June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കൊറോണ വ്യാപാരമേഖലയുടെ നടുവൊടിക്കുന്നു

By Janayugom Webdesk
February 4, 2020

ചൈനയിലെ കൊറോണ വൈറസ് ബാധ ചൈനയുടെ സമ്പദ് വ്യവസ്ഥയെപോലെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേയും ബാധിക്കുന്നതായി റിപ്പോർട്ട്. ഏഷ്യൻ രാജ്യങ്ങളിലെ ഓഹരിവിപണികളിൽ വൻ തകർച്ചയാണ് നേരിടുന്നത്. കൊറോണ ആഗോള ഉപഭോഗത്തെയും, ഉല്പാദന വളര്‍ച്ചയെയുമെല്ലാം പിന്നോട്ടടിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ലോകത്തിന്റെ പ്രധാനപ്പെട്ട ബിസിനസ് ഹബ്ബും, ഉല്പാദന കേന്ദ്രവുമായ ചൈനയിൽ വൈറസ് ബാധ കടുത്ത ആഘാതമാണ് ഏൽപിച്ചിരിക്കുന്നത്. മരുന്നുകൾ, വാഹനങ്ങൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണ മേഖലയെ കൊറോണ പ്രതികൂലമായി ബാധിക്കുന്നതായി ഏഷ്യാ ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രതിവർഷം 70 ബില്യൺ അമേരിക്കൻ ഡോളറിന്റെ ഇറക്കുമതിയാണ് ചൈനയിൽ നിന്നും ഇന്ത്യ നടത്തുന്നത്.

ഇന്ത്യയിൽ നിന്നും 17 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ചൈനയിലേയ്ക്കുള്ളത്. ചൈനയിൽ നിന്നുള്ള രാസവസ്തുക്കളുടെ ഇറക്കുമതി നിലച്ചതിനെ തുടർന്ന് വൈറ്റമിൻ ഗുളികൾ, പെൻസിലിൻ, അമോക്സസിലിൻ, ആംപിസിലിൻ, ടെട്രാ സൈക്ലിൻ തുടങ്ങിയ മരന്നുകളുടെ നിർമ്മാണം പ്രതിസന്ധിയിലായി. കൊറോണ ബാധയെ തുടർന്ന് പുതുവൽസര അവധി ഈമാസം പകുതിവരെ നീട്ടിയത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. പുതുവൽസര അവധി മുന്നിൽക്കണ്ട് ഇന്ത്യയിലെ മരുന്നുകമ്പനികൾ ഒരു നിശ്ചിത അളവ് രാസവസ്തുക്കൾ സ്റ്റോക്ക് ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തെ ദീർഘിപ്പിച്ച അവധിയാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.

you may also like this video;

ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും രാസവസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടിവരും. ഇത് മരുന്നുകളുടെ വില ഗണ്യമായി വർധിക്കാൻ കാരണമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ടെലിവിഷൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലയും ഗണ്യമായി വർധിക്കും. രാജ്യത്ത് വിറ്റഴിക്കുന്ന ടെലിവിഷൻ സെറ്റുകളിൽ ഉപയോഗിക്കുന്ന 85 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മൊബൈൽ ഫോണുകളുടെ ഡിസ്പ്ളേകൾ, ഓപ്പൺ ടിവി പാനലുകൾ, സർക്ക്യൂട്ട് ബോർഡുകൾ, മെമ്മറി കാർഡുകൾ, എൽഇഡി ചിപ്പുകൾ, എസികളിൽ ഉപയോഗിക്കുന്ന കംപ്രസറുകൾ, വാഷിങ് മെഷീനുകളുടെ വിവിധ ഭാഗങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്.

ടെലിവിഷനുകളിൽ ഉപയോഗിക്കുന്ന 75 ശതമാനം, ഫോണുകളിൽ ഉപയോഗിക്കുന്ന 85 ശതമാനം ഭാഗങ്ങളും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. കൊറോണ ബാധയെ തുടർന്ന് ചൈനയിലെ നിർമ്മാണ കമ്പനികൾ ഭൂരിഭാഗവും അടച്ചുപൂട്ടിയെന്ന് ഏഷ്യാ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ചില കമ്പനികൾ സാധനങ്ങളുടെ വില ഇതിനകം വർധിപ്പിച്ചതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍, മത്സ്യം എന്നീ കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ആശങ്കകള്‍ ബാധിച്ചിട്ടുണ്ട്.

you may also like this video;

ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചു; മന്ത്രി

സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സാന്നിദ്ധ്യം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ഹോട്ടൽ ബുക്കിങ്ങിൽ അടക്കം വ്യാപകമായ കുറവുവന്നിട്ടുണ്ട്. ക്യാൻസലേഷനുകളും വർധിച്ചു. നിപ വൈറസിനേക്കാൾ വ്യാജ പ്രചരണങ്ങളാണ് കൊറോണയുടെ കാര്യത്തിൽ സംസ്ഥാനത്ത് ഉണ്ടാകുന്നത്. 2018ലെ പ്രളയത്തിന് ശേഷം ടൂറിസം മേഖല ഏറെ മുന്നോട്ടുപോയെങ്കിലും ചില ദേശീയ മാധ്യമങ്ങളടക്കം പഴയ ചിത്രങ്ങളാണ് ഇപ്പോഴും പുറത്തുവിടുന്നത്. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളാണ് കേരളത്തിലെന്ന് സഞ്ചാരികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ വകുപ്പ് തലത്തിൽ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

Eng­lish sumam­ry: Coro­n­avirus infec­tion is affect­ing Indi­a’s econ­o­my as well as Chi­na’s economy.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.