കൊറോണ വൈറസ് (കോവിഡ് ‑19) ബാധിച്ച് ആഗോളതലത്തിൽ മരണമടഞ്ഞവരുടെ എണ്ണം 3,000 കവിഞ്ഞു. ചൈനയിൽ ഇന്നലെ മാത്രം മരിച്ചത് 42 പേർ. ഇതോടെ ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,912 ആയി. പുതിയതായി 202 പേർക്കു കൂടി രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 80,000 ആയി.
യുഎസിൽ ഇന്ന് ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ യുഎസിൽ മരണം രണ്ടായി. അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 80 ആയി ഉയന്നിട്ടുണ്ട്. ഇതിൽ 12 പേർ വാഷിങ്ടണിൽ നിന്നുള്ളവരാണ്. വാഷിംഗ്ടണിലാണ് ആദ്യ മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടു മരണങ്ങൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വ്യക്തമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ വാഷിംഗ്ടണിന് പുറമേ കാലിഫോർണിയ, ഒറിഗോൺ എന്നിവിടങ്ങളി ലാണ് നിലവിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതുവരെ 63 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ഇറ്റലിയിൽ മരണം 34 ആയി ഉയർന്നു. 1694 പേർക്കു രോഗം സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ജപ്പാൻ കപ്പലിൽനിന്നു തിരിച്ചു സിഡ്നിയിലെത്തിയ ആളാണു മരിച്ചത്. ജർമനിയിൽ രോഗബാധിതർ ഇരട്ടിയായി. 129 പേർ. 11 പേർ കൂടി മരിച്ചതോടെ ഇറാനിൽ മരണസംഖ്യ 54 ആയി. ദക്ഷിണ കൊറിയയിൽ മരണം 22 ആയി. 476 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 4,212 ആയി. സിംഗപ്പൂരിൽ 106 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇറാനിൽ 978 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുളളത്. കൂടുതൽ ആളുകൾക്ക് പരിശോധന നടത്തിവരികയാണ്.
ഇറ്റലിയിലെ ഹോട്ടലുകളിൽ 700 സഞ്ചാരികൾ 14 ദിവസ നിരീക്ഷണത്തിൽ കഴിയുകയാണ്. ഹോട്ടലിലെ താമസക്കാരായ ചിലർക്കു രോഗബാധ സ്ഥിരീകരിച്ചതിനാലാണിത്. ഖത്തറിൽ 2 സ്വദേശികളിൽ കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗികൾ മൂന്നായി. ബഹ്റൈനിൽ 3 പേർക്കും കുവൈത്തിൽ ഒരാൾക്കും കൂടി കോവിഡ് കണ്ടെത്തി. കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 46 ആയി. ആറു പേർക്കാണ് ഒമാനിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ രോഗമുക്തി നേടി.
സൗദി ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതിശക്തമായ ആരോഗ്യപ്രതിരോധ നടപടികളാണ് മന്ത്രാലയങ്ങൾ സ്വീകരിക്കുന്നത്. വൈറസ് വ്യാപിക്കാതിരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ. ഇതിന്റെ ഭാഗമായി ഒമാനിൽ 1320 പേരാണ് നിരീക്ഷണത്തിലെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദിയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായി 25 ആശുപത്രികൾ സജ്ജമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
English Summary; Corona virus: US reports 2nd death; death toll crosses 3000
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.