സി ആർ ജോസ് പ്രകാശ്

February 26, 2020, 5:30 am

കൊറോണ വൈറസും ഇന്ത്യന്‍ സമ്പദ്ഘടനയും

Janayugom Online

സാമ്പത്തിക മാന്ദ്യം വീണ്ടും ലോകത്തെ വരി‍­ഞ്ഞുമുറുക്കുകയാണ്. മുതലാളിത്ത സമ്പദ്ഘടനയില്‍ സാമ്പത്തിക തകര്‍ച്ചയും മാന്ദ്യവും ആവര്‍ത്തിക്കപ്പെടും എന്നത് ഒരു നൂറ്റാണ്ടായുള്ള അനുഭവമാണ്. ശാസ്ത്ര സാങ്കേതികരംഗത്തെ കുതിച്ചുചാട്ടം രാജ്യാതിര്‍ത്തികളെ പോലും ഒരു പരിധിവരെ അപ്രസക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ ലോകത്തെവിടെയുമുണ്ടാകുന്ന സാമ്പത്തിക കുഴപ്പങ്ങളും മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നു കയറും എന്നതുറപ്പാണ്. ശക്തമായ സാമ്പത്തിക ഘടനയുള്ള രാജ്യങ്ങളിലാണ് സാമ്പത്തിക പ്രശ്നം രൂക്ഷമാകുന്നതെങ്കില്‍, സ്വാഭാവികമായും ആ രൂക്ഷത മറ്റു രാജ്യങ്ങളിലും എത്തും. അരനൂറ്റാണ്ടിനു മുമ്പ് ബ്രിട്ടനില്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ ലോകമാകെ ബാധിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.

1970–80 കാലഘട്ടത്തില്‍ എണ്ണ കയറ്റുമതി രാജ്യങ്ങളിലെ സാമ്പത്തിക നീക്കങ്ങള്‍ ധാരാളം രാജ്യങ്ങളെ ബാധിക്കുന്ന സ്ഥിതിയുണ്ടായി. 1990 കളില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ലോകത്ത് ഗുരുതരമായ മാറ്റങ്ങള്‍ ഉണ്ടായി. ലോക സാമ്പത്തിക ക്രമത്തില്‍ അമേരിക്ക ചെലുത്തുന്ന സ്വാധീനം സമാനതകളില്ലാത്തതായി മാറി. 2008-09 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ചയും മാന്ദ്യവും അതിവേഗത്തില്‍ ലോകമാകെ വ്യാപിച്ചത് നമ്മള്‍ കണ്ടതാണ്. രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന യുദ്ധങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, വരള്‍ച്ച, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ ഇവയെല്ലാം രാജ്യങ്ങളുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. പുതിയ കാലഘട്ടത്തില്‍ കൊറോണ വൈറസ് ലോകസമ്പദ്ഘടനയെ എത്ര­വേഗത്തില്‍ സ്വാധീനിക്കുന്നു എന്നത് നമ്മള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. ചൈനയില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെയാകെ ഭീതിയിലാക്കിയിരിക്കുന്നു. ഈ ഭീതി എല്ലാരംഗത്തും വന്‍ചലനങ്ങള്‍ സൃഷ്ടിക്കുന്നു എന്നുമാത്രമല്ല സാമ്പത്തികരംഗത്തെ പിടിച്ചുലയ്ക്കുകയും ചെയ്യുന്നു. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി ചൈനയാണ്. ഇനി പത്തുവര്‍ഷം കഴിയുമ്പോള്‍ ഈ രംഗത്ത് ചൈന ഒന്നാംസ്ഥാനക്കാരായി മാറുമെന്ന ഭീതി അമേരിക്കയെ വേട്ടയാടുന്നുണ്ട്.

