Web Desk

പത്തനംതിട്ട

March 10, 2020, 3:14 pm

കൊറോണ; പത്തനംതിട്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

Janayugom Online

കൊറോണ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതയാണ്. ഇതെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കോന്നി ആനക്കൂടും, അടവി ഇക്കോ ടൂറിസം സെന്ററും പ്രവർത്തനം നിർത്തിവെച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഉത്സവങ്ങള്‍, പെരുന്നാളുകള്‍, വിവാഹചടങ്ങുകള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

തൃശൂരിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം, ബീച്ച്‌ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോട്ടലുകളിൽ പുതിയ ഓൺലൈൻ ബുക്കിംഗുകൾ അനുവദിക്കില്ല. നിലവിൽ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശികളെ നിരീക്ഷിക്കും. കൂടാതെ വിദേശികളുടെ വിവരങ്ങൾ ശേഖരിക്കാനും ഉത്തരവുണ്ട്. ടൂറിസ്റ്റുകൾക്ക് പുറമേ ഹോട്ടൽ ജീവനക്കാർക്കും ടാക്സി ഡ്രൈവർക്കും ബോധ വൽക്കരണ ക്ലാസുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ന് ആറ് പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി ഉയർന്നു. ഇറ്റലിയിൽ നിന്നും പത്തനംതിട്ടയിൽ തിരികെയെത്തിയ മൂന്ന് പേരുമായി സമ്പർക്കത്തിലേർപ്പെട്ടവരാണ് ഈ ആറ് പേർ. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 90 വയസിന് മേൽ പ്രായമുള്ള രണ്ട് പേർക്കും കോട്ടയത്ത് നിന്നും ഇവരെ സ്വീകരിക്കാൻ എയർപോർട്ടിൽ പോയ രണ്ടുപേർക്കും റാന്നിയിലുള്ള രണ്ടുപേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം കോട്ടയത്തെ രോഗബാധിതരുമായി അടുത്തിടപഴകിയ 23 പേരെ തിരിച്ചറിഞ്ഞു. ഇവരെ വീടുകളിൽ മാറ്റി താമസിപ്പിച്ച് നിരീക്ഷിക്കുകയാണ്.

Eng­lish Sum­ma­ry; coro­na virus; tourist places closed

YOU MAY ALSO LIKE THIS VIDEO