കെ രംഗനാഥ്

ദുബായ്

March 05, 2020, 10:25 pm

കൊറോണ: ഗള്‍ഫിലെ സമ്പദ് വ്യവസ്ഥകള്‍ ഉലയുന്നു

ലോക്കൗട്ടുകളും ലേഓഫുകളും ഉണ്ടാകുമെന്ന് ആശങ്ക
Janayugom Online

അതിവേഗം പടരുന്ന കൊറോണ വൈറസ് ഗള്‍ഫ് രാജ്യങ്ങളിലെ അതിശക്തമായ എണ്ണ സമ്പദ്‌വ്യവസ്ഥകളെ പിടിച്ചുലയ്ക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ പണിയെടുക്കുന്ന ഈ മേഖലയില്‍ ലോക്കൗട്ടുകളും ലേഓഫുകളും വ്യാപകമാകുമെന്നും ആശങ്ക പടരുന്നു. നാട്ടില്‍ അവധിക്കുപോയശേഷം തിരികെയെത്തുന്നവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവേശനാനുമതി നിഷേധിച്ചേക്കുമെന്ന ആശങ്ക വേറെ. യുഎഇയും സൗദി അറേബ്യയുമടക്കമുള്ള ആറു രാജ്യങ്ങളിലും കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. സൗദിഅറേബ്യയുടെ ഏറ്റവും വലിയ എണ്ണയേതരവരുമാനം ഹജ്ജ്-ഉംറാ തീര്‍ത്ഥാടനത്തില്‍ നിന്നാണ്. എന്നാല്‍ മക്ക‑മദീന പുണ്യനഗരങ്ങളിലേയ്ക്കുള്ള വിദേശികളുടെ തീര്‍ത്ഥാടനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഈയിനത്തിലുള്ള 1.35 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണുണ്ടായിരിക്കുന്നത്.

90 ലക്ഷം തീര്‍ത്ഥാടകരാണ് ഉംറയ്ക്കും ഹജ്ജിനുമായി പ്രതിവര്‍ഷം സൗദിയില്‍ എത്തുന്നതെന്നാണ് കണക്ക്. തീര്‍ത്ഥാടന വിലക്കു വന്നതോടെ ഈ വിശുദ്ധനഗരങ്ങളില്‍ തീര്‍ത്ഥാടകരെ ആശ്രയിച്ചുള്ള വിവിധയിനം ബിസിനസുകള്‍ നടത്തുന്ന നൂറുകണക്കിനു സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിക്കിടക്കുന്നത്. ഇതുമൂലം ആയിരങ്ങളാണ് തൊഴില്‍രഹിതരായത്. നാട്ടില്‍ പോയി തിരിച്ചു വരാമെന്നു വെച്ചാല്‍ അപ്പോള്‍ പ്രവേശനാനുമതി നിഷേധിക്കപ്പെടുമോ എന്ന ഭയത്താല്‍ മലയാളികളടക്കമുള്ള പ്രവാസിസഹസ്രങ്ങളാണ് സൗദിയില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ്-19 ബാധിത രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇതുമൂലം പണി ചെയ്യാതെ തന്നെ ജീവനക്കാര്‍ക്കു വേതനം നല്‍കേണ്ടിവരുന്നു. ഇതുകണക്കിലെടുത്ത് ഗള്‍ഫ് വിമാനക്കമ്പനികള്‍ തല്ക്കാലം ലേഓഫ് പ്രഖ്യാപിച്ചേക്കുമെന്ന സൂചനകളുമുണ്ട്.

