March 26, 2023 Sunday

കൊറോണക്കാലത്തെ അന്ധവിശ്വാസ സംരക്ഷണം

കുരീപ്പുഴ ശ്രീകുമാര്‍
വര്‍ത്തമാനം
April 30, 2020 3:20 am

തമിഴ് അറിയാവുന്നവർ അധികമുള്ള കേരളത്തിലെ ഒരു കിഴക്കൻ പ്രദേശം. ആകെ ഒരേയൊരു സിനിമാകൊട്ടക. ഒരിക്കൽ അവിടെ ഡ്രാക്കുള എന്ന സിനിമ കളിക്കാനെത്തി. ബ്രാംസ്റ്റോക്കറുടെ വിഖ്യാതമായ കഥയാണ്. ആറര അടി പൊക്കവും ചിരിച്ചുകണ്ടാൽ മനുഷ്യന് ബോധക്ഷയം വരുന്നത്ര ഭാവഗരിമയുമുള്ള ക്രിസ്റ്റഫർ ലീയാണ് ഡ്രാക്കുളയായി വരുന്നത്. പക്ഷെ, ആരും സിനിമകാണാൻ പോയില്ല. തീയറ്ററിന്റെ ഉടമസ്ഥനു ഒരു ബുദ്ധിതോന്നി. ഡ്രാക്കുള എന്ന പേരിനൊപ്പം മറ്റൊരു വാക്കുകൂടി പരസ്യപ്പെടുത്തി. ഭക്തഡ്രാക്കുള. ആളുകൾ ഇരച്ചുകയറിയെന്നാണ് പിൻകഥ. അതുപോലെ ഏതു പരിപാടിയുടെയും കൂടെ കൊറോണ എന്നുകൂടി ചേർത്താണ് ചാനലുകളും റേഡിയോകളും വിളമ്പുന്നത്. പഴംപൊരി ഉണ്ടാക്കുന്ന കാര്യമാണ് പ്രതിപാദിക്കുന്നതെങ്കിൽ കൊറോണക്കാലത്ത് പഴംപൊരി ഉണ്ടാക്കുന്ന വിധം എന്നാവും ശീർഷകം. ഈ പഴുതുപയോഗിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കാനും കേരളം തള്ളിക്കളഞ്ഞ മൂഢധാരണകളെ ന്യായീകരിച്ച് എഴുന്നള്ളിക്കാനും ചിലർ ശ്രമിക്കുന്നു. അപലപിക്കേണ്ട ഒരു പാഴ്ശ്രമമാണത്.

അനന്തപുരി റേഡിയോവിലാണ് സാഹിത്യകാരനായ ഒരു പ്രഭാഷകൻ ഒരു പഴയ ആചാരത്തെ ന്യായീകരിച്ചത്. പണ്ടുകാലത്ത് പുറത്ത് പോയിട്ടുവന്നാൽ. കാലും മുഖവും കഴുകിയിട്ടെ വീട്ടിനുള്ളിൽ കയറാവൂ എന്ന് പഴമക്കാർ പറഞ്ഞിരുന്നു. വീട്ടുപടിക്കൽ കിണ്ടിയിൽ വെള്ളവും വച്ചിരുന്നു. അതിന്റെ കാരണം ഇതുപോലെയുള്ള സാംക്രമിക രോഗങ്ങൾ വീട്ടിൽ പ്രവേശിക്കാതിരിക്കാനായിരുന്നു. നമ്മൾ അത് ഒഴിവാക്കിയത് കൊണ്ടാണ് ഇപ്പോൾ ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത്. എത്ര നിരുപദ്രവകരമായ ഒരു ചിന്ത എന്നേ ശ്രോതാക്കൾക്ക് തോന്നൂ. എന്നാൽ കാര്യമെന്താണ്? അക്കാലത്ത് ആർക്കും ചെരുപ്പ് ഇല്ലായിരുന്നു. മാലിന്യ സംസ്ക്കരണത്തിനു ഇന്നുള്ള സൗകര്യങ്ങളും ഇല്ലായിരുന്നു. പുറത്തുപോയിവന്നാൽ മാലിന്യം കൂടി പുരയ്ക്കുള്ളിൽ കയറുമായിരുന്നു. അത് തടയാനാണ് അങ്ങനെ പറഞ്ഞിരുന്നത്. കിണ്ടിയുടെ ഉപയോഗം മനസ്സിലാക്കിയ മന്നത്തു പത്മനാഭൻ കിണ്ടി വലിച്ചെറിയാൻ ആഹ്വാനം ചെയ്തതുകൂടി ഇവിടെ ഓർമ്മിക്കാം. കിണ്ടിസംസ്ക്കാരം നിലനില്ക്ക‍ണമെന്നു താൽപ്പര്യം ഉള്ളവരാണ് പഴമയെ പുകഴ്ത്തുന്നത്.

