July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

കൊറോണ; ലോക സമ്പദ്‌വ്യവസ്ഥ തകിടം മറിയുന്നു

By Janayugom Webdesk
February 16, 2020

ചൈനയിൽ പടരുന്ന കൊറോണ വൈറസ് ബാധ ലോകസമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്നു. ലോക സമ്പദ് വ്യവസ്ഥയിൽ 0.1 മുതൽ 0.2 ശതമാനം വരെ കുറവുണ്ടാകുമെന്ന് ഗ്ലോബൽ വിമൻസ് ഫോറം ദുബായിൽ സംഘടിപ്പിച്ച ശില്പശാലയിൽ അന്താരാഷ്ട്ര നാണയനിധി( ഐഎംഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റിലിന ജോർജീവിയ പറഞ്ഞു. നിലവിൽ കൊറോണ വൈറസ് ബാധമൂലം 1,666 പേർ മരിച്ചു. രോഗത്തിന്റെ വ്യാപനം തടയാൻ എത്രമാത്രം കഴിയുമെന്നതിന്റെ അടിസ്ഥാനത്തിലാകും ഇതിന്റെ സാമ്പത്തിക ആഘാതം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് 2.9 ശതമാനമായിരുന്നു. 2020ൽ ഇത് 3.3 ശതമാനമായി വർധിക്കുമെന്നാണ് വേൾഡ് ഇക്കണോമിക് ഔട്ട് ലുക്കിൽ ഐഎംഎഫ് പറയുന്നത്. നേരത്തെ വളർച്ചാ നിരക്ക് 3.4 ശതമാനമായി ഉയരുമെന്നായിരുന്നു ഐഎംഎഫ് പ്രവചനം. എന്നാൽ കോറോണ വൈറസിന്റെ വ്യാപനം വളർച്ചാ നിരക്കിൽ 0.1 ശതമാനം കുറവ് വരുത്താൻ ഐഎംഎഫിനെ പ്രേരിപ്പിച്ചു.

ആഗോളതലത്തിൽ വിനോദസഞ്ചാരം, ഗതാഗതം എന്നീ മേഖലകളെ കൊറോണ വൈറസ് ബാധിച്ചു. 2002 ൽ സാർസ് രോഗം ചൈനയുടെ സമ്പദ് വ്യവസ്ഥയെ എട്ട് ശതമാനം ബാധിച്ചെങ്കിൽ ഇപ്പോൾ അത് 19 ശതമാനമായി. ലോകത്തിലെ പ്രമുഖ സാമ്പത്തിക ശക്തികളായ അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാർ കൊറോണ വൈറസിന്റെ സാമ്പത്തിക മേഖലയിലെ സ്വാധീനം കുറയ്ക്കാൻ കാരണമായതായും ജോർജീവിയ പറഞ്ഞു. ചൈനയിൽ ദശലക്ഷക്കണക്കിന് വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടുണ്ട്. ദിനംപ്രതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരങ്ങൾക്കാണ് രോഗം പടർന്ന് പിടിക്കുന്നതെന്ന് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ഫിനാൻഷ്യൽ ആന്റ് ഇക്കണോമിക് അഫയേഴ്സ് വൈസ് ചെയർമാൻ ഹുവാൻ ഖിഫാൻ പറയുന്നു.

കൊറോണ വൈറസ് ( കൊവിഡ്19) വ്യാപിക്കുന്നത് തടയുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തെ ചെറുകിട വ്യവസായങ്ങൾ പൂർണമായി തകരുമെന്നാണ് റിപ്പോർട്ട്. സേവന മേഖലയും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. സിനിമാ ശാലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായി. ചൈനയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ 11 ശതമാനം പ്രദാനം ചെയ്യുന്ന വിനോദസഞ്ചാര മേഖല ആകെ തകർന്നു. ചൈനയിലെ ടൂറിസം മേഖലയിൽ 100 ദശലക്ഷം പേരാണ് പ്രത്യക്ഷമായും പരോക്ഷമായും പണിയെടുക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്മ രൂക്ഷമായിട്ടുണ്ട്. ചൈനയുടെ മൊത്തം ആഭ്യന്തര ഉല്പാദനം ആറ് ശതമാനമാകുമെന്നായിരുന്നു നേരത്തെ സാമ്പത്തിക വിദഗ്ധർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ പരമാവധി നാല് ശതമാനമായി പരിമിതപ്പെടുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. പരിമിതമായ സമയത്തിനുള്ളിൽ കൊറോണ വൈറസ് ബാധ ചൈനയുടെ ജിഡിപിയിൽ രണ്ട് ശതമാനം കുറവ് വരുത്തിയത് സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.