Web Desk

ന്യൂഡൽഹി

March 18, 2020, 5:44 pm

കൊറോണ പ്രതിരോധം: കേരള മാത‍ൃകയെ വീണ്ടും പ്രശംസിച്ച് സുപ്രീംകോടതി

Janayugom Online

ലോകത്താകമാനം പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികളിലെ കേരള മാത‍ൃകയെ വീണ്ടും പ്രശംസിച്ച്  സുപ്രീംകോടതി. കൊറോണ കാലത്ത് കുട്ടികൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ കോടതി അഭിനന്ദിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചാണ് കേരളത്തെ പ്രശംസിച്ചത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അങ്കണവാടികൾ അടച്ചിരുന്നു. എന്നാൽ കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ സർക്കാർ ഭക്ഷണ ധാന്യങ്ങൾ വീട്ടിൽ എത്തിച്ച് നൽകിയിരുന്നു. സർക്കാരിന്റെ ഈ നടപടിയെയാണ് കോടതി അഭിന്ദനിച്ചത്. അതേസമയം ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്നും കോടതി ചോദിച്ചു.

നേരത്തെ കേരളത്തിലെ ജയിലുകളിൽ നടത്തിയ കൊറോണ ക്രമീകരണങ്ങളെ സുപ്രീംകോടതി പ്രശംസിച്ചിരുന്നു. രാജ്യത്തെ ജയിലുകളിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതൃപ്തി പ്രകടിപ്പിച്ച സുപ്രീംകോടതി ഇതിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. കേസെടുത്തത്തിന് പിന്നാലെ സംസ്ഥാനങ്ങൾക്കയച്ച നോട്ടീസിലാണ് കേരളത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വൈറസ് പടരുന്നെന്ന് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കേരളം ജയിലുകളിൽ വേണ്ട പ്രതിരോധ നടപടികൾ ആരംഭിച്ചിരുന്നതായി നോട്ടീസിൽ പറയുന്നു.

കേരളത്തിലെ ജയിലുകളിൽ ഐസൊലേഷൻ വാർഡുകൾ ആരംഭിച്ചു. ജയിലുകളിൽ പുതിയതായി പ്രവേശിപ്പിക്കുന്ന തടവുകാർ ആദ്യം നിരീക്ഷണത്തിലായിരിക്കും. ആറ് ദിവസമാണ് ഇവർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുക. ഇത്തരം മുൻ കരുതൽ നടപടികൾ മറ്റ് സംസ്ഥാനങ്ങള്‍ എന്തുക്കൊണ്ട് സ്വീകരിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു.

Eng­lish Sum­ma­ry; coro­na virus Supreme Court appre­ci­ates Ker­ala model

YOU MAY ALSO LIKE THIS VIDEO