വ്യോമയാന ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുള്ള ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ എമിറേറ്റ്സിനും എത്തിഹാദിനും മടക്കമുള്ള ഗള്‍ഫ് എയര്‍ലൈനുകള്‍ക്ക് ചുരുങ്ങിയ ദിവസങ്ങളിലെ വരുമാന നഷ്ടം എണ്ണായിരം കോടിയോളം രൂപയാണ്. വിദേശ വ്യോമഗതാഗതം ഏതാണ്ടു സ്തംഭിച്ചതിനെത്തുടര്‍ന്ന് പ്രവാസികള്‍ക്ക് അടിയന്തരാവശ്യങ്ങള്‍ക്കായി നാട്ടിലേക്കുപോകാനുമാകുന്നില്ല എന്ന അവസ്ഥ. യുഎഇ തുടങ്ങിയ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള വിനോദസഞ്ചാരികളുടെ സംഖ്യയും ഗണ്യമായി കുറഞ്ഞു. ഇതും ഈ മേഖലയിലെ സമ്പദ്‌വ്യവസ്ഥകള്‍ക്ക് വരുത്തിയ ആഘാതം ചില്ലറയല്ല. കണക്കുകൂട്ടിയതിലും ഏറെയാണ് ഗള്‍ഫിലും മധ്യപൂര്‍വദേശത്തും വൈറസ് ആക്രമണം ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എന്ന് എംയുഎഫ്ജി ബാങ്കിലെ ഗവേഷണ-തന്ത്രവിഭാഗം മേധാവിയായ എഹ്സാന്‍ ഖൊമാന്‍ പറയുന്നു.

ഇതുമൂലം ഈ വര്‍ഷം ഗള്‍ഫ് മേഖലയിലെ ശരാശരി ദേശീയ വരുമാന നിരക്ക് 2.8 ശതമാനത്തില്‍ നിന്നും 1.7 ശതമാനമായി ഇടിയുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇത് തൊഴില്‍ദാന മേഖലയെ പിടിച്ചുലയ്ക്കും. പണിയില്ലാതാകുന്ന പതിനായിരക്കണക്കിനു പ്രവാസികളില്‍ മഹാഭൂരിഭാഗവും മലയാളികളായിരിക്കുമെന്നതും സംഭ്രാന്തിപരത്തുന്നു. വ്യോമ‑നിരത്തു ഗതാഗത രംഗത്ത് ഇന്ധന ഉപഭോഗത്തില്‍ വന്ന ഞെട്ടിപ്പിക്കുന്ന കുറവും വൈറസ് ബാധിതം തന്നെയെന്ന് അബുദാബി കമേഴ്സ്യല്‍ ബാങ്കിലെ മുഖ്യ സാമ്പത്തിക കാര്യ വിദഗ്ധയായ മോണിക്കാ മാലിക് പറയുന്നു. ഇതുമൂലം ഗള്‍ഫ് മേഖലയടക്കം ആഗോള വ്യാപകമായി എണ്ണ കയറ്റുമതി കുറഞ്ഞു. ചൈനയിലേക്കു മാത്രം സൗദിയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ പ്രതിമാസം അഞ്ച് ലക്ഷം ബാരലിന്റെ കുറവാണുണ്ടാകുന്നത്. കൊറോണ ആക്രമണത്തെത്തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ എണ്ണവിലയില്‍ 14 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. എണ്ണ വ്യവസായത്തെ ആശ്രയിച്ചു പണിയെടുക്കുന്ന ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് ഇതും ഒരു പ്രഹരമാവും. ഇതനുസരിച്ച് ഉല്പാദനത്തില്‍ കുറവു വരുത്താന്‍ എണ്ണ ഉല്പാദകരാജ്യങ്ങള്‍ തീരുമാനിച്ചിട്ടും അനുദിനം എണ്ണവില താഴേക്ക് നിപതിക്കുന്നതും ഗള്‍ഫ് സമ്പദ്‌വ്യവസ്ഥകളില്‍ ഉണ്ടാക്കുന്ന ആഘാതം ചില്ലറയല്ലെന്നും അവര്‍ കരുതുന്നു.

Eng­lish Sum­ma­ry; Coro­n­avirus impact on Gulf economies

YOU MAY ALSO LIKE THIS VIDEO