Web Desk

ബെയ്ജിങ്

January 25, 2020, 9:46 am

കൊറോണ വൈറസ്: മരിച്ചവരുടെ എണ്ണം 41 ആയി, 1287 പേർക്ക് രോഗബാധ

Janayugom Online

പടർന്നു പിടിച്ച കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 237 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. രോഗം ബാധിച്ചവരെ ചികിത്സിച്ച ഒരു ഡോക്ടറും മരിച്ചു.

അതേസമയം ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഞായറാഴ്ച നടത്താനിരുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങ് ഇന്ത്യൻ എംബസിയും റദ്ദാക്കി. ചൈനയിലെ വൻമതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്നിലാൻഡും അനിശ്ചിതകാലത്തേക്ക് അടച്ചു. വൈറസ് യൂറോപ്പിലേക്കും പടരുന്നതായാണ് സൂചന. ഫ്രാൻസിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി അറിയിച്ചു.

സെൻട്രൽ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങൾ അടച്ചതായി ചൈനീസ് അധികൃതർ പറഞ്ഞു. വുഹാൻ, ഹുവാങ്ഗാങ്, ഉജൗ, ചിബി, ഷിയാന്താവോ, ക്വിയാൻജിയാങ്, ഷിജിയാങ്, ലിഷുവാൻ, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയ ഇടങ്ങളിലാണ് നിയന്ത്രണം.

ഹോങ്കോങ്, മക്കാവു, തയ്‌വാൻ, ജപ്പാൻ, സിംഗപ്പുർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, വിയറ്റ്നാം, യുഎസ് എന്നിവിടങ്ങളിൽ രോഗബാധ കണ്ടെത്തി. യുകെയിൽ മുൻകരുതലെന്ന നിലയിൽ 14 പേർക്കു പരിശോധന നടത്തി. ദക്ഷിണ കൊറിയയിൽ ഒരാളിൽ കൂടി വൈറസ് കണ്ടെത്തി. ജപ്പാനിലും ഒരാൾക്കു രോഗം സ്ഥിരീകരിച്ചു.

YOU MAY ALSO LIKE THIS VIDEO