Web Desk

ബെയ്ജിങ്

January 23, 2020, 10:05 am

കൊറോണ വൈറസ്; മുൻകരുതൽ നടപടികളുമായി ചൈന, മരണം 17 ആയെന്ന് റിപ്പോർട്ടുകൾ

Janayugom Online

രാജ്യത്ത് 440 പേർക്ക് കൊറോണ വൈറസ് ബാധയുണ്ടായതായി ചൈന സ്ഥിരീകരിച്ചു. മരണം പതിനേഴായി. കൂടുതൽ പേരിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയാനുള്ള മുൻകരുതൽ നടപടികൾ അധികൃതർ സ്വീകരിച്ച് തുടങ്ങി. രാജ്യം അതീവ ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൈനയുടെ ആരോഗ്യ കമ്മിഷൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡിസംബറിൽ വൈറസ് ബാധ ഉണ്ടായ ശേഷം നടത്തുന്ന ആദ്യ വാർത്താസമ്മേളനമാണിത്. വുഹാനിലെ ജനങ്ങൾ നഗരത്തിന് പുറത്ത് പോകരുതെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. രോഗം പടരാനുള്ള സാധ്യത ഏറെക്കൂടുതലാണെന്ന് കമ്മിഷന്റെ ഉപാധ്യക്ഷൻ ലി ബിൻ പറഞ്ഞു. ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴി‍ഞ്ഞാഴ്ച ഉണ്ടായതിന്റെ മൂന്ന് മടങ്ങ് പേരിലേക്ക് വൈറസ് സംക്രമിച്ച് കഴിഞ്ഞു. പതിമൂന്ന് പ്രവിശ്യകളിൽ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബെയ്ജിങ്, ഷങ്ഹായി, ചോങ്ഗ്വിങ്, ടിയാൻജിൻ മുനിസിപ്പാലിറ്റികളിലും വൈറസ് ബാധയുണ്ട്. ഹുബെയ് പ്രവിശ്യയിലുള്ളവരാണ് മരിച്ച ഒൻപത് പേരും. വൈറസ് ബാധയുള്ളവരുമായി അടുത്തിടപഴകിയ രണ്ടായിരം പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 1,394 പേർ നിരീക്ഷണത്തിലാണ്. കമ്പോളത്തിൽ നിന്നാണ് വൈറസ്ബാധ ഉണ്ടായതെന്നാണ് നിഗമനം. അത് കൊണ്ട് തന്നെ കോഴി ഇറച്ചി വിൽപ്പന നിരോധിച്ചിട്ടുണ്ട്. വന്യമൃഗങ്ങളെയും കോഴികളെയും വുഹാൻ പ്രവിശ്യയിലേക്ക് കൊണ്ടുവരുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

you may also like this video;