പത്രങ്ങളിലൂടെ കോവിഡ് പകരുമോ? പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യമിതാണ്

Web Desk
Posted on March 24, 2020, 7:22 pm

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ മേഖലകളും കടുത്ത പ്രതിസന്ധികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ എല്ലാവരിലും ഉയരുന്ന വലിയൊരു ചോദ്യമായി മാറിയിരിക്കുകയാണ് പത്രങ്ങളിലൂടെുയും കോവിഡ് പകരില്ലേ എന്നത്. വൈറസ് പത്രങ്ങളിലൂടെ പകരുമെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ആളുകളും ഏതെങ്കിലുമൊരു പത്രം ദിവസവും വായിക്കുന്ന ശീലമുള്ളവരാണ് എന്നുള്ളതുകൊണ്ടു തന്നെ ഈ ചോദ്യത്തിന് വലിയ പ്രാധാന്യവുമുണ്ട്.

എന്നാല്‍ ഈ വിഷയത്തെ കുറിച്ച് ജനകീയ ആരോഗ്യ പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഡോക്ടര്‍ ജിനേഷ് മാധ്യമങ്ങളോട് പറയുന്നത് പത്രത്തിലൂടെ കോവിഡ് പകരാനുള്ള സാധ്യത കുറവാണെന്നും ഡ്രോപ്ലെറ്റ് ഇന്‍ഫക്ഷനിലൂടെയാണ് വൈറസ് വ്യാപിക്കുന്നതുമെന്നാണ്. ന്യൂസ് പേപ്പറുകളില്‍ വൈറസുകള്‍ക്ക് നിലനില്‍ക്കാനാകുമെന്ന് പഠനങ്ങളോ തെളിവുകളോ പുറത്തു വന്നിട്ടില്ല.

കൊറോണ വൈറസ് പ്രധാനമായും പകരുന്നത് രോഗികള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറുകണികള്‍ നേരിട്ട് മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ്. പഠനങ്ങളില്‍ പറയുന്നത് കൊറോണ വൈറസുകള്‍ ചെമ്പ് പ്രതലത്തില്‍ നാല് മണിക്കൂറും, കാര്‍ഡ് ബോര്‍ഡ് പ്രതലത്തില്‍ 24 മണിക്കൂറും പ്ലാസ്റ്റിക്, സ്റ്റീല്‍ പ്രതലത്തില്‍ 3 ദിവസങ്ങള്‍ അതിജീവിക്കുമെന്നണ്. മാത്രവുമല്ല മനുഷ്യസ്പര്‍ശം നേരിട്ട് ഏല്‍ക്കാത്ത തരത്തില്‍ മാധ്യമങ്ങള്‍ എല്ലാവരിലുമെത്തിക്കാനുള്ള ശ്രമങ്ങളും മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

എല്ലാ വിധമുന്‍കരുതലും നാം എടുത്താല്‍ രോഗ വ്യാപനം തടയാന്‍ സാധിക്കും. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകുക. സോപ്പിനു പകരം 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ്. കൈ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക. അല്ലാതെ പത്രം വായിക്കാതിരിക്കേണ്ട കാര്യമില്ല.നാക്കിൽ വിരലിൽ കൊണ്ട് തുപ്പൽ തൊട്ട് പത്രം മറിക്കുന്ന ചിലരുണ്ടാകും, വൈറസ് ബാധ ഉണ്ടെങ്കിൽ തുപ്പൽ വഴി രോഗം മറ്റൊരാളിൽ എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ ശീലം ഒഴിവാക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ ആശങ്കകള്‍ ഒഴിവാക്കാം.

Eng­lish Sum­ma­ry: coro­na virus spread via news paper

You may also like this video