ്രകടിപ്പിച്ചു. 28 ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിയുവാനും പൊതുജന സമ്പർക്കം ഒഴിവാക്കാനും ആരോഗ്യ പ്രവർത്തകർ നിർദേശിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് മാർച്ച് ഒമ്പതിന് കുടുംബം മാതാപിതാക്കളുമൊത്ത് തമിഴ്നാട്ടിലെ ബന്ധുവീട്ടിലേക്കും തുടർന്ന് വിമാന മാർഗം ഡൽഹിയിലേക്ക് വിനോദസഞ്ചാരത്തിനും പോയത്. 12‑ന് ഇവർ താജ്മഹൽ സന്ദർശിച്ചതായും വിവരം ലഭിച്ചു. അതിനാൽ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഇവർക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.