പി പി ചെറിയാൻ

ബാൾട്ടിമോർ ( മേരിലാൻഡ് )

March 11, 2020, 3:32 pm

കൊറോണ വൈറസ്; അഞ്ചു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും

Janayugom Online

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ വൈറസ് കോവിഡ് ‑19 ബാധിക്കുന്ന ഭൂരിഭാഗം രോഗികളിലും അണുബാധയേറ്റ് ഏകദേശം അഞ്ച് ദിവസമാകുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ വിദഗ്ധർ പറഞ്ഞു.

പനി, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ പ്രത്യക്ഷപ്പെടുന്നതോടെ വൈറസ് ശരീരത്തിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങിയെന്ന് ഉറപ്പിക്കാം. അതുകൊണ്ടുതന്നെ നിലവിൽ ലോകാരോഗ്യസംഘടന ഉൾപ്പടെ നിർദേശിച്ചിട്ടുള്ള 14 ദിവസത്തെ ക്വാറൻറൈനിലുള്ള നിരീക്ഷണം എല്ലാവരും പാലിക്കണമെന്നും പഠന സംഘം പറയുന്നു. രോഗബാധയുള്ള രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവർ നിർബന്ധമായും ക്വാറൻറൈനിൽ തുടരണം.

“വൈറസിന്റെ ഇൻകുബേഷൻ കാലാവധി അഞ്ച് ദിവസമാണെന്ന് ഉറപ്പുണ്ട്. ” 181 കേസുകളിൽ രോഗത്തിൻറെ പുരോഗതി വിശകലനം ചെയ്താണ് പഠനം നടത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എപ്പിഡെമിയോളജിസ്റ്റ് ജസ്റ്റിൻ ലെസ്ലർ പറഞ്ഞു.

വൈറസ് ബാധിച്ചവരെ ക്വാറൻറൈനിലാക്കുന്നത് രോഗം വ്യാപിക്കുന്നത് കൃത്യമായി തടയും. രോഗം ബാധിച്ച ഒരാൾ എത്ര സമയത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമെന്ന് മനസിലാക്കാൻ കൃത്യമായ പരിശീലനം ലഭിച്ച പൊതുജനാരോഗ്യപ്രവർത്തകർക്ക് സാധിക്കും. രോഗബാധിച്ചയാൾ വാ മൂടാതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴാണ് സമീപത്തുള്ളയാളിലേക്ക് രോഗം പടരാൻ സാധ്യത കൂടുതലെന്ന് അമേരിക്കൻ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെൻറർ വ്യക്തമാക്കുന്നു.

വൈറസ് ബാധയേറ്റാൽ രണ്ടു മുതൽ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകുമെന്ന് വ്യക്തമാകുന്ന പഠനങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ചില കേസുകളിൽ ലക്ഷണങ്ങൾ പ്രകടമാകാൻ 27 ദിവസം വരെ എടുത്തിട്ടുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും വൈറസ് ശരീരത്തിലെത്തിയാൽ അതിന്റെ ശരാശരി ഇൻകുബേഷൻ സമയം ഏകദേശം 5.1 ദിവസമാണെന്ന് അനൽസ് ഓഫ് ഇൻറേണൽ മെഡിസിൻ എന്ന അക്കാദമിക് മെഡിക്കൽ ജേർണൽ വ്യക്തമാക്കുന്നു.

ഇതുവരെ ലോകത്ത് കൊറോണ സ്ഥിരീകരിച്ച 97.5 ശതമാനം കേസുകളിൽ 11.5 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായതായാണ് റിപ്പോർട്ട്. വൈറസ് ബാധിക്കുന്നത് ആദ്യ ഘട്ടത്തിൽതന്നെ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്. കാരണം കൂടുതൽ മുന്നൊരുക്കങ്ങളും ആവശ്യമായ പരിചരണവും ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്ന് ഡോ. ലെസ്ലർ പറഞ്ഞു. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം 100 രാജ്യങ്ങളിലായി ഏകദേശം 113000 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. പത്തുലക്ഷത്തിലേറെ പേർ രോഗലക്ഷണങ്ങളുമായി ക്വാറൻറൈൻ നിരീക്ഷണത്തിലാണ്.

Eng­lish Sum­ma­ry; coro­na virus symp­toms start about five days

YOU MAY ALSO LIKE THIS VIDEO