June 26, 2022 Sunday

അനാഥമായ തെരുവിൽ അനാഥമായി മൃതദേഹം; തിരിഞ്ഞ് പോലും നോക്കാതെ ആളുകൾ

By Janayugom Webdesk
January 31, 2020

ലോകത്തെയാകമാനം മുൾമുനയിൽ നിർത്തി കൊറോണ പടർന്നു പിടിക്കുന്നതിനിടയിൽ ചൈനയിൽ വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ വാർത്തകളിൽ ഇപ്പോൾ ഇടം പിടിക്കുന്നത് കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാൻ നഗരമാണ്. ആളൊഴിഞ്ഞ തെരുവില്‍ കയ്യിലൊരു പ്ലാസ്റ്റിക് ബാഗുമായി മുഖം മറച്ച നരച്ച തലമുടിയുള്ള ഒരാള്‍ മരിച്ചു കിടക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

കൊറോണ ഭീതിയിൽ നഗരം മുഴുവൻ ഒഴിഞ്ഞ് കിടക്കുമ്പോഴും വിരലിലെണ്ണാവുന്നവർ തെരുവിലൂടെ സഞ്ചരിക്കുന്നുണ്ട്. എന്നാൽ പൂട്ടിക്കിടക്കുന്ന ഫര്‍ണിച്ചര്‍ ഷോപ്പിന് മുന്നിലൂടെ പോകുന്നവർ മരിച്ചുകിടക്കുന്നയാളെ ഒന്ന് നോക്കുന്നതല്ലാതെ മറ്റൊന്നും തന്നെ ചെയ്യുന്നില്ല. എഎഫ്‍പിയിലെ മാധ്യമപ്രവര്‍ത്തകന്‍ വിവരമറിയച്ചതിനെ തുടർന്ന് ഒരു എമര്‍ജന്‍സി വാഹനം എത്തുകയും മൃതദേഹം ഒരു നീലപുതപ്പിനുള്ളിലാക്കി കൊണ്ടുപോകുകയും ആയിരുന്നു. അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഇയാൾ മരിച്ചതെങ്ങനെയെന്നുള്ള കാര്യത്തിൽ എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

ലോകത്താകമാനമായി 9700 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ലോക ആരോഗ്യ സംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാർഥിനിക്കാണ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാൾ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാൻ ചൈന ആവശ്യമായ നടപടികൾ കൈക്കൊണ്ടുവരുന്നുണ്ട്.

എന്നാൽ, ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും ലോകാരോഗ്യ സംഘടന തലവൻ ഗബ്രിയേസസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Coro­n­avirus, dead man found on street in Wuhan.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.