ആഗോളതലത്തിൽ കൊറോണ (കോവിഡ്-19) ബാധിച്ച് മരിച്ചവരുടെ എണ്ണം 3,600ആയി ഉയർന്നു. 98 രാജ്യങ്ങളിലായി 106,201 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതിൽ 6137 പേരുടെ നില ഗുരുതരമാണ്. ചൈനയിൽ ശനിയാഴ്ച 99 പുതിയ കേസും 28 മരണവുമാണ് റിപ്പോർട്ടു ചെയ്തത്. ഇതോടെ ചൈനയിൽ ആകെ മരണം 3070 ആയി. 80,651 പേർക്കാണ് അവിടെ വൈറസ് ബാധയുള്ളത്. ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ കയറ്റുമതിയിലുണ്ടായ വലിയ കുറവ് ചൈനയുടെ വ്യാപാര, സാമ്പത്തികമേഖലയെ സാരമായി ബാധിച്ചുതുടങ്ങി. വൈറസ് വ്യാപനം ഏറ്റവും ആശങ്കാജനകമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്.
ഇന്നലെ 274 പേർക്ക് വൈറസ് സ്ഥിരീകരിച്ച ദക്ഷിണകൊറിയയിൽ രോഗികൾ 7041 ആയി. 5823 പേർക്ക് വൈറസ് സ്ഥിരീകരിച്ച ഇറാനിൽ മരണം 145 ആയി. ടെഹ്റാനിൽനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫത്തേം റഹ്ബറും (55) ഇതിൽ ഉൾപ്പെടും. വൈറസ് ബാധിച്ച് ഇറാനിൽ മരിക്കുന്ന രണ്ടാമത്തെ ജനപ്രതിനിധിയും ഏഴാമത്തെ രാഷ്ട്രീയപ്രവർത്തകയുമാണ് റഹ്ബർ. 4636 വൈറസ് ബാധിതരുള്ള ഇറ്റലിയിൽ മരണം 200 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 4,636 ആയി.
ഇതിനിടെ ഡയമണ്ട് പ്രിൻസസ് എന്ന ആഡംബരക്കപ്പലിൽ 21 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 19 ജീവനക്കാർക്കും രണ്ട് യാത്രക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അൻപത് രാജ്യങ്ങളിൽ നിന്നുള്ള 3,500 ജീവനക്കാരും യാത്രക്കാരുമാണ് കപ്പലിൽ കുടുങ്ങിക്കിടക്കുന്നത്.
അമേരിക്കൻ പൗരൻമാരോട് കപ്പൽ യാത്ര ഒഴിവാക്കണമെന്ന് വൈസ്‌പ്രസിഡന്റ് മൈക്ക് പെൻസ് നിർദ്ദേശിച്ചിട്ടുണ്ട്. നിരീക്ഷണം വേണ്ടവർക്ക് നിരീക്ഷണവും ആരോഗ്യ പരിരക്ഷ ആവശ്യമുള്ളവർക്ക് അതും നൽകുമെന്നും അദ്ദേഹം അറിയിച്ചു. അർബുദം നാലാം ഘട്ടത്തിലുള്ള ഒരാളും ഡയമണ്ട് പ്രിൻസസിലുണ്ട്. കപ്പലിനെ ഒരു വാണിജ്യേതര തുറമുഖത്ത് എത്തിക്കാനാണ് അധികൃതരുടെ ശ്രമം. ഇവിടെ വച്ച് എല്ലാവരെയും പരിശോധനയ്ക്ക് വിധേയനാക്കാമെന്നും കരുതുന്നു. എന്നാൽ കപ്പലിലുള്ളവരെ അമേരിക്കൻ മണ്ണിലിറങ്ങാൻ അനുവദിക്കില്ലെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഫ്ളോറിഡയിൽ രണ്ട് പേർ കൊറോണ ബാധിച്ച് മരിച്ചു. അമേരിക്കയുടെ പശ്ചിമതീരത്തിന് പുറത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊറോണ മരണങ്ങളാണിത്. എഴുപത് വയസിനു മുകളിലുള്ള രണ്ട് പേരാണ് മരിച്ചത്. ഇവർ വിദേശത്ത് പോയി മടങ്ങി വന്നവരാണെന്നും അധികൃതർ വ്യക്തമാക്കി. ഒരാൾ സാന്റാറോസ കൗണ്ടിയിലും മറ്റേയാൾ ഫോർട്ട് മയേഴ്സിലും ഉള്ളതാണ്. ഇതോടെ അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 19 ആയി. വാഷിങ്ടണില്‍ ഇതിനകം പത്ത് പേര്‍ വൈറസ് ബാധിച്ചു മരിച്ചു. അതിനിടെ കാലിഫോര്‍ണിയയിലെ ആദ്യ മരണം സ്ഥിരീകരിച്ചു. ഉല്ലാസയാത്രയ്‌ക്കായി സാന്‍ഫ്രാന്‍സിസ്‌ക്കൊയില്‍ നിന്നും മെക്‌സിക്കോയിലേക്ക് 2,500 യാത്രക്കാരുമായി പോയ കപ്പലിലെ യാത്രക്കാരാണ് ഇന്നലെ മരിച്ചത്. ന്യുയോര്‍ക്കില്‍ കൊറോണ വൈറസ് ബാധിച്ചു ഒരു കുടുംബത്തിലെ നാലു പേര്‍ ചികിത്സയിലാണ്. രണ്ടു പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ന്യുയോര്‍ക്കില്‍ രോഗബാധിതരായവരുടെ എണ്ണം ആറായി.
English Summary; corona virus followup
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.