വടക്കൻ ചൈനയിലെ ഷെൻസെൻ നഗരത്തിൽ നായ്ക്കളുടെയും പൂച്ചകളുടെയും ഉൾപ്പെടെയുളള മൃഗങ്ങളുടെ മാംസം വിൽക്കുന്നതും കഴിക്കുന്നതിനും വിലക്കേർപ്പെടുത്തി. വന്യമൃഗങ്ങളുടെ ഇറച്ചിയിലൂടെ കൊറോണ വൈറസ് വ്യാപിക്കുന്നുവെന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തലിനെ തുടർന്നാണ് വിലക്ക്.
ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള വുഹാനിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. അവിടെ എലി, പാമ്പ്, വെരുക് തുടങ്ങിയ എല്ലാത്തരം മൃഗങ്ങളുടെയും വില്പന സജ്ജീവമായിരുന്നു. ഷെൻസെൻ പീപ്പിൾസ് കോൺഗ്രസാണ് നായ്ക്കയുടെയും പൂച്ചയുടെയും മാംസം നിരോധിക്കാനുള്ള തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം പറയാൻ വ്യാഴാഴ്ച വരെ സമയം അനുവദിച്ചിരുന്നു.
ഒമ്പത് തരം മാംസങ്ങളാണ് ഒഴിവാക്കേണ്ടവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിക്കാവുന്ന മാംസങ്ങളുടെ വൈറ്റ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ എപ്പോൾ മുതലാണ് ഇത് നടപ്പാവുകയെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. പന്നി, ബീഫ്, ചിക്കൻ, മുയൽ, മത്സ്യം, മറ്റ് കടൽ വിഭവങ്ങൾ എന്നിവയാണ് വൈറ്റ് ലിസ്റ്റിലുള്ളത്.
പൂച്ച, നായ തുടങ്ങിയ വളർത്തുമൃഗങ്ങളെയും ചൈനക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളായ പാമ്പ്, ആമ, തവള തുടങ്ങിയവയെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കേണ്ട ജീവികൾ ഉൾപ്പെടുന്ന പട്ടിക പ്രസിദ്ധീകരിക്കുന്നില്ലെന്നാണ് ഷെൻസെൻ പ്രാദേശിക ഭരണകൂടം അറിയിച്ചിരിക്കുന്നത്. ചൈനയിൽ ആയിരക്കണക്കിന് ജീവി വിഭാഗങ്ങളുണ്ട്. ഇവയെയെല്ലാം ഉൾപ്പെടുത്തുക പ്രയാസമാണെന്നാണ് അവർ പറയുന്നത്.
വന്യജീവികളെ ഭക്ഷിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് നാഷണൽ പീപ്പിൾസ് കോൺഗ്രസ് തിങ്കളാഴ്‍ച പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെൻഷെൻ നഗര ഭരണകൂടത്തിന്റെ നടപടി. കൊറോണ വൈറസ് പടരാൻ കാരണം വന്യജീവികളുടെ മാംസം കഴിക്കുന്നതാണെന്ന് ആരോപണമുയർന്നിരുന്നു. നായ്ക്കളെയും പൂച്ചകളെയും ഭക്ഷിക്കുന്നിൽ വിലക്കേർപ്പെടുത്തിയ തീരുമാനത്തെ സ്വീകരിക്കുന്നതായി ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ അനിമൽ വെൽഫെയർ ഗ്രൂപ്പ് അംഗം പീറ്റർ ലീ അറിയിച്ചു. വിലക്ക് ലംഘിക്കുന്നവർക്ക് 20, 000 യുവാൻ പിഴയീടാക്കാനും നിർദ്ദേശമുണ്ട്. മാംസം വിൽക്കുന്ന കടകൾക്ക് 50, 000 യുവാനുമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
English Summary; Corona virus: Shenzhen prepares ban on eating cats and dogs
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.