Web Desk

January 24, 2020, 5:53 pm

ഭീതി പടർത്തി കൊറോണ വൈറസ്! അറിയാം ലക്ഷണങ്ങളും പ്രതിരോധവും

Janayugom Online

കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാക്കിയാണ് ചൈനയില്‍ നിന്ന് ഉത്ഭവിച്ചത്. 2019 ഡിസംബര്‍ 31ന് ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് രോഗം ആദ്യം കണ്ടെത്തിയത്. ഇതിനകം 25ഓളം ആളുകള്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചെന്നാണ് കണക്കുകള്‍. ഇപ്പോള്‍ കേരളത്തിലും കൊറോണ സ്ഥിരീകരിച്ചതോടെ മലയാളികളും ആശങ്കയിലാണ്. എന്താണ് കൊറോണ വൈറസ് എന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത്. സാധാരണ മൃഗങ്ങളില്‍ കണ്ടുവരുന്ന ഈ വൈറസുകള്‍ ഇതാദ്യമായിട്ടാണ് മനുഷ്യരില്‍ കാണുന്നത്. ജലദോഷപ്പനി മുതൽ സാർസ്,മെർസ് തുടങ്ങിയ മാരക രോഹങ്ങൾ വരെയുണ്ടാക്കാൻ കൊറോണ വൈറസുകൾ കാരണമാവാറുണ്ട്. ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ സാര്‍സ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ഇവയില്‍ നിന്നനും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.

രോഗ ലക്ഷണങ്ങൾ?

സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരില്‍ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങള്‍ പിടിപെടും.

കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മല്‍, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.

പടരുന്നത് എങ്ങനെ?

ശരീര സ്രവങ്ങളിൽ നിന്ന് രോഗം പെട്ടന്നു തന്നെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു.

വായ പൊത്തിപ്പിടിക്കാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം വായുവിൽ തെറിക്കുന്ന തുള്ളികളിലൂടെ വൈറസ് പടരും.
വൈറസ് ബാധിച്ച ഒരാളെ സ്പർശിക്കുകയോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുക വഴി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാം.

വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാൽ.

അപൂർവമായി വിസർജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം.

വൈറസ് ബാധിച്ചാൽ, മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാൻ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇതും കൊറോണറി വൈറസിന്റെ വ്യാപനം തടയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

എങ്ങനെ പ്രതിരോധിക്കാം?

ശരീരം വൃത്തിയായി സൂക്ഷിക് അതോടൊപ്പം നമ്മുടെ ചുറ്റുപാടും പരിസരവും വൃത്തിയും വെടുപ്പുമുള്ളതാക്കി വെക്കുക.

കൈകളിലാണ് ഏറ്റവുമധികം അണുക്കൾ കൂടിപ്പറ്റുന്നത്. അതുകൊണ്ട് തന്നെകൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.

പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.  അത്തരം ലക്ഷണങ്ങൾ പ്രകടമായാലുടൻ ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.

മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്.വേവിക്കാത്ത മാംസം, പാല്‍, മൃഗങ്ങളുടെ അവയവങ്ങള്‍ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാല്‍ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആ രീതി ഒഴിവാക്കണം.

വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നത് സൂക്ഷിച്ചുവേണം. മൃഗങ്ങളുടെ ശ്രവങ്ങൾ നമ്മുടെ ശരീരത്തിലെ മുറിവുകളിലൂടെയും മറ്റും ശരീരത്തിൽ എത്തി രോഗങ്ങൾ ഉണ്ടാക്കാൻ ഇടവരുത്തും. അതുപോലെ തന്നെ നഖങ്ങൾ കൊണ്ടുള്ള പോറലേൽക്കുന്നതും അപകടമാണ്. സുരക്ഷാ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്.

രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അകലം പാലിക്കുക, പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ രോഗമുള്ളവരുമായി ഇടപഴകുമ്പോൾ.

കൊറോണ വൈറസിന് കൃത്യമായ ചികിത്സയോ പ്രതിരോധ വാക്സിനോ ലഭ്യമല്ല. നിപയെ നമ്മൾ ചെറുത്തു തോൽപ്പിച്ചത് രോഗിയെ മറ്റുള്ളവരിൽ നിന്ന് ഐസൊലറ്റ് ചെയ്ത് ചികിത്സ നൽകിയാണ്. ശരീരത്തിൽ നല്ലപോലെ ജലാംശനിലനിർത്തുകയും കൃത്യമായ വിശ്രമം അനുവദിക്കുകയും വേണം.

 

Eng­lish Sum­ma­ry: coro­na virus symp­toms and prevention

You may also like this video