Saturday
23 Mar 2019

പുതിയ കുതന്ത്രം-കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം കുറയ്ക്കുന്നതിന്

By: Web Desk | Sunday 19 November 2017 11:17 PM IST


ന്യൂഡല്‍ഹി:

കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം കുറയ്ക്കുന്നതിന് ബാങ്കുകളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കുതന്ത്രങ്ങള്‍ കണ്ടെത്തുന്നു. വായ്പ തിരിച്ചടയ്ക്കാനാകാത്ത കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി നിക്ഷേപം നടത്തുകയാണ് പുതിയ തന്ത്രം. കോര്‍പ്പറേറ്റു സ്ഥാപനങ്ങളില്‍ ഓഹരിയെടുക്കുകയും അതുവഴി സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഇതോടെ കിട്ടാക്കടത്തിലേയ്ക്ക് തുക വരവ് വയ്ക്കുന്നതിനും പുതിയ വായ്പകള്‍ നേടിയെടുക്കുന്നതിനും ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധ്യമാകും. ഓഹരികള്‍ വരുമാനമായി കാട്ടുമ്പോള്‍ ബാക്കിപത്രത്തില്‍ നഷ്ടമെന്നത് ലാഭത്തിലെന്നായി മാറുകയും അതിലൂടെ കൂടുതല്‍ ഓഹരികള്‍ കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും.
ഇതിന്റെ ഭാഗമായി ഭൂഷണ്‍ സ്റ്റീല്‍സിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒഡിഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുറത്തുവന്ന കണക്കുകളനുസരിച്ച് പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വായ്പാ കുടിശിക വരുത്തിയ സ്ഥാപനമാണ് ഭൂഷണ്‍ സ്റ്റീല്‍സ്. 44,478 കോടി രൂപയാണ് ഈ സ്ഥാപനത്തിന്റെ കുടിശിക. പ്രതിസന്ധി നേരിടുന്ന ഈ സ്ഥാപനത്തില്‍ ഓഹരി നിക്ഷേപം നടത്തണമെന്നാവശ്യപ്പെട്ടാണ് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് കത്തയച്ചത്. ഇതേതുടര്‍ന്ന് ഭൂഷണ്‍ സ്റ്റീല്‍സിന്റെ വൈസ് ചെയര്‍മാന്‍ നീരജ് സിങ്കാളും 26 ശതമാനം ഓഹരിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
സ്വകാര്യസംരംഭകരെ ഓഹരി നിക്ഷേപകരാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെക്കൊണ്ട് ഓഹരിയെടുപ്പിച്ച് ഭൂഷണ്‍ സ്റ്റീല്‍സിനെ സഹായിക്കുന്നതിനുള്ള ശ്രമം നടക്കുന്നത്. കഴിഞ്ഞമാസം എസ്ബിഐ ചെയര്‍മാന്‍ അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കിട്ടാക്കടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള റിസര്‍വ് ബാങ്ക് നടപടികളുടെ ഭാഗമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച് കണ്ടെത്തിയ പരിഹാരമാര്‍ഗമെന്ന് വിശദീകരിച്ചാണ് സംസ്ഥാന സര്‍ക്കാരിനോട് ഓഹരിയെടുക്കുന്നതിനുള്ള അഭ്യര്‍ഥന ചെയര്‍മാന്‍ നടത്തിയിരിക്കുന്നത്.
ഈ സ്ഥാപനം പൊതുസ്വത്തായി കരുതണമെന്നും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനാല്‍ അടച്ചുപൂട്ടല്‍ ഒഴിവാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കൂടി സഹകരിക്കണമെന്നുമാണ് ഓഹരി നിക്ഷേപത്തിനുള്ള കാരണമായി എസ്ബിഐ ചെയര്‍മാന്‍ പറഞ്ഞിരിക്കുന്നത്. മറ്റു സ്റ്റീല്‍ കമ്പനികളോട് ഭൂഷണ്‍ സ്റ്റീല്‍സിന്റെ അസംസ്‌കൃത വസ്തുക്കള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്ബിഐയുടെ ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഇതേ രീതിയില്‍ നരേന്ദ്രമോഡിയുടെ ഉറ്റസുഹൃത്തായ അദാനിയുടെ സ്ഥാപനങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് ഓഹരി നിക്ഷേപം നടത്തിക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) എന്നിവയെക്കൊണ്ട് ഒഡിഷയിലെയും ഗുജറാത്തിലെയും പ്രകൃതിവാതക സംരംഭങ്ങളില്‍ ഓഹരിയെടുപ്പിച്ച് രക്ഷപ്പെടുത്തുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. പൊതുമേഖലയ്ക്ക് ഒരു നിയന്ത്രണവുമില്ലാതെ എന്തിനാണ് വായ്പാ കുടിശിക വരുത്തിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
സാധാരണക്കാരുടെ കുറഞ്ഞ തുകയ്ക്കുള്ള വായ്പാ കുടിശിക ഈടാക്കുന്നതില്‍ വന്‍ ജാഗ്രത കാട്ടുന്ന ബാങ്കുകള്‍ കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം നിശ്ചല ആസ്തിയായി മാറ്റിയും എഴുതിത്തള്ളിയും ഒഴിവാക്കി നല്‍കുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൂടാതെ ഈ നടപടി ബാങ്കുകളുടെ നിലനില്‍പിന് തന്നെ ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കിട്ടാക്കടം അടുത്ത മാര്‍ച്ച് 31 നകം കുറച്ചുകൊണ്ടുവരണമെന്ന് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനെ മറയാക്കിയാണ് കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം കുറച്ചുകൊണ്ടുവരുന്നതിനുള്ള പുതുതന്ത്രം മെനഞ്ഞിരിക്കുന്നത്.

Related News