കൊറോണ: മരണം 1523 ആയി, ഇന്നലെ മാത്രം മരിച്ചത് 143 പേർ, 1716 ആരോഗ്യ പ്രവർത്തകര്‍ക്ക് വൈറസ് ബാധയേറ്റു

Web Desk

ബീജിങ്

Posted on February 15, 2020, 9:28 am

ചൈനയില്‍ പടർന്നുപിടിച്ച കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1523 ആയി. ചൈനയിൽ ഇന്നലെ മാത്രം മരിച്ചത് 143 പേരാണ്. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ചൈനയില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 2641 പേര്‍ക്കാണ്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 66,492 ആയി.

അതേസമയം ചൈനയിലെ 1,716 ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. ആറ് പേർ മരിക്കുകയും ചെയ്തു. ചൈനയില്‍ വൈറസ് ബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും വുഹാനിലെ ആശുപത്രിയില്‍ ജോലിചെയ്യുന്നവരാണെന്നാണ് കണക്കുകള്‍. നഗരത്തില്‍ 1102 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വൈറസ് ബാധയേറ്റതെന്ന് ദേശീയ ആരോഗ്യകമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഷെങ് യിഷിന്‍ പറഞ്ഞു. മറ്റുള്ളവര്‍ ഹുബൈ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലുള്ളവരാണ്.

കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ഹ്യൂബെയിൽ മാത്രം 56 ദശലക്ഷം ജനങ്ങളാണ് വീട്ടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ബീജിങ്ങിലെത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു. അതിനിടെ കൊറോണ വൈറസ് ആഫ്രിക്കയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഈജിപ്തിൽ കൊറോണ സ്ഥിരീകരിച്ചു. കൊറോണ പടരുന്ന പശ്ചാത്തലത്തിൽ സാൻഫ്രാൻസിസ്കോയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഫെയ്സ്ബുക്ക് ഉച്ചകോടി മാറ്റിവെച്ചു. ലോകത്ത് 28 ഓളം രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറമെ, ഫിലിപ്പീൻസ്, ഹോങ്കോങ്, ജപ്പാൻ എന്നിവിടങ്ങളിൽ കൊറോണ ബാധിച്ച് ഓരോരുത്തർ മരിച്ചിരുന്നു.

Eng­lish Sum­ma­ry; Coro­n­avirus: Death toll in Chi­na 1523, virus has infect­ed 1716 health­care work­ers

YOU MAY ALSO LIKE THIS VIDEO