Web Desk

കോഴിക്കോട്

March 22, 2020, 9:01 pm

കൊറോണ വ്യാപനം: കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Janayugom Online

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ജില്ലാ കലക്ടർ ഉത്തരവിൽ വ്യക്തമാക്കി. ഞായറാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ളവയുടെ വിൽപനകേന്ദ്രങ്ങൾ രാവിലെ 10 മണി മുതൽ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവർത്തിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ജനങ്ങൾ തിങ്ങിക്കൂടുന്ന പൊതു പരിപാടികൾ, ഉത്സവങ്ങൾ, ആഘോഷപരിപാടികൾ, പരീക്ഷകൾ, മതപരിപാടികൾ, ആശുപത്രി സന്ദർശനങ്ങൾ തുടങ്ങിയവ നിയന്ത്രിച്ചുകൊണ്ടാണ് ഉത്തരവ്. ഒരിടത്തും അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരരുത്. പ്രതിഷേധപ്രകടനങ്ങൾ അടക്കം ആളുകൂടുന്ന എല്ലാ പരിപാടികളും വിലക്കിയിട്ടുണ്ട്. ഇതു കൂടാതെ കൊറോണ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകളിൽ ഒരേസമയം 10ൽ കൂടുതൽ ആളുകൾ പാടില്ല. ആകെ പങ്കെടുക്കുന്നവർ 50ൽ അധികമാകരുത്. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്കും നിയന്ത്രണങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് ഇന്ന് രണ്ടുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിലും നിരീക്ഷണത്തിലുള്ള രണ്ടുപേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കൊടുവള്ളി കിഴക്കോത്ത് പഞ്ചായത്തിൽ അബുദാബിയിൽ നിന്നെത്തിയ സ്ത്രീക്കും കുറ്റ്യാടി വേളം പഞ്ചായത്തിൽ വിദേശത്തു നിന്നെത്തിയ പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സ്ത്രീ കോഴിക്കോട് മെഡിക്കൽ കോളേജിലും പുരുഷൻ ബീച്ച് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇരുവരെയും വിമാനത്താവളത്തിൽ നിന്നു തന്നെ നേരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Eng­lish Sum­ma­ry; coro­na virus; sec­tion 144 imposed in kozhikode

YOU MAY ALSO LIKE THIS VIDEO