ട്വന്റി ഫോർ ചാനലിലെ ഗംഭീരമായ ഒരു പരിപാടിയിൽ അതിഥിയായി വന്ന മതപണ്ഡിതൻ സ്വന്തം മതത്തിലെ ഒരു ആചാരത്തെ ന്യായീകരിക്കുന്നതും കേട്ടു. കൊറോണയെ പ്രതിരോധിക്കാൻ കൈ കഴുകണം എന്നാണല്ലോ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഞങ്ങളുടെ മതത്തിൽ നമസ്ക്കരിക്കുന്നതിനു മുൻപ് ഇക്കാര്യം നിർബന്ധമാണ്. ആയിരത്തഞ്ഞൂറു വർഷങ്ങൾക്കു ശേഷം ഉണ്ടാകാൻ പോകുന്ന കൊറോണയെ പ്രതിരോധിക്കാനുള്ള ലളിതമാർഗ്ഗം അന്നേ പറഞ്ഞു എന്നർത്ഥം. അങ്ങനെയെങ്കിൽ അത്യുന്നത ആരാധനാലയങ്ങൾ അടച്ചിട്ടത് എന്തിന്? തബ്‌ലീഗ് സമ്മേളനത്തിനു പോയവർ ഇന്ത്യയൊട്ടാകെ കൊറോണ പടർത്തുന്നു എന്ന് ഭീതിപ്പെട്ടത് എന്തിനാണ്? കൈകാലുകൾ ശുദ്ധീകരിക്കുകയെന്നത് രോഗപ്രതിരോധത്തെ ഉദ്ദേശിച്ച് ഉണ്ടാക്കിയ ഒരു നിഷ്ഠയല്ല. ഈശ്വരനെ പ്രാർഥിക്കുമ്പോൾ ശരീരം ശുദ്ധമായിരിക്കട്ടെ എന്ന ചിന്തയേ അതിനു പിന്നിൽ ഉണ്ടായിരുന്നുള്ളൂ. ഈശ്വരനാണെങ്കിൽ കൊറോണക്കാര്യത്തിൽ നിസ്സഹായനുമാണ്. കൊറോണ ബാധിച്ച ഒരാൾ ആരാധനാസമയത്ത് കൂടെയുണ്ടെങ്കിൽ കൈകാലുകൾ ശുദ്ധീകരിച്ചതുകൊണ്ട് അതിന്റെ സംക്രമണം തടയാൻ സാധിക്കുമോ? മസൂരിക്കാലത്ത് തടയാൻ സാധിച്ചിരുന്നോ? ഈ കാലം അന്ധവിശ്വാസങ്ങളെ ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പ് കാലം കൂടിയാണ്.

ആരാധനാലയങ്ങൾ പൂട്ടിയത് എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. ദുഃഖവെള്ളിയും ഉയിർപ്പ് ദിനവും ആഘോഷിക്കാതെ പോയത് എന്തുകൊണ്ട്? ശബരിമലയിലെ വിഷു ദർശനം ഒഴിവാക്കിയത് എന്തുകൊണ്ട്? തൃശൂർപൂരം ഒഴിവാക്കി ചടങ്ങുകളിൽ ഒതുക്കിയപ്പോൾ സർവലോകസംരക്ഷകയായ ഭഗവതിയുടെ പ്രതിനിധികൾ മാസ്ക്ക് ധരിച്ചത് എന്തിന്? അവരും മനുഷ്യരാണെന്നേ അർത്ഥമുള്ളൂ. കെട്ടിപ്പിടിച്ചുള്ള ഉമ്മ നിർത്തിയ ആൾദൈവവും ശ്വാസകോശമുള്ള മനുഷ്യരാശിയിലെ ഒരംഗം മാത്രമാണ്. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ആൾദൈവത്തിനും കൊറോണ വരാം. അന്ധവിശ്വാസങ്ങളെ നിലനിർത്തിക്കൊണ്ടു പോകേണ്ടത് ഭക്തിവ്യവസായികളുടെ ആവശ്യമാണ്. ലോകജനത പ്രതീക്ഷയോടെ ശ്രദ്ധിക്കുന്നത് ദൈവത്തെയോ ആൾദൈവങ്ങളെയോ അല്ല. ശാസ്ത്രത്തെയാണ്. ശാസ്ത്രത്തിനു മാത്രമേ കൊറോണയിൽ നിന്നും നമ്മളെ രക്ഷിക്കാൻ സാധിക്കൂ. പൂട്ടിയ ആരാധനാലയങ്ങൾ തുറക്കണമെങ്കിലും താക്കോലിട്ടു തിരിക്കുക എന്നതിലെ ഫിസിക്ക്സ് ഉപയോഗിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.