കഴിഞ്ഞ മൂന്നു ദശാബ്ദത്തിലധികമായി ജിഡിപി വളര്‍ച്ചയില്‍ ചൈനയ്ക്കടുത്തെത്താന്‍ ലോകത്തെ പ്രധാനപ്പെട്ട ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. എന്നാല്‍ പുതിയ സാഹചര്യത്തി­ല്‍ ചൈനയുടെ വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് സൂചന. ചൈനയുടെ വളര്‍ച്ചയും തളര്‍ച്ചയും ഇന്ത്യയെ ആഴത്തില്‍ സ്വാധീനിക്കുന്നു എന്നതാണവസ്ഥ. സാമ്പത്തിക കാര്യത്തില്‍ ഇത് വളരെ പ്രകടമാണ്. കാര്‍ഷികമേഖല മുതല്‍ ഐടി മേഖലവരെ സമസ്ത മേഖലകളിലും ഈ സ്വാധീനം കാണാം. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ 14.08 ശതമാനം ചൈനയില്‍ നിന്നാണ്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇത് 25 ശതമാനമായി ഉയരുമെന്നാണ് സൂചന. പക്ഷെ, ഇവിടെ ഇന്ത്യക്കു സന്തോഷിക്കാന്‍ ഒന്നുമില്ല എന്നതാണ് വസ്തുത. കാരണം, 14.08 ശതമാനം ചൈനയില്‍ നിന്നുള്ള ഇറക്കുമതിയാണെങ്കില്‍ ചൈനയിലേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 4.97 ശതമാനം മാത്രമാണ്. നമ്മുടെ ദൗര്‍ബല്യം തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്. ഒരു വര്‍ഷം 6.65 ലക്ഷംകോടി രൂപയുടെ വ്യാപാരമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ഇലക്ട്രിക് മെഷീനുകള്‍, ഇലക്ട്രോണിക് ഉല്പന്നങ്ങള്‍, സോളാര്‍ പാനലുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, വാഹനങ്ങള്‍, വാഹനങ്ങളുടെ ആക്സസറികള്‍, ബാറ്ററികള്‍, സ്റ്റീല്‍, ഇരുമ്പ്, കാര്‍ഷികോല്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍, ടി വി, മൊബൈല്‍ ഫോണ്‍, ആധുനിക അച്ചടി ഉപകരണങ്ങള്‍ തുടങ്ങി ധാരാളം സാധനങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി ചെയ്യുന്നു. ഓരോ വര്‍ഷവും 17 കോടി സ്മാര്‍ട്ട് ഫോണുകളാണ് ചൈനയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നത്. ഉപകരണങ്ങള്‍ വാങ്ങി ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നത് സര്‍വസാധാരണമാണ്. കൊറോണ വൈറസ് മൂലം ആയിരങ്ങള്‍ ചൈനയില്‍ മരണമട‌ഞ്ഞത് സാമ്പത്തികമായും ചൈനയെ തളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ഉല്പാദനം കുറയാന്‍ തുടങ്ങിയിരിക്കുന്നു. സ്വാഭാവികമായും കയറ്റുമതിയും കുറഞ്ഞു.

ടൂറിസ്റ്റുകളുടെ വരവില്‍ വന്‍ കുറവുണ്ടായി. പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അതിവേഗം ലോകമാര്‍ക്കറ്റ് കീഴടക്കിക്കൊണ്ടിരുന്ന ചൈന കിതയ്ക്കുമ്പോള്‍, ആ രംഗത്ത് പകരം വരേണ്ട രാജ്യം ചൈനകഴിഞ്ഞാ­ൊല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയും അധ്വാനശക്തിയും ഉള്ള ഇന്ത്യയാണ്. എന്നാല്‍ ഇന്ത്യക്ക് അതിന് കഴിയുന്നില്ല എന്നു മാത്രമല്ല, ചൈനയുടെ പ്രതിസന്ധി ഇന്ത്യയുടേയും പ്രതിസന്ധിയായി നാള്‍ക്കുനാള്‍ വളരുകയും ചെയ്യുന്നു. ചൈനയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങി ഇന്ത്യയില്‍ അസംബിള്‍ ചെയ്തുകൊണ്ടിരുന്ന നൂറുകണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഇലക്ട്രോണിക് ഉല്പന്നങ്ങളുടെയും മൊബൈല്‍ ഫോണിന്റെയും എല്ലാം വരവു കുറഞ്ഞപ്പോള്‍ വില്പനയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നു. ഇത് ജിഎസ്‌ടി വരുമാനത്തെ ബാധിക്കും. ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ ഇല്ലാതാക്കും. രാജ്യത്തിന്റെ വളര്‍ച്ചാനിര­ക്ക് കുറ­യുകയാണ്. തൊഴിലില്ലായ്മയും രൂക്ഷമാവുന്നു. സാമ്പത്തികമാന്ദ്യം കരുത്താര്‍ജ്ജിക്കുകയും പ­ണ­പ്പെരുപ്പവും വിലക്കയറ്റവും വര്‍ധിക്കുകയും ചെയ്യുന്നു. രൂ­പയുടെ മൂല്യം ഇടിഞ്ഞ് ആഭ്യന്തരകടം കുത്തനെ ഉയരുന്നു. അതനുസരിച്ച് പലിശ നല്‍കേണ്ട തുക വര്‍ധിക്കുന്നു. ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുന്നു. ദാരിദ്ര്യം ശക്തിപ്രാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ സാഹച­ര്യ­ത്തിൽ കൊറോണ വൈറസിന്റെ പുതി­യ സാഹചര്യം ഇന്ത്യയെ, കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് ന­യിക്കും. എല്ലാ അര്‍ത്ഥത്തിലും വലിയ പ്രതിസന്ധിയാണ് ചൈന നേരിടുന്നതെങ്കിലും അതിവേഗത്തില്‍ അവര്‍ അതിനെ മറികടക്കാനാണ് സാധ്യത.

സാമ്പത്തികരംഗത്തും മറ്റു മേഖലകളിലും ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ ആഴത്തില്‍ പഠിക്കുവാനോ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താനോ പ്രാപ്തമല്ല ബിജെപി സര്‍ക്കാര്‍ എന്നത് വ്യക്തമാണ്. അമേരിക്കയും ചൈനയും തമ്മില്‍ രൂക്ഷമായ വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ഇന്ത്യയുടെ മുന്നില്‍ വലിയ അവസരം വന്നുചേര്‍ന്നതാണ്. ജര്‍മ്മനി, നെതര്‍ലാന്റ്സ്, ശ്രീലങ്ക തുടങ്ങിയ ചെറിയ രാജ്യങ്ങള്‍ പോലും ഈ അവസരം ഉയോഗപ്പെടുത്താന്‍ ജാഗ്രതയോടെ രംഗത്തുവന്നപ്പോള്‍ ഇന്ത്യ തികച്ചും നിഷ്ക്രിയമായി നിന്നു. അതിന്റെ ഫലമായാണ് കയറ്റുമതി കുറഞ്ഞതും ഇറക്കുമതി കൂടിയതും കടക്കെണിയിലേയ്ക്ക് രാജ്യം മൂക്കുകുത്തിയതും. ഇന്ത്യന്‍ സമ്പദ്ഘടനക്ക് എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് യാതൊരു തിരിച്ചറിവുമില്ലാത്ത ഒരു ധനകാര്യമന്ത്രിയാണ് നമുക്കുള്ളതെന്ന് അവര്‍ അവതരിപ്പിച്ച രണ്ട് ബജറ്റുകളിലൂടെ രാജ്യത്തിന് ബോധ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അവരുടെ രഹസ്യ അജണ്ടകള്‍ നടപ്പിലാക്കാന്‍ നല്ല പ്രാപ്തിയുണ്ടെങ്കിലും ജനങ്ങളുടെ മൗലികമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ പൂര്‍ണ പരാജയമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അവരുടെ കഴിവുകേടും ദീര്‍ഘവീക്ഷണമില്ലായ്മയും അശാസ്ത്രീയവും കാലത്തിനു നിരക്കാത്തതുമായ വികലധാരണകളും രാജ്യത്തിന് വലിയ ദുരന്തമാണ് വരുത്തിവച്ചിരിക്കുന്നത്. ഏതായാലും ജനങ്ങള്‍ ഇത് തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ആശ്വാസകരമായ സംഗതി.