ചായക്കടക്കാരന് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിനു ചുറ്റുമുള്ള പ്രദേശം അടച്ച് പൊലീസ്. കലാനഗര്‍ സബർബൻ ബാന്ദ്രയിലെ ‘മതോശ്രീ’ ടവറിനു സമീപമാണ് സീൽ ചെയ്തത്. ഇവിടെ ചായക്കട നടത്തിയിരുന്ന 45 കാരനാണ് വൈറസ് സ്ഥിരീകരിച്ചത്.
മുംബൈ കോർപറേഷൻ അധികൃതർ ഈ പ്രദേശത്തെല്ലാം അണുനശീകരണി തളിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയെന്ന നിലയിൽ കലാനഗറിൽ കർശന യാത്രാനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി പ്രദേശത്ത് നോട്ടീസും നൽകി.
കടുത്ത പനി, ചുമ, ശ്വാസതടസ്സം എന്നിവ നേരിട്ടതിനെ തുടര്‍ന്നാണ് ചായക്കടക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗ ബാധ കണ്ടെത്തുകയായിരുന്നു. ജോഗേശ്വരിയിലെ ഹിന്ദു ഹൃദ്യ സമ്രാത് ബാലസാഹേബ് താക്കറെ ട്രോമ കെയർ മുനിസിപ്പൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളിപ്പോള്‍.
ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ചായക്കടക്കാരനെ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. കൊറോണ വൈറസ് പോസീറ്റീവ് ആയ അദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബിഎംസി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ദക്ഷാ ഷാ വ്യക്തമാക്കി.
ഉദ്യോഗസ്ഥരടക്കമുള്ളയാളുടെ പ്രവേശനം പരിപൂർണ്ണമായി വിലക്കിക്കൊണ്ടാണ് താക്കറെയുടെ വീടിനു ചുറ്റുമുള്ള പ്രദേശം സീൽ ചെയ്തത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ള 170 പൊലീസ് ഉദ്യോഗസ്ഥരെ കോവിഡ് വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രദേശത്ത് നിന്ന് മാറ്റി. കരുതൽ നടപടിയുടെ ഭാഗമായി ഉദ്ധവിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 4 പേരടക്കം ഒട്ടേറെ പൊലീസുകാരെ ഐസലേറ്റ് ചെയ്തു. രോഗബാധിതനായ ആൾ നടത്തിയിരുന്ന കടയിൽനിന്നു ചായ കുടിച്ചിരുന്ന പൊലീസുകാരെയാണ് ഐസലേറ്റ് ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.