ഡോ കെപി വിപിൻ ചന്ദ്രൻ

മാനവീയം

March 10, 2020, 4:30 am

കൊറോണ: ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമ്പോൾ

Janayugom Online

ചൈനയിൽ തുടങ്ങിയ കൊറോണ വൈറസ് (കോവിഡ് — 19) ഭീതി ലോകത്തെതന്നെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. മരണം 3600 ലധികം കടന്നിരിക്കുന്നു. 98 രാജ്യങ്ങളിലായി 10 ലക്ഷത്തിനു മേൽ ജനങ്ങൾക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധ ചൈനയെ മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയെതന്നെ 2020ൽ ദോഷകരമായി ബാധിക്കുമെന്ന് ഐഎംഎഫ് പ്രതിനിധി ക്രിസ്റ്റീന ജോർജ് മുന്നറിയിപ്പു നൽകുന്നു. ഈ വൈറസ് ബാധമൂലം ആഗോളവ്യാപകമായി എത്ര കോടി ഡോളർ നഷ്ടമാണ് വരുത്തുകയെന്നത് കൃത്യമായി പ്രവചിക്കാൻ സാധിക്കില്ലയെന്നും ഇത് ആഗോള സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതം സൃഷ്ടിക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. ആഗോള സമ്പദ് വ്യവസ്ഥ ഇന്ന് വളർച്ചാ മുരടിപ്പിലാണ്, അതിനൊപ്പം അപ്രതീക്ഷിതമായ വൈറസ് ബാധയുടെ പ്രത്യാഘാതങ്ങൾ ഈ വർഷത്തെ ആഗോള സാമ്പത്തികവളർച്ചയെയും ദോഷകരമായി ബാധിക്കും. കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതു മുതൽ അത് തടയുന്നതുവരെയുള്ള നടപടികൾ ചെലവേറിയതാണ്. ഇതും ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടാൻ സാധ്യതയുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നൽകുന്നു. ആഗോളതലത്തിൽ ഒരുലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പത്തിന്റെ കുറവുണ്ടാകുമെന്നാണ് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) കരുതുന്നത് 2020 ൽ ആഗോള സാമ്പത്തിക വളർച്ച 3.3 ശതമാനം ആയിരിക്കുമെന്നാണ്. എന്നാൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇതിൽ 0.1 ശതമാനം മാത്രമാണ് കുറവ് പ്രതീക്ഷിക്കുന്നതെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ് വ്യക്തമാക്കിയിരിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിലൂടെ ചൈനയുടെ ഉല്പാദനം മന്ദഗതിയിലാകുമെന്നും അത് ലോകവ്യാപാരത്തെ തന്നെ തടസ്സപ്പെടുത്തുമെന്നും ആഗോള കയറ്റുമതിയിൽ 50 ബില്യൺ ഡോളർ (3.71 ലക്ഷം കോടി) കുറയാൻ ഇത് കാരണമാകുമെന്നും ഐക്യരാഷ്ട്രസഭയുടെ വ്യാപാര ‑വികസന കോൺഫറൻസ് ഈമാസം മാർച്ച് നാലിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, ആശയവിനിമയ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളെയാണ് കൂടുതൽ ബാധിച്ചത്. കൊറോണ വൈറസ് ആക്രമണത്തിലൂടെ ചൈനയുടെ നഷ്ടം ഏകദേശം 4.46 ലക്ഷം കോടിയിലധികമാണ്. കൊറോണ വൈറസ്ബാധമൂലം ചൈനയുടെ വ്യാവസായിക ഉല്പാദനത്തിൽ അഞ്ച് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

അതിനൊപ്പം ചൈനയുടെ ഉപഭോഗ മേഖല മൊത്തത്തിൽ കൊറോണ വൈറസിന്റെ ആഘാതംമൂലം വലിയ പ്രതിസന്ധിയിലാണ്. യൂറോപ്യൻ യൂണിയൻ (15.6 ബില്യൺ ഡോളർ), അമേരിക്ക (5.8 ബില്യൺ ഡോളർ), ജപ്പാൻ (5.2 ബില്യൺ ഡോളർ), ദക്ഷിണകൊറിയ (3.7 ബില്യൺ ഡോളർ), തായ്‌വാൻ (2.6 ബില്യൺ ഡോളർ), വിയറ്റ്നാം (2.3 മില്യൺ ഡോളർ) എ­ന്നി­വയാണ് ഏറ്റവും കൂടുതൽ ബാ­ധിക്കപ്പെട്ട ലോകത്തിലെ പ്രധാ­ന സമ്പദ് വ്യവസ്ഥകൾ. യൂറോപ്യൻ യൂണിയൻ, അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ നഷ്ടം കുറവാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ആഘാതം കണക്കാക്കുന്നത് വാണിജ്യ മേഖലയിലാണ്. അത് ഏകദേശം 129 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് വിലയിരുത്തിയത്. വസ്ത്രങ്ങൾ (64 ദശലക്ഷം ഡോളർ), ഓട്ടോമൊബൈൽ മേഖല (34 ദശലക്ഷം ഡോളർ) ഇലക്ട്രിക്കൽ മെഷിനറികൾ (12 മില്ല്യൺ ഡോളർ), തുകൽ ഉല്പന്നങ്ങൾ (13 മില്യൺ ഡോളർ), ലോഹങ്ങളും ലോഹ ഉല്പന്നങ്ങളും (27 മില്യൺ ഡോളർ), മര ഉല്പന്നങ്ങളും ഫർണിച്ചറുകളും (15 ദശലക്ഷം ഡോളർ) എന്നിങ്ങനെയാണ് ഏകദേശം ഇന്ത്യയുടെ സാമ്പത്തികനഷ്ടത്തെ വിലയിരുത്തുന്നത്.

നിരവധി ആഗോള ബിസിനസ് പ്രവർത്തനങ്ങളുടെ മുഖ്യ പ്രവർത്തന നിർമ്മാണ കേന്ദ്രമാണ് ചൈന. ചൈനയുടെ ഉല്പാദനത്തിൽ എന്തെങ്കിലും കുറവ് വന്നാൽ ആഗോള തലത്തിലും പ്രാദേശിക തലത്തിലും അതിന്റെ പ്രത്യാഘാതങ്ങൾ പ്രകടമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വ്യാപാര‑വികസന കോൺഫറൻസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊറോണ വൈറസ്ബാധ ആഗോള തലത്തിൽ ഒരു ഭാഗത്ത് ഉല്പാദനമാന്ദ്യം സൃഷ്ടിക്കുമ്പോൾ മറ്റൊരു ഭാഗത്ത് നിർമ്മിച്ച അസംസ്കൃതവസ്തുക്കൾ വിൽക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ലോകരാജ്യങ്ങൾക്കിടയിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ടൂറിസം മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനേക്കാൾ അതിഭീകരമായ പ്രത്യാഘാതമാണ് ആഗോളതലത്തിൽ ഇതിലൂടെ ഉണ്ടായിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമാണ് ചൈന. ലോക സാമ്പത്തിക ഭൂപടത്തിൽ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ചൈന വ്യാപാര മേഖലയിൽ വൻ കുതിപ്പാണ് നേടിയെടുത്തത്. ഇലക്ട്രോണിക് ഉല്പന്നങ്ങൾ, ഓട്ടോമൊബൈൽ, പുതിയ ടെക്നോളജി, കൃത്രിമബുദ്ധി, മെഷീൻ ലേണിങ് തുടങ്ങിയ മേഖലയിൽ ചൈന വളരെ മുന്നിലാണ്. ഇന്ത്യൻ വിപണിയിലെ ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ കുത്തകാവകാശം ചൈ­നീസ് കമ്പനികള്‍ക്കാണ്. സ്മാർട്ട്ഫോൺ, കമ്പ്യൂട്ടറുകൾ, മറ്റു ഇലക്ട്രോണിക് ഉല്പന്നങ്ങൾ എന്നിവയിൽ ചൈനീസ് കമ്പനികളുടെ കടന്നുകയറ്റം ശക്തമാണ്.

എന്നാൽ കൊറോണ വൈറസ് ബാധ ചൈനയിൽ സ്ഥിരീകരിച്ചതോടെ ചൈനയിലെ വിവിധ ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ നിർമ്മാണശാലകൾ പൂട്ടികിടക്കുകയാണ്. ഇത് ഭാവിയിൽ ചൈനയ്ക്ക് പുറത്തുള്ള വിപണികളിൽ ചൈനീസ് ഉല്പന്നങ്ങളുടെ ക്ഷാമം ഉണ്ടാക്കുവാനും സാധ്യതയുണ്ട്. അതിനൊപ്പമാണ് എണ്ണവ്യാപാര മേഖലയുടെ തകർച്ച. എണ്ണ വിപണിയെ മാത്രം ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം അഭിമുഖീകരിക്കേണ്ടിവരിക. കൊറോണ വൈറസ്ബാധ ഗൾഫ് സമ്പദ് വ്യവസ്ഥപോലും അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറുന്നതായാണ് ഈ അടുത്ത ദിവസങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുവൈത്ത്, ഖത്തർ, ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ തുടങ്ങിയ ആറ് ഗൾഫ് രാജ്യങ്ങളിലായി ഉല്പാദിപ്പിക്കപ്പെടുന്ന അഞ്ചിൽ ഒരുഭാഗം എണ്ണയും കൊണ്ടുപോകുന്നത് ചൈനയാണ്. അതിനൊപ്പം ഈ രാജ്യങ്ങളുടെ പ്രധാന വ്യാപാര പങ്കാളിയും ചൈനയാണ്. ചൈനയിലെ കൊറോണ വൈറസ് ബാധമൂലം അവിടുത്തെ സാമ്പത്തികരംഗം തകർന്നിരിക്കുകയാണ്. ചൈ­നയുടെ ഇന്ധന ഉപഭോഗം കുറഞ്ഞ്, പ്രധാന നഗരങ്ങളെല്ലാം അടച്ചതോടെ വാഹനങ്ങളൊന്നും ഓടാത്തതിനാല്‍ ചൈനീസ് നഗരങ്ങളിൽ എണ്ണയ്ക്കു വേണ്ടത്ര ഡിമാൻഡ് ഇല്ലാതാവുകയും ചെയ്തു. എണ്ണ ഡിമാന്റ് കുറഞ്ഞതോടെ ആഗോളതലത്തിൽ എണ്ണവില ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തുകയാണ്.

ഇത് എണ്ണ വ്യവസായങ്ങളെ തകർക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടു പതിറ്റാണ്ടു മുമ്പ് ചൈനയും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം പേരിനുമാത്രം ആയിരുന്നുവെങ്കിൽ ഇന്നത് 200 ബില്യൺ ഡോളറിന് അടുത്തുള്ള ഇടപാടിലേക്ക് വളർന്നിട്ടുണ്ട്. ഗൾഫിൽ ഏറ്റവും തിരിച്ചടി നേരിടുന്ന മറ്റൊരു മേഖലയാണ് ടൂറിസം മേഖല. 2018ൽ ഏകദേശം 1.6 മില്യൺ ജനങ്ങൾ സന്ദർശിച്ചത് വിമാനക്കമ്പനികളുടെ സർവീസുകൾ നിർത്തലാക്കിയതോടെ കുറഞ്ഞു. കൊറോണ വൈറസ്ബാധ അതിവേഗം മിക്ക രാജ്യങ്ങളിലേക്കും പടരുന്നതിനാലും ഭാവിയിൽ സാമ്പത്തികമാന്ദ്യ മുണ്ടാകുമോയെന്ന സംശയത്തിലും ആഗോളതലത്തിൽതന്നെ ഓഹരി വിപണികളിൽ വൻ ഇടിവാണ് പ്രകടമാവുന്നത്. ഓഹരിവിപണിയിൽ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് പ്രകടമാവുന്നത്. കൊറോണ ആഗോളതലത്തിൽ വ്യാപിക്കാനും വൈറസിന്റെ ആഘാതം വളരെ ശക്തമാകാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യസംഘടനയും സൂചിപ്പിക്കുന്നത്. അപ്പോഴും വൈറസിനെ നിയന്ത്രിച്ചു നിർത്താനുള്ള സാഹചര്യങ്ങൾ മുന്നിലുണ്ടെന്ന് ലോകാരോഗ്യസംഘടന മേധാവി സൂചിപ്പിക്കുന്നു.

വൈറസിനെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ ശ്രമങ്ങൾ ആവശ്യമുണ്ടെന്നും വൈറസ് ബാധയെ വളരെ ലാഘവത്തോടെ പരിഗണിക്കരുതെന്നും ലോകരാഷ്ട്രങ്ങൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് ബാധമൂലം ഇന്ത്യയിലെ ഇറക്കുമതി 28 ശതമാനം കുറയുമെന്നാണ് കരുതുന്നത്. ഇത് ഇലക്ട്രിക്കൽ, മെഷിനറി, കെമിക്കൽ തുടങ്ങിയ മേഖലകളിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ചില റിപ്പോർട്ടുകൾ അടുത്തകാലത്ത് വന്നിരുന്നു. കൊറോണ വൈറസ് ബാധയെ എങ്ങനെ സമ­ർത്ഥമായി കൈകാര്യം ചെയ്യുമെന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ചൈനയിലും ഗൾഫ് മേഖലയിലും സ്കൂളുകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ സ്കൂളുകൾക്ക് മാർച്ച് 31വരെ അവധി പ്രഖ്യാപിച്ചു. ചൈനയിലെ പ്രധാന നഗരങ്ങളും പൊതുസ്ഥലങ്ങളും പൂർണമായി അടച്ചിട്ടിരുന്നു. ഇന്ത്യയിൽ ഇത് നേരിടാൻ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ഒരു കര്‍മ്മസേനയെ നിയമിച്ചുകൊണ്ട് അതിലൂടെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു കൊണ്ടുപോകുന്ന സമീപനം സ്വീകരിക്കണം.

ആഗോള സമ്പദ് വ്യവസ്ഥയുടെ അഞ്ചിൽ ഒരുഭാഗവും ഇന്ത്യയുടെ ബാഹ്യവ്യാപാരത്തിന്റെ പത്തിലൊന്നും സംഭാവന ചെയ്യുന്നത് ചൈനയാണ്. ഇന്ത്യ ഇന്ന് സാമ്പത്തികവളർച്ചയിൽ വളരെ പിന്നാക്കം പോയ സാഹചര്യമാണുള്ളത്. സാമ്പത്തികവളർച്ച മുരടിപ്പിനൊപ്പം കൊറോണ വൈറസ് ഭീതികാരണം ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് ഒരു ശതമാനം വരെ കുറയാനുള്ള സാധ്യതയാണ് കാണുന്നത്. ഇന്ത്യയുടെ കുറഞ്ഞ സാമ്പത്തിക വളർച്ച നിരക്ക് കാരണം കൂടുതൽ മോശമായ സാമ്പത്തിക സ്ഥിതിയില്‍ കൊറോണ വൈറസ് ബാധമൂലം ഇന്ത്യൻ 387 ദശലക്ഷം ഡോളർ മുതൽ 29.9 ബില്യൺ ഡോളർ വരെ ഉപഭോഗ നഷ്ടമുണ്ടാകുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് മുന്നറിയിപ്പു നൽകുന്നു. ഈയൊരു സാഹചര്യത്തിൽ ഇന്ത്യ വളരെ കരുതലോടെ മുന്നോട്ടുപോവുകയും